ഫാക്ട് ചെക്ക്: ഹജ്ജ് തീർഥാടകർക്ക് കേരള സർക്കാർ ബാഗുകൾ നൽകിയോ?

അവശ്യവസ്തുക്കളടങ്ങിയ ബാഗ് സംസ്ഥാന സർക്കാർ വിതരണം ചെയ്തെന്നാണ് പ്രചാരണം

Update: 2025-06-08 08:29 GMT

 ഹജ്ജ് തീർഥാടകർക്ക് കേരള സർക്കാറിന്റെ ബാഗ് വിതരണമെന്ന് പ്രചാരണം


ഇസ്ലാം മത വിശ്വാസികളുടെ ഹജ്ജ് തീർഥാടനം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ജൂൺ നാലിനാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ ആരംഭിച്ചത്. ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി മിനാ താഴ്‌വരയിലെ പിശാചിന്റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കര്‍മ്മം ജൂൺ ആറ് മുതല്‍ ആരംഭിച്ചു. നാല് ദിവസത്തെ കല്ലേറ് കർമത്തിന് ശേഷം ജൂൺ 9ന് ഹജ്ജിന് വിരാമമാവും. കേരളത്തിൽ നിന്ന് മാത്രം പതിനാറായിരത്തിലധികം ഹാജിമാരാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനെത്തിയത്. അതിനിടെ ഹജ്ജ് തീർഥാടകർ തങ്ങൾക്ക് ലഭിച്ച ബാഗും അതിലെ സാധനങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കേരള സർക്കാർ ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ബാഗ് എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

"ശബരിമലയിൽ ആചാര ലംഘനത്തിന് സ്ത്രീകളെ കൊണ്ടുവരുന്നു. KSRTC യിൽ ഇരട്ടി ചർജ്ജ് വാങ്ങുന്നു. വനിതാ മതിൽ കെട്ടിയ്ക്കുന്നു. എന്നാൽ എല്ലാ കടവും തീർത്ത് സ്വന്തം പണം കൊണ്ട് ഹജ്ജിനു പോകേണ്ടവർക്ക് എല്ലാവരുടേയും നികുതി പണം ഉപയോഗിച്ച് എല്ലാ വിധ സൗകര്യങ്ങളും സൗജന്യങ്ങളും നൽകുന്നു. വല്ലാത്ത മതേതര സർക്കാർ തന്നെ.. " എന്ന വിവരണത്തോടെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ടെന്ന അവകാശവാദത്തോടെയാണ് വീഡിയോ വൈറലാകുന്നത്. പോസ്റ്റും ലിങ്കും ചുവടെ.



 






 



Full View


വസ്തുത പരിശോധന:

ഹജ്ജ് തീർഥാടകർക്ക് കേരള സർക്കാർ ബാഗ് വിതരണം ചെയ്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. സ്വകാര്യ കമ്പനിയാണ് ഹാജിമാർക്ക് ബാഗ് വിതരണം ചെയ്തതെന്ന് കണ്ടെത്തി.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ silvan.musthafa എന്ന  ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഹാജിമാർക്ക് എല്ലാ സൗകര്യവും ഓരോ വർഷവും മികച്ചതാക്കി നൽകുന്ന സൗദി സർക്കാർ എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യത്തിലുള്ള ഹാജി തങ്ങൾക്ക് ലഭിച്ച ബാഗിലെ സാധനങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. കണ്ണാടി, നെയില്‍ കട്ടര്‍, ചെരിപ്പ്, മുസല്ല, കുട, വാട്ടര്‍ ബോട്ടില്‍, വാട്ടര്‍ സ്‌പ്രേ തുടങ്ങി ജംറയിൽ എറിയാനുള്ള കല്ലുകളുൾപ്പടെ അടങ്ങിയതാണ് ബാഗ്. എന്നാൽ ബാഗ് സൌദി സർക്കാർ നൽകുന്നതാണോ എന്ന സംശയം കമന്റ് ബോക്സിൽ ചിലർ ഉയർത്തുന്നുണ്ട്.



 വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ബാഗിൽ 'Al Bait Guests' എന്ന് എഴുതിതായി കണ്ടു. തുടർന്നുള്ള അന്വേഷണത്തിലൂടെ അൽ ബൈത്ത് ഗസ്റ്റ്സ് എന്നത് ഹജ്ജ് സേവനങ്ങൾ നൽകുന്ന ഒരു സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായി. ഹജ്ജ് തീർഥാടനത്തിനെത്തുന്നവർക്ക് ബുക്ക് ചെയ്തത് മുതൽ ഹജ്ജ് കർമം നിർവഹിക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും നൽകുന്ന കമ്പനിയാണ് അൽ ബൈത്ത് ഗസ്റ്റ്സ്.


ഹജ്ജുമായി ബന്ധപ്പെട്ട് സേവനങ്ങൾ ഉറപ്പാക്കുന്ന ഏജൻസിയാണ് അൽ ബൈത്ത് ഗസ്റ്റ്റ്റ്സ് എന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നുണ്ട്. ഹജ്ജ് സേവനത്തിന് കോൺട്രാക്ട് ലഭിക്കുന്ന ഏജൻസി അഥവാ സൌദി മുത്തവിഫ് ആണ് അൽ ബൈത്ത് ഗസ്റ്റ്സ്. മൊത്തവിഫ് പിൽഗ്രിംസ് ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യൻ കൺട്രീസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അൽ ബൈത്ത് ഗസ്റ്റ്സ് പിൽഗ്രിംസ് സർവീസസ്, ഹജ്ജ് തീർത്ഥാടകർക്ക് താമസം, ഗതാഗതം, ഭക്ഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ  സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഹജ്ജ് കർമത്തെ കുറിച്ചും പ്രാർഥനാ രീതിയെ കുറിച്ചുള്ള മാർഗനിർദേശങ്ങളും മത പണ്ഡിതന്മാർ മുഖേന ഹാജിമാർക്ക് ഉറപ്പാക്കും. എല്ലാ വർഷവും സൗദിയിലെ വിവിധ കമ്പനികളുടെയും സമ്പന്നരുടെയും സ്പോൺസർഷിപ്പോട് കൂടി ഹാജിമാർക്ക് പല സമ്മാനങ്ങളും ഇത്തരത്തിലുള്ള ഏജൻസികൾ കൊടുക്കാറുണ്ടെന്ന് വ്യക്തമായി. 

സൌദി സർക്കാരോ കേരള സർക്കാരോ ഇത്തരത്തിൽ എന്തെങ്കിലും പ്രത്യേക സേവനം ഹാജിമാർക്കായി ഒരുക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ അത്തരത്തിലുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല.

ഇതോടെ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് തീർഥാടനത്തിനായി പോയവർക്ക് സംസ്ഥാന സർക്കാർ ബാഗ് വിതരണം ചെയ്തെന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. കേരള സർക്കാരോ സൌദി സർക്കാരോ അല്ല മറിച്ച് സൌദി മുത്തവിഫായ അൽ ബൈത്ത് ഗസ്റ്റ്സ് എന്ന സ്വകാര്യ കമ്പനി വിതരണം ചെയ്ത ബാഗിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് പ്രസ്തുത കമ്പനികളുടെ കീഴിൽ ഹജ്ജിനെത്തുന്നവർക്ക് ലഭിക്കുന്ന സേവനമാണെന്നും വ്യക്തമായി

 



Claim :  ഹജ്ജ് തീർഥാടകർക്ക് കേരള സർക്കാറിന്റെ ബാഗ് വിതരണം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News