ഫാക്ട് ചെക്ക്: ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ? പ്രചാരണം വ്യാജം
2018ലെ ഒരു അഭിമുഖ വീഡിയോ എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്
കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുകയാണ്. ഏപ്രില്‍ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ഒറ്റഘട്ടമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തിയിരുന്നു . തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്എസ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർക്ക് ഒപ്പമാണ് സ്ഥിതിഗതികൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷണർ സംസ്ഥാനത്തെത്തിയത്. കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഈ ആഴ്‌ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനാണ് സാധ്യത. മെയ് രണ്ടിനാണ് കേരള നിയമസഭയുടെ കാലാവധി അവസാനിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് മുന്നണികൾ.
അതിനിടെ, കാസർഗോഡ് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ താനും സുധാകരനും ജയിച്ചാലും തോറ്റാലും ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ്റെ വീഡിയോ വൈറലാവുകയാണ്. "തോറ്റാലും ജയിച്ചാലും ഞാനും സുധാകരനും ബിജെപിയിലേക്ക് പോകും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൂടാതെ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ കൂടി ചേർത്താണ് ബിജെപിയിലലേക്ക് പോവുമെന്ന പ്രസ്താവന ഉണ്ണിത്താൻ നടത്തുന്നതായി വീഡിയോയിൽ കാണുന്നത്.
പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
താനും സുധാകരനും ബിജെപിയിലേക്ക് പോകുമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞെന്ന പ്രചാരണം വ്യാജമാണ്. എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ വൈറൽ വീഡിയോയുടെ പൂർണ രൂപം കണ്ടെത്തി. പുതിയ കെപിസിസി പ്രസിഡന്റ് ആര് എന്ന ചോദ്യം സജീവമായിരിക്കെ നിര്‍ണായക തുറന്നുപറച്ചിലുകളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന അടിക്കുറിപ്പോടെയാണ് 2018 ജൂൺ 11ന് മറുനാടൻ മലയാളി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറൽ വീഡിയോയുടെയും യഥാർഥ വീഡിയോയുടെ പശ്ചാത്തലം സമാനമാണ്. താരതമ്യം ചുവടെ.
അഭിമുഖത്തിൻ്റെ പൂർണരൂപവും യൂട്യൂബിൽ കണ്ടെത്തി. 4 മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിന്നുള്ള ചില ഭാഗങ്ങൾ മുറിച്ചെടുത്താണ് വൈറൽ വീഡിയോ നിർമിച്ചതെന്ന് വ്യക്തം. വൈറൽ പ്രചാരണത്തിലെ ഭാഗം യഥാർഥ വീഡിയോയിൽ പരിശോധിച്ചു. അഭിമുഖത്തിലെ 2 മിനിറ്റ് 51 സെക്കൻഡ് കഴിഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത് ഇങ്ങനെ:
"ശിങ്കിടികളിൽ ചില ആളുകളൊക്കെ ഇപ്പൊ പറഞ്ഞ് തുടങ്ങി ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും, ബിജെപിക്കാർ ഞങ്ങളെ പോയാൽ പൊന്നുപോലെ കൊണ്ടുനടക്കും, മാർക്സിസ്റ്റുകാർ പൊന്നുപോലെ കൊണ്ടുനടക്കും, ഇന്ന് ഈ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞങ്ങൾ ചെയ്യുന്ന പണി ഇടത്പക്ഷത്തിനോ ബിജെപിക്കോ ചെയ്താൽ അവര് ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും, ഇവര് ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്, പക്ഷേ ആ രാജാവിനെക്കാൾ കോൺഗ്രസ് പാർട്ടിയിലെ തെണ്ടികളാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അതുകൊണ്ടാ ഇതിൽ നിൽക്കുന്നത്"
കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ വിമർശനവും അഭിമുഖത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയിരുന്നു. പാർട്ടിയിലെ അവഗണനയെ കുറിച്ച് പറയുന്ന ഉണ്ണിത്താൻ താനൊരു സ്റ്റാമ്പ്ഡ് കോൺഗ്രസുകാരനാണെന്നും പാർട്ടിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും ഉണ്ണിത്താൻ ഉറപ്പിച്ച് പറയുന്ന ഭാഗവും യൂട്യൂബിൽ ലഭ്യമാണ്.
ഇതോടെ, താനും സുധാകരനും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. 2018ലെ ഒരു അഭിമുഖ വീഡിയോ എഡിറ്റ് ചെയ്താണ് വീഡിയോ നിർമിച്ചതെന്ന് വ്യക്തമായി. യഥാർഥ വീഡിയോയിൽ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നതായും കണ്ടെത്തി.