ഫാക്ട് ചെക്ക്: എഐ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചെന്ന് അജിത് പവാറിൻ്റെ വിൽ പത്രം? പ്രചാരണം വ്യാജം
കോടിക്കണക്കിന് രൂപയുടെ നിക്ഷേപം എഐ പ്ലാറ്റ്ഫോമിലുണ്ടെന്നാണ് പ്രചാരണം
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ 2026 ജനുവരി 28-ന് പൂനെയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോവുകയായിരുന്ന ചാർട്ടേഡ് വിമാനം ലാൻഡിംഗിനിടെ തകർന്നുവീഴുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വിമാനക്കമ്പനിയായ VSR വെഞ്ചേഴ്‌സിനെതിരെ നടപടിയെടുക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉത്തരവിട്ടു.
അതിനിടെ, അജിത് പവാർ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിൽ നിന്ന് കോടിക്കണക്കിന് സമ്പാദിച്ചുവെന്നും ഇത് രഹസ്യ വിൽ പത്രത്തിലുണ്ടെന്നും അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. അജിത് പവാറിൻ്റെ ചിത്രത്തോടൊപ്പം "ദി ലാസ്റ്റ് വിൽ ആൻഡ് ടെസ്‌റ്റമെന്റ് ഓഫ് അജിത് പവാർ" എന്ന തലക്കെട്ടിലുള്ള ഒരു മങ്ങിയ രേഖയും, ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ ലോഗോയും, "അജിത് പവാർ മറ്റാരെയും പ്രതീക്ഷിച്ചതിലും കൂടുതൽ ബാക്കിയാക്കി" എന്ന വാചകവും ഉൾപ്പെടുന്നതാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
അജിത് പവാർ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിൽ നിന്ന് കോടിക്കണക്കിന് സമ്പാദിച്ചുവെന്നും ഇത് രഹസ്യ വിൽ പത്രത്തിലുണ്ടെന്നുമുള്ള പ്രചാരണം വ്യാജമാണ്. വ്യാജ വെബ്സൈറ്റിലെ വിവരങ്ങളാണ് പ്രചരിക്കുന്നത്
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അത്തരമൊരു വിൽപത്രം നൽകിയതായോ ഏതെങ്കിലും എഐ അധിഷ്ഠിത നിക്ഷേപ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടതായോ പ്രസ്താവിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.
തുടർന്ന് പ്രചരിക്കുന്ന പോസ്റ്റുകളിലെ പരസ്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിങ്കുകൾ പരിശോധിച്ചു. ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് സാമ്യമുള്ള ഒരു വെബ്‌പേജിലേക്ക് റീഡയറക്‌ട് ചെയ്‌തതായി കണ്ടെത്തി. പേജിൽ ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ ലോഗോയും ലേ ഔട്ട് അനുകരണവും ശ്രദ്ധയിപ്പെട്ടു. എന്നിരുന്നാലും, വെബ്‌സൈറ്റ് ഡൊമെയ്‌ൻ ഔദ്യോഗിക ഡൊമൈനിൽ നിന്ന് വ്യത്യസ്തമാണെന്ന് ശ്രദ്ധയിൽപ്പെട്ടു. പ്രസ്തുത പേജിൽ നാവിഗേഷൻ ഓപ്ഷനുകൾ ഇല്ല. വ്യത്യസ്ത URL-കൾക്ക് കീഴിൽ സമാനമായ ഉള്ളടക്കമുള്ളതായി കണ്ടെത്തി. ഫിഷിങ് വെബ്സൈറ്റുകളാവാം എന്ന സൂചന ലഭിച്ചു.
തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന വർഷങ്ങളിൽ പവാർ "സോളേറിയ വിയോനെക്സ്" വഴി നിക്ഷേപം നടത്തിയെന്നും വൻ വരുമാനം നേടിയെന്നും ഈ റിപ്പോർട്ട് അവകാശപ്പെടുന്നു. കുറഞ്ഞത് 23,000 രൂപ നിക്ഷേപിച്ചാൽ ഉപയോക്താക്കൾക്ക് പ്രതിമാസം 2,40,000 മുതൽ 6,00,000 രൂപ വരെ സമ്പാദിക്കാമെന്നും അതിനുശേഷം ഒരു പേഴ്സണൽ അക്കൗണ്ട് മാനേജർ അവരെ സഹായിക്കുമെന്നും ഇത് വാഗ്ദാനം ചെയ്യുന്നു.
ദി ഇന്ത്യൻ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും ലഭിച്ചില്ല.
സോളാരിയ വിയോനെക്സിനെക്കുറിച്ച് കൂടുതൽ പരിശോധിച്ചപ്പോൾ, ഒന്നിലധികം വെബ്‌സൈറ്റുകൾ ഒരേ പേരിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവയൊന്നും ഔദ്യോഗിക വെബ്സൈറ്റുകളല്ലെന്നും വ്യക്തമായി.
കൂടാതെ, 2025 ഫെബ്രുവരി 11-ന്, മഹാരാഷ്ട്ര സർക്കാരിൻ്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (DGIPR) വൈറൽ പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവന ലഭിച്ചു. “ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്, ‘ഇൻവെർടെക്സ് ഫൈൻവോക്സ്’ എന്ന നിക്ഷേപ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം നിക്ഷേപിച്ചെന്ന് അവകാശപ്പെടുന്നു. പ്ലാറ്റ്‌ഫോം ഉപയോക്താക്കളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ തേടുന്നു. ഇത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള ശ്രമമാണെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം വാഗ്ദാനം ചെയ്ത് ആളുകളെ സാമ്പത്തികമായി വഞ്ചിക്കുക എന്നതാണ് പ്ലാറ്റ്‌ഫോമിൻ്റെ ലക്ഷ്യം. ” (മറാത്തയിൽ നിന്ന് വിവർത്തനം ചെയ്തത്) എന്നാണ് പ്രസ്താവന.
ഇതോടെ, അജിത് പവാർ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിൽ നിന്ന് കോടിക്കണക്കിന് സമ്പാദിച്ചുവെന്നും ഇത് രഹസ്യ വിൽ പത്രത്തിലുണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. വഞ്ചനാപരമായ വ്യാജ വെബ്സൈറ്റ് വിവരങ്ങളാണ് പ്രചരിക്കുന്നത്