ഫാക്ട് ചെക്ക്: ഇന്ത്യൻ സൈന്യം വംശീയ ശക്തയായെന്ന് മുൻ കരസേന മേധാവി പറഞ്ഞോ?

ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിലൂടെ ധാർമിക സേനയായ ഇന്ത്യൻ സൈന്യം വംശീയമാകുകയാണെന്ന് ജനറൽ മനോജ് പാണ്ഡെ പറഞ്ഞെന്നാണ് പ്രചാരണം

Update: 2026-03-18 04:29 GMT

ഇസ്രയേൽ ഇറാൻ യുദ്ധം തുടങ്ങിയിട്ട് 19 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആദ്യ ദിവസം തന്നെ യുഎസ് പങ്കാളിത്തത്തോടെ നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവായ അലി ഖാംനഇയെയും കുടുംബാംഗങ്ങളെയും മുതിർന്ന സൈനിക മേധാവികളെയും കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ മിനാബ് പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപികമാരുമായി 170 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ പ്രത്യാക്രമണം കടുപ്പിച്ച ഇറാൻ പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ഇസ്രായേലും ലക്ഷ്യമിടുന്നത് തുടരുകയാണ്.   ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പാചകവാതകത്തിലും പെട്രോളിലും കുരുങ്ങിയിരിക്കുകയാണ് ലോകം. 

അതിനിടെ, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന  ഇന്ത്യൻ സൈന്യം ഒരു വംശീയ ശക്തിയായി മാറുകയാണെന്ന് മുൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറയുന്നതായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. "നമ്മുടെ ഇന്ത്യൻ സൈന്യത്തിന് എല്ലായ്പ്പോഴും ഒരു ധാർമ്മിക ശക്തിയാകാൻ പരിശീലനം നൽകിയിരുന്നു. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിലെ ഏറ്റവും വലിയ നഷ്ടം, ഇന്ത്യൻ സൈന്യത്തെ ഒരു വംശീയ ശക്തിയായി മാറ്റുന്നുവെന്നതാണ്. എൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, ഈ സാഹചര്യം ഒരു പൂർണ്ണ കലാപത്തിലേക്ക് നീങ്ങുകയാണ്." എന്ന് പാണ്ഡെ പറയുന്നതായി കാണാം.  “അസമിൽ എന്താണ് സംഭവിക്കുന്നതെന്ന് നാമെല്ലാവരും കണ്ടതാണ്. എല്ലാ മുസ്ലീങ്ങളും, സിഖുകാരും, റെംഗ്മകളും, കുക്കികളും മനുഷ്യരല്ല എന്നതാണ് അവരുടെ ആദ്യ നിർദ്ദേശം. അവരെ എങ്ങനെ മനുഷ്യത്വരഹിതരാക്കാമെന്ന് അവർ ആദ്യം പഠിപ്പിക്കുന്നു, തുടർന്ന് അവരെ അടിച്ചമർത്തുന്നു. ഇത് നല്ലതല്ല. ഇത് തുടർന്നാൽ അത് ഒരു ആഭ്യന്തര കലാപത്തിലേക്ക് നയിക്കും.” എന്നും മനോജ് പാണ്ഡെ 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നതായി കാണാം. പോസ്റ്റും ലിങ്കും ചുവടെ.




 



വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.

വസ്തുത പരിശോധന: 

ഇന്ത്യൻ സൈന്യം വംശീയ ശക്തിയായി മാറുകയാണെന്ന് മുൻ കരസേന മേധാവി പറഞ്ഞെന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണെന്ന് കണ്ടെത്തി.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീ വേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിശ്വസിനീയമായ വാർത്ത ഏജൻസികളോ മാധ്യമങ്ങളോ ആരോപണവിധേയമായ പ്രസ്താവനയെകുറിച്ച്  റിപ്പോർട്ട് ചെയ്തതായി കണ്ടെത്താനായി. മുൻ കരസേന മേധാവിയിൽ ഇത്തരം പ്രസ്താവനയുണ്ടായാൽ ദേശീയ മാധ്യമങ്ങളിൽ പ്രധാന വാർത്തയാകുമായിരുന്നു. ഇതിൽ നിന്നും വൈറൽ വീഡിയോ യഥാർഥമല്ലെന്ന സൂചന ലഭിച്ചു.

വൈറൽ വീഡിയോയിൽ വാർത്ത ഏജൻസിയായ പിടിഐയുടെ വാട്ടർമാർക്കും 'രാഷ്ട്രനിർമ്മാണവും നേതൃത്വവും ഒരു സൈനികൻ്റെ കാഴ്ചപ്പാട് (ഇംഗ്ലിഷിൽ നിന്ന് വിവർത്തനം ചെയ്തത്)' എന്നും സംവാദ് എന്ന് ഹിന്ദിയിലും കാണാം. ലഭ്യമായ വിവരം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പിടിഐ എക്സിൽ പോസ്റ്റ് ചെയ്ത യഥാർഥ വീഡിയോ ലഭിച്ചു. 2026 മാർച്ച് 14 ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ ജനറൽ മനോജ് പാണ്ഡെയുടെ വസ്ത്രധാരണവും വേദിയുടെ പശ്ചാത്തലവും വൈറൽ ക്ലിപ്പിലേതുമായി പൊരുത്തപ്പെടുന്നതാണ്. എന്നിരുന്നാലും, 1 മിനിറ്റ് 15 സെക്കൻഡ് ദൈർഘ്യമുള്ള യഥാർത്ഥ വീഡിയോയിൽ, പ്രചരിക്കുന്ന വീഡിയോയിലെ പ്രസ്താവനകൾ അദ്ദേഹം നടത്തുന്നില്ല.  ഭാവിയിലെ ഭീഷണികൾ മുൻകൂട്ടി കാണുകയും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ കഴിവുകൾ സായുധ സേന വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.



കൂടുതൽ പരിശോധനയിൽ, ഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ 2026 മാർച്ച് 14 ന് ഡൽഹി മറാത്തി പ്രതിഷ്ഠാൻ സംഘടിപ്പിച്ച "രാഷ്ട്രനിർമ്മാണവും നേതൃത്വവും: ഒരു സൈനികന്റെ കാഴ്ചപ്പാട്" എന്ന തലക്കെട്ടിലുള്ള പരിപാടിയെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചു. വൈറൽ വീഡിയോയിൽ അവകാശപ്പെടുന്ന പ്രസ്താവനകൾ ജനറൽ മനോജ് പാണ്ഡെ നടത്തിയതായി പരിപാടിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിലും പരാമർശമില്ല. 

വീഡിയോയിലെ എഐ സാന്നിധ്യം പരിശോധിക്കാനായി, എഐ ഓഡിയോ ഡിറ്റക്ഷൻ ടൂളായ ഹിയ ഉപയോഗിച്ച് ഓഡിയോ വിശകലനം ചെയ്തു. വൈറൽ വീഡിയോയിലെ ശബ്ദം ഡീപ്ഫേക്കാണെന്ന് വ്യക്തമായി.


 



കൂടാതെ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് ടീമും വിദേശകാര്യ മന്ത്രാലയവും വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിയതായി കണ്ടെത്തി.



ഇതോടെ, ഇന്ത്യൻ സൈന്യം വംശീയ ശക്തിയായി മാറുകയാണെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണെന്ന് വ്യക്തമായി

Claim :  ഇന്ത്യൻ സൈന്യം വംശീയ ശക്തിയായി മാറുകയാണെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News