ഫാക്ട് ചെക്ക്: മൂന്നാമതും പിണറായി സർക്കാർ വരണമെന്ന് അൻവർ? വസ്തുതയെന്ത്?

2023ൽ അൻവർ നടത്തിയ പ്രസ്താവനയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്

Update: 2026-02-20 00:14 GMT

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മാർച്ച് പകുതിയോടെ പുറത്തുവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. അതിനിടെ പിണറായി വിജയൻ സർക്കാർ വീണ്ടും വരണമെന്ന് മുൻ എംഎൽഎ പി വി അൻവർ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് പ്രചരിക്കുകയാണ്. 98 സീറ്റ് മതി. ഈ ഗവൺമെൻ്റ് തിരിച്ചുവരണം. ഇടതുപക്ഷം തിരിച്ചുവരണം. സിപിഐഎം എന്നുപറയുന്ന ഈ പ്രസ്ഥാനം ഇവിടെ നിൽക്കണം. വർഗീയത ഉപയോഗിച്ചു അതിനെ തകർക്കാൻ ശ്രമിക്കുന്നു. നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ ഗവൺമെൻ്റ് മൂന്നാമതും തിരിച്ചുവരണം. അത ഈ  നാട്ടിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണ്, ആവശ്യമാണ് എന്ന് അൻവർ പറയുന്ന ഒരു മിനിറ്റും മുപ്പത് സെക്കണ്ടും ദൈർഘ്യമുള്ള വീഡിയോയാണ് വൈറലാവുന്നത്. തുടർന്ന്, പ്രതിപക്ഷ നേതാവിനെയും, കെപിസിസി പ്രസിഡൻ്റിനെയും വിമർശിക്കുന്നതായും കാണാം. കെ റെയിൽ പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി കർണാടകയിലെ ഐടി ലോബിയുമായി ഒത്തുചേർന്ന് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവും പ്രതിപക്ഷ നേതാവ് വി. ഡി.സതീശനെതിരെ അൻവർ വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. പോസ്റ്റും ലിങ്കും ചുവടെ.





 


Full View


വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ

വസ്തുത പരിശോധന:

പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലെത്തണമെന്ന് മുൻ എംഎൽഎ പി വി അൻവർ പറഞ്ഞെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. അൻവർ എൽഡിഎഫിൻ്റെ ഭാഗമായിരിക്കെ 2023ൽ നടത്തിയ വാർത്താസമ്മേളനത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായാണ് പി വി അൻവർ മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ പി വി അൻവർ 2021-ലും എൽഡിഎഫ് പിന്തുണയോടെ വിജയം ആവർത്തിച്ചു. എന്നാൽ, 2024-ൽ ഇടത് മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ച് സർക്കാരിനെതിരെ രംഗത്തെത്തി. തുടർന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ 2025 ജനുവരിയിൽ രാജിവെച്ചു. 2025 ഡിസംബറിൽ അൻവറിനെ അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയോ എൽഡിഎഫിനെയോ പിന്തുണച്ച് രംഗത്തെത്താൻ സാധ്യതയില്ല.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. പി.വി. അൻവറിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പൂർണ്ണ പതിപ്പ് ലഭിച്ചു. 2023 ജൂലൈ 10ന് പോസ്റ്റ് ചെയ്ത  14.05 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 11.44-ആം മിനിറ്റിലാണ് ഇപ്പോൾ വൈറലായ ഭാഗം കണ്ടെത്തി. ഇപ്പോൾ കേരളത്തിൽ എൽഡിഎഫിന് 99 സീറ്റുണ്ട്. അതിൽ ഒരു സീറ്റ് അങ്ങ് വെട്ടിയേരെ എന്ന വാചകത്തിന് ശേഷമാണ് ഇപ്പോൾ വൈറലായ ഭാഗം. വീഡിയോയിൽ, കേരളത്തിൽ വർഗീയത വളർത്തുന്ന ചില യൂട്യൂബ് ചാനലുകളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അനുകൂലിക്കുന്നുവെന്നും അൻവർ ആരോപിക്കുന്നതായി കാണാം.


Full View

 

ഇതോടെ, ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരണമെന്ന് അൻവർ പറഞ്ഞത് എൽഡിഎഫിൻ്റെ ഭാഗമായി എംഎൽഎ ആയിരിക്കെ 2023-ൽ നടത്തിയ പ്രസ്താവനയാണെന്ന് വ്യക്തമായി. 

2025 ജനുവരിയിൽ പി.വി. അൻവർ പ്രതിപക്ഷ നേതാവിനെതിരായ ആരോപണങ്ങളെല്ലാം പിൻവലിക്കുകയും വി.ഡി. സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിരിന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഇല്ലാത്ത കാര്യങ്ങൾ സതീശനെതിരെ പറഞ്ഞതെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലെത്തണമെന്ന് മുൻ എംഎൽഎ പി വി അൻവർ പറഞ്ഞെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. അൻവർ എൽഡിഎഫിൻ്റെ ഭാഗമായിരിക്കെ 2023ൽ നടത്തിയ പ്രസ്താവനയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി

Claim :  മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് അൻവർ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News