ഫാക്ട് ചെക്ക്: "അഖണ്ഡ ഭാരതം" സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി? പ്രചാരണം വ്യാജം
ഇസ്രായേലിൻ്റെ ഗ്രേറ്റർ ഇസ്രായേൽ പദ്ധതിയെ പിന്തുണയ്ക്കുമെന്ന് നരേന്ദ്ര മോദി പറയുന്നതായാണ് വീഡിയോയിലുള്ളത്
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷമാകുകയാണ്. ഇറാൻ പ്രത്യക്രമണം ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലും ഇസ്രായേലിലും രൂക്ഷമായി തുടരുകയാണ്. അതിനിടെ, ഇസ്രായേൽ "ഗ്രേറ്റർ ഇസ്രായേൽ" സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതിനാലാണ് ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്ത്യ "അഖണ്ഡ ഭാരതം" നിർമിക്കാനാണ് ലക്ഷ്യമിടു്നനത്. ഇറാൻ തകർന്നാൽ ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം പാകിസ്ഥാനാണെന്നും നരേന്ദ്ര മോദി പറഞ്ഞതായി അവകാശപ്പെടുന്നതാണ് വീഡിയോ. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
അഖണ്ഡ ഭാരത നിർമാണത്തിനായി ഇസ്രായേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ എഐ നിർമിതമാണ്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ, കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ വൈറൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഔദ്യോഗിക വാർത്താകുറിപ്പികളോ വിശ്വസനീയമായ റിപ്പോർട്ടുകളോ കണ്ടെത്താനായില്ല. തുടർന്ന് വീഡിയോയുടെ ഉത്ഭവം പരിശോധിച്ചു. വൈറൽ വീഡിയോയിൽ വാർത്ത ഏജൻസിയായ എഎൻഐയുടെ വാട്ടർമാർക്ക് കാണാം. ലഭ്യമായ സൂചന ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2026 മാർച്ച് 12 ന് എഎൻഐ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണവും പശ്ചാത്തലത്തിൽ കാണുന്ന പ്രേക്ഷകരും വൈറൽ ക്ലിപ്പിൽ കാണുന്നവയുമായി പൊരുത്തപ്പെടുന്നുണ്ട്. ഇത് രണ്ട് വീഡിയോകളും ഒരേ സംഭവത്തിൽ നിന്നുള്ളതാണെന്ന് സൂചന നൽകി.
മോദി NXT ഉച്ചകോടിയിൽ സംസാരിക്കുന്നതാണ് യഥാർഥ വീഡിയോ. നിലവിലെ ആഗോള സംഘർഷങ്ങൾ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളെയും ബാധിക്കുന്ന ഒരു ഊർജ്ജ പ്രതിസന്ധിയെകുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്യുന്നുണ്ട്. ചില ആളുകൾ സ്വന്തം അജണ്ടയ്ക്കായി LPG-യെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നുണ്ടെന്നും ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പരാമർശിക്കുന്നു. കൂടാതെ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ഊർജ്ജ മേഖലയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ ആഗോള നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നിരുന്നാലും, വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ, യുദ്ധത്തിൽ ഇസ്രായേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നതിനെക്കുറിച്ചോ "അഖണ്ഡ ഭാരത്" എന്ന ആശയത്തെക്കുറിച്ചോ യഥാർത്ഥ വീഡിയോയിൽ ഒരു പരാമർശവുമില്ലെന്ന് കാണാം.
സ്ഥിരീകരണത്തിനായി, 2026 മാർച്ച് 12 ന് ഡൽഹിയിൽ നടന്ന NXT ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. പരിപാടിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും പരിശോധിച്ചു. ഇതിലൊന്നും ഇന്ത്യ ഇസ്രായേലിനെ യുദ്ധത്തിൽ പിന്തുണയ്ക്കുന്നതിനെക്കുറിച്ചോ "അഖണ്ഡ ഭാരതം" എന്ന ആശയത്തെക്കുറിച്ചുള്ള ഏതെങ്കിലും പ്രധാനമന്ത്രി പരാമർശിക്കുന്നില്ല.
വീഡിയോയിലെ എഐ സാന്നിധ്യം പരിശോധിക്കാൻ ഹിയ ഡീപ്ഫേക്ക് ഓഡിയോ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചു. വീഡിയോയിലെ ശബ്ദം ഡീപ്ഫേക്കാണെന്ന സൂചന ലഭിച്ചു.
കൂടാതെ, വൈറൽ വീഡിയോ ഡീപ്ഫേക്ക് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ, അഖണ്ഡ ഭാരത നിർമാണത്തിനായി ഇസ്രായേലിൻ്റെ ഗ്രേറ്റർ ഇസ്രായേൽ പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. വൈറൽ വീഡിയോ എഐ നിർമിതമാണെന്ന് കണ്ടെത്തി.