ഫാക്ട് ചെക്ക്: ബാറിൽ നൃത്തം ചെയ്യുന്ന സോണിയ ഗാന്ധി? പ്രചാരണം വ്യാജം

1967ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒരു ഹോട്ടലിൽ ഗോ ഗോ ഗേൾസ് എന്ന ഡാൻസർമാരുടെ പ്രകടനത്തിൻ്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്

Update: 2026-02-22 09:35 GMT

മൂന്ന് യുവതികൾ ഒരു ബാറിൽ നൃത്തം ചെയ്യുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോൺഗ്രസ്സ് നേതാവ് സോണിയാഗാന്ധിയാണ് നൃത്തം ചെയ്യുന്നവരിൽ ഒരാളാണെന്നാണ് അവകാശവാദം.  ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്ന മൂന്ന് വിദേശ വനിതകളുടെ ചിത്രമാത്തിൽ, മധ്യത്തിൽ നിൽക്കുന്ന യുവതി, സോണിയാഗാന്ധിയാണെന്നാണ് വാദം. പോസ്റ്റും ലിങ്കും ചുവടെ. 




 



വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.

വസ്തുത പരിശോധന:

ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്നത് സോണിയാഗാന്ധിയാണെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ചിത്രത്തിലുള്ളത് സോണിയ ഗാന്ധിയല്ല.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സമാന ചിത്രം ഗേറ്റി ഇമേജസിൽ കണ്ടെത്തി. അമേരിക്കൻ വിഷ്വൽ മീഡിയ കമ്പനിയായ ഗെറ്റി ഇമേജസ് ഒരു സ്റ്റോക്ക് വെബ്സൈറ്റാണ്. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ ബ്രൂവറി തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചപ്പോൾ ഗോ ഗോ ഗേൾസ് എന്ന പേരിൽ അറിയപ്പെടുന്ന ഡാൻസർമാരെ വിളിച്ച് നടത്തിയ ആഘോഷത്തിൻ്റേതാണ് 1967 നവംബർ 21-ന് പകർത്തിയ ചിത്രം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഓബേൺ എന്ന സ്ഥലത്തെ റോസൺ ഹോട്ടലിൽ വച്ചെടുത്തതാണ് ചിത്രം. വിക് സംനർ (Vic Sumner) എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയിരിക്കുന്നതെന്നും ചിത്രത്തിൻ്റെ വിവരണത്തിൽ നിന്നും വ്യക്തമായി.


 



1967ൽ സിഡ്നിയിൽ ബ്രൂവറികളിൽ ജോലി ചെയ്യുന്ന 1400 തൊഴിലാളികൾ 14 ദിവസം പണിമുടക്കുകയും 17 നവംബർ 1967ൽ ഈ പണിമുടക്ക് പിൻവലിക്കുകയും ചെയ്തു. പണിമുടക്ക് വിജയം ആഘോഷിക്കാനാണ് സിഡ്നിയിലെ ഔബനിലെ റൗസൺ ഹോട്ടലിൽ ഗോ ഗോ ഗേൾസിനെ വിളിപ്പിച്ച് ഈ പരിപാടി നടത്തിയത്. പ്രചരിക്കുന്ന ചിത്രത്തിലെ യുവതിയും സോണിയാഗാന്ധിയും തമ്മിൽ സാദൃശ്യമില്ലെന്ന് വ്യക്തം. 

സ്ഥിരീകരിക്കാനായി സോണിയ ഗാന്ധിയുടെ പഴയകാല ചിത്രവും വൈറൽ ചിത്രവും തമ്മിൽ താരതമ്യം ചെയ്തു. മുഖസാദൃശ്യം പരിശോധിക്കുന്ന എഐ ടൂളുകളായ ഫേസ് പെയർ, ടൂൾ പൈ എന്നിവ ഉപയോഗിച്ച് പരിശോധിച്ചു. 




 



 



1964 ലാണ് സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത്. കേംബ്രിഡ്ജ് വാഴ്സിറ്റി റൂഫ്ടോപ് റസ്റ്ററൻ്റിലെ അറ്റന്റർ ആയി സോണിയ (എഡ്വിജ് അന്റോണിയ ആൽബിന മൈനോ) പാർട്ട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് രാജീവും സോണിയയും കണ്ടുമുട്ടുന്നത്. അക്കാലത്ത് കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ എൻജിനിയറങ്ങിന് പഠിക്കുകയായിരുന്നു രാജീവ് ഗാന്ധി സോണിയ ഗാന്ധി ലണ്ടനിൽ ലെന്നക്സ് കുക്ക് സ്കൂൾ ഓഫ് ലാംഗ്വേജ്സിൽ പഠിക്കുകയായിരുന്നു. 1965 മുതൽ ഇവർ ഡേറ്റ് ചെയ്യാൻ തുടങ്ങി. 1965ൽ തന്നെ രാജീവ് ഗാന്ധി സോണിയ ഗാന്ധിയെ ഇന്ദിര ഗാന്ധിയുമായി പരിചയപ്പെടുത്തിയിരുന്നു. 1968 ഫെബ്രുവരിയിൽ ഇവർ ഇന്ത്യയിൽ വിവാഹിതരായി.

തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ സോണിയ ഗാന്ധി ഒരു ബാർ ഡാൻസറായിരുന്നു എന്ന് പരാമർശിക്കുന്ന പോസ്റ്റുകൾ മുൻപും പ്രചരിച്ചതായി കണ്ടെത്തി. കഴിഞ്ഞ വർഷം, ബിക്കിനി ധരിച്ച് നിൽക്കുന്ന ഒരു യുവതിയുടെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം സോണിയാഗാന്ധിയുടെ ഫോട്ടോ എന്ന നിലയിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇറ്റലിയിലെ ഈ ബാർ ഡാൻസറിന്റെ പേര് പറയാമോ’ എന്ന രീതിയിൽ പ്രചരിച്ച ഫോട്ടോ യഥാർത്ഥത്തിൽ, സിനിമാ നടിയും മോഡലുമായ ഉർസുല ആൻഡ്രസ് ആണെന്ന് വസ്തുത അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വിഖ്യാത ഹോളിവുഡ് നടി മര്‍ലിൻ മൺറോയുടെ 1955ലെ 'ദി സെവൻ ഇയർ ഇച്ച്' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രത്തില്‍ സോണിയയുടെ തല എഡിറ്റ് ചെയ്തും ചിത്രങ്ങൾ പ്രചരിച്ചിരുന്നു

ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്നത് സോണിയാഗാന്ധിയാണെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ചിത്രത്തിലുള്ളത് സോണിയ ഗാന്ധിയല്ല.  1967ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒരു ഹോട്ടലിൽ ഗോ ഗോ ഗേൾസ് എന്ന ഡാൻസർമാരുടെ പ്രകടനത്തിൻ്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്.

Claim :  ബാറിൽ നൃത്തം ചെയ്യുന്ന സോണിയ ഗാന്ധി
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News