ഫാക്ട് ചെക്ക്: കുംഭമേളയിലെ വൈറൽ താരം മൊണാലിസയെ വിവാഹം ചെയ്തത് കേരളത്തിൽ നിന്നുള്ളയാളല്ല.

തിരുവനന്തപുരത്ത് വെച്ച് വിവാഹിതയായ മൊണാലിസ ഭോസ്ലേയുടെ വരൻ മഹാരാഷ്ട്ര സ്വദേശിയാണ്

Update: 2026-03-11 17:37 GMT

പ്രയാ​ഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേ വിവാഹിതയായി. തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ചായിരുന്നു വിവാഹം. 2026 ഫെബ്രുവരി 11 നാണ് നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പൂവാറിലെ സിനിമ ഷൂട്ടിങ്ങിനി സ്റ്റേഷനിലെത്തിയ മൊണാലിസയെ പൊലീസ് ആൺസുഹൃത്ത്  ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. പിതാവ് വേറെ വിവാഹം ആലോചിച്ചു. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും മൊണാലിസ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അതിനിടെ, കുംഭമേള താരത്തെ വിവാഹം ചെയ്തത് കേരള സ്വദേശിയാണെന്നും കേരള സ്റ്റോറിയുടെ ഉദാഹരണമാണിതെന്നുമുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. ഞെട്ടിക്കുന്ന ലവ് ജിഹാദ്. കുംഭമേള വൈറൽ സുന്ദരി മോണാലിസ ഭോസ്ലെ ഫേസ്ബുക്ക് വഴിയാണ് കേരളത്തിൽ നിന്നുള്ള മുഹമ്മദ് ഫർമാൻ ഖാനെ കണ്ടുമുട്ടിയത്. അയാൾ അവളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മാതാപിതാക്കൾ ബന്ധത്തെ എതിർത്തതിനെത്തുടർന്ന് ദമ്പതികൾ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റിനൊപ്പം ന്യൂസ് 18 കന്നടയുടെ വാർത്ത സ്ക്രീൻഷോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാർമാനുമായുള്ള പ്രണയത്തെ എതിത്തു; കുംഭമേളയിലെ മോണാലിസ കേരളത്തിൽ അഭയം തേടി! (കന്നടയിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന തലക്കെട്ടോടെയാണ് വാർത്ത

പോസ്റ്റും ലിങ്കും ചുവടെ.




 



വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.

വസ്തുത പരിശോധന:

 പ്രയാ​ഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേയുടെ ഭർത്താവ് കേരള സ്വദേശിയാണെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ഫർമാൻ മഹാരാഷ്ട്ര സ്വദേശിയാണ്.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ ദേശീയ മാധ്യമങ്ങളുൾപ്പടെ കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. മാതൃഭൂമി ന്യൂസ് റിപ്പോർട്ട് പ്രകാരം വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ്‌ ഫർമാനും തമ്മിൽ ആറുമാസമായി പ്രണയത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.

ദിവസങ്ങളായി സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി പൂവാറിലുണ്ടായിരുന്ന ഇരുവരും നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ്  തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിലുണ്ട്. ഒന്നര വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എഎ റഹിം എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിലെ  ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹമെന്നും റിപ്പോർട്ടിലുണ്ട്.

മനോരമ ന്യൂസ് കാർഡിലും മൊണാലിസ ഭോസ്ലേയുടെ വരൻ മഹാരാഷ്ട്ര സ്വദേശിയാണെന്ന് നൽകിയിട്ടുണ്ട്. 




 


വിവാഹശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും ഹിന്ദിയിലാണ് പ്രതികരിച്ചത്.

Full View

ഇതോടെ, കേരളത്തിൽ വെച്ച് വിവാഹതിയായ പ്രയാ​ഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേയുടെ ഭർത്താവ് കേരള സ്വദേശിയാണെന്ന പ്രചാരണം  അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ഫർമാൻ മഹാരാഷ്ട്ര സ്വദേശിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Claim :  കുംഭമേളയിലെ വൈറൽ താരത്തെ വിവാഹം ചെയ്തത് കേരളത്തിൽ നിന്നുള്ള ഫർമാൻ ഖാൻ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News