ഫാക്ട് ചെക്ക്: യുഎസ് തകർത്ത ഇറാൻ കപ്പലിൻ്റെ വിവരം കൈമാറിയെന്ന് ഇന്ത്യൻ സൈനിക മേധാവി? പ്രചാരണം വ്യാജം

ഐആർഐഎസ് ദേനയുടെ വിവരം ഇസ്രായേലിന് നൽകിയെന്ന് പറയുന്ന വീഡിയോ എഐ നിർമിതമാണ്

Update: 2026-03-10 14:37 GMT

2026 മാർച്ച് നാലിനാണ് ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്ക തകർത്തത്. ഇന്ത്യയില്‍ നാവികാഭ്യാസം നടത്തി തിരിച്ചുപോയ  ഐആര്‍ഐഎസ് ദേനയാണ് അമേരിക്കൻ മുങ്ങിക്കപ്പൽ തകർത്തത്. ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്തതിന് ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന കപ്പലിനെ വെള്ളത്തില്‍ നിന്നും ഉപയോഗിക്കാവുന്ന മിസൈലായ ടോര്‍പിഡോ ഉപയോഗിച്ചാണ് തകർത്തത്. കപ്പലിലെ തൊണ്ണൂറോളം പേർ കൊല്ലപ്പെട്ടതായായിരുന്നു റിപ്പോർട്ട്. കപ്പലിൽ 180 പേരാണ് ഉണ്ടായിരുന്നത്. 32 നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ദേന തകർക്കപ്പെട്ടതിന് പിന്നാലെ സാങ്കേതിക തകരാർ നേരിട്ട മറ്റൊരു ഇറാനിയൻ കപ്പലായ ഐആർഐഎസ് ലവൻ (IRIS Lavan) കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു.

അതിനിടെ, യുഎസ് തകർത്ത ഐആർഐഎസ് ദേനയുടെ ലൊക്കേഷൻ തങ്ങളാണ് പങ്കുവെച്ചതെന്ന് ഇന്ത്യൻ സൈനിക മേധാവിയായ ഉപേന്ദ്ര ദ്വിവേദി പറഞ്ഞെന്ന തരത്തിൽ  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഐആർഐഎസ് ദേനയുടെ ലൊക്കേഷൻ ഇസ്രായേലിന് നൽകിയത് ഇന്ത്യയാണെന്ന് ദ്വിവേദി പറയുന്നതായി കാണാം. “ഇറാനിലെ സാഹചര്യം ഞങ്ങൾ അടുത്തായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ നമ്മുടെ അടുത്ത പങ്കാളികളാണ്. ഇറാനിയൻ നാവികസേനയുടെ കപ്പൽ മുങ്ങിയത് തീർച്ചയായും ദൗർഭാഗ്യകരമാണ്, എന്നാൽ അത് അന്താരാഷ്ട്ര ജലാതിർത്തിയിൽ നടന്നതാണ്. ഇറാനിയൻ കപ്പൽ ഇന്ത്യൻ സമുദ്ര പരിധിക്കുള്ളിൽ ഉണ്ടായിരുന്നിടത്തോളം അത് സുരക്ഷിതമായിരുന്നു. എന്നാൽ അവർ അന്താരാഷ്ട്ര ജലാതിർത്തിയിലേക്ക് കടന്നപ്പോൾ, ഇസ്രയേലിൻ്റെ തന്ത്രപ്രധാന പങ്കാളികളെന്ന തരത്തിൽ, തങ്ങളുടെ പുതിയ തന്ത്രപരമായ കരാറിൻ്റെ ഭാഗമായി അവരുടെ കൃത്യമായ സ്ഥാനം ഇസ്രയേലിനെ അറിയിക്കുന്നത് തങ്ങളുടെ കടമയായിരുന്നു. അതുകൊണ്ട് ഇറാനിയൻ നാവിക കപ്പലുകൾ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിൽ നശിപ്പിക്കപ്പെട്ടുവെന്ന് കരുതുന്നത് തെറ്റാണ്. അന്താരാഷ്ട്ര ജലാതിർത്തിയിൽ ഇസ്രയേൽ എന്ത് ചെയ്യുന്നു എന്നത് അവരുടെ കാര്യമാണ്. തങ്ങൾക്ക് ഇസ്രയേലിന് ഇൻ്റലിജൻസ് നൽകാൻ കഴിയും, പക്ഷേ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ടോർപീഡോ ആക്രമണത്തിൽ ഞങ്ങൾക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. അവർ അവരുടെ കാര്യമാണ് ചെയ്തത്; അത് ഇറാൻ്റെ യുദ്ധമാണ്, ഇന്ത്യയ്ക്ക് അതുമായി ബന്ധമില്ല. തങ്ങളുടെ ശ്രദ്ധ പാകിസ്ഥാനിലേക്കാണ് തുടരുന്നത്, അതിലെ ലക്ഷ്യം കൈവരിക്കാൻ ഇസ്രയേൽ ഞങ്ങളെ സഹായിക്കും. റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി നേടാൻ ഞങ്ങളെ സഹായിച്ചതിന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്" എന്നിങ്ങനെയാണ് ഉപേന്ദ്ര ദ്വിവേദി പറയുന്നത്. പോസ്റ്റും ലിങ്കും ചുവടെ.




 



വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.

വസ്തുത പരിശോധന:

യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ യുദ്ധകപ്പലിൻ്റെ വിവരം നൽകിയത് തങ്ങളാണെന്ന് ഇന്ത്യൻ സൈനിക മേധാവി പറഞ്ഞെന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണ്.

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഫസ്റ്റ് പോസ്റ്റിൽ വന്ന വീഡിയോയാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ 2026 മാർച്ച് 7-ന് ഫസ്റ്റ് പോസ്റ്റ് പ്രസിദ്ധീകരിച്ച ഓപ്പറേഷൻ സിന്ദൂർ, പാകിസ്താൻ, ഭാവിയിലെ യുദ്ധരീതികൾ എന്നിവയെ കുറിച്ച് ഇന്ത്യയുടെ സൈനിക മേധാവി സംസാരിക്കുന്നു | റൈസിന ഡയലോഗ് 2026  എന്ന തലക്കെട്ടിൽ ഒരു വീഡിയോ കണ്ടെത്തി. ഓപ്പറേഷൻ സിന്ദൂരിൽ നിന്നുള്ള പാഠങ്ങളും യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവും സംബന്ധിച്ച് ഹർഷ് വി. പന്തുമായി നടത്തിയ സംഭാഷണമാണ് വീഡിയോയിൽ. അഭിമുഖത്തിൽ എവിടെയും ഉപേന്ദ്ര ദ്വിവേദി അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തെക്കുറിച്ചോ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയെന്ന ആരോപണത്തെക്കുറിച്ചോ പരാമർശിക്കുന്നില്ല. വൈറൽ വീഡിയോ ഈ അഭിമുഖത്തിൽ നിന്നെടുത്ത ദൃശ്യങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിർമിച്ചതാകാമെന്ന സൂചന ലഭിച്ചു.

Full View

വീഡിയോയിലെ എഐ സാന്നിധ്യം അറിയാൻ ഹൈവ് മോഡറേഷൻ എന്ന എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. വീഡിയോയിലെ ശബ്ദം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിരിക്കാനുള്ള സാധ്യത 99.9% ആണെന്ന് കണ്ടെത്തി. 




 


ഹിയ ഡീപ്ഫേക്ക് വോയിസ് ഡിറ്റക്ടർ ഉപയോഗിച്ചും പരിശോധിച്ചു. വീഡിയോയിലെ ശബ്ദം ഡീപ്ഫേക്കാണെന്ന് വ്യക്തമായി.




 


ഇതോടെ, യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ യുദ്ധകപ്പലിൻ്റെ വിവരം നൽകിയത് തങ്ങളാണെന്ന് ഇന്ത്യൻ സൈനിക മേധാവി പറഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണ്.

Claim :  യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ യുദ്ധകപ്പലിൻ്റെ വിവരം നൽകിയത് തങ്ങളാണെന്ന് ഇന്ത്യൻ സൈനിക മേധാവി
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News