ഫാക്ട് ചെക്ക്: ഇന്ത്യൻ വനിത പൈലറ്റ് പാക് കസ്റ്റഡിയിലോ?

ശിവാംഗി സിങ് കസ്റ്റഡിയിലാകുന്ന ദൃശ്യങ്ങളെന്നാണ് പ്രചാരണം

Update: 2025-05-11 11:55 GMT

ഇന്ത്യൻ വനിത പൈലറ്റ് പാകിസ്താൻ കസ്റ്റഡിയിലെന്ന് പ്രചാരണം

നാല് ദിവസം നീണ്ട സംഘർഷത്തിനൊടുവിൽ 2025 മെയ് 10നാണ് ഇന്ത്യ - പാകിസ്താൻ വെടിനിർത്തലിന് ധാരണയായത്. മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതായും ശ്രീനഗറിലുൾപ്പടെ സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ വന്നു. പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവിമാരെ കണ്ടു. പ്രകോപനം തുടരുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കാനാണ് നിർദേശം. അതിർത്തി ഇപ്പോൾ ശാന്തമാണ്. അർധരാത്രി മുതൽ ആക്രമണശ്രമം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പാകിസ്താനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. ഓപ്പറേഷൻ കരുതലോടെ തുടരുന്നുവെന്നും വാർത്താസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന എക്സിലൂടെ അറിയിച്ചു.

അതിനിടെ, ഇന്ത്യൻ എയർഫോഴ്‌സിലെ ആദ്യ വനിതാ റഫാൽ പൈലറ്റിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മരങ്ങൾക്കിടയിൽ കേബിളിൽ കുടുങ്ങിക്കിടക്കുന്ന ഒരാളുടെ ദൃശ്യമുപയോഗിച്ചാണ് പ്രചാരണം. അഭിനന്ദന്‍ പാകിസ്താനിൽ നിന്ന് ഒരു കപ്പ് ചായ കുടിക്കുന്നത് കണ്ട് അവർ ഒരു തീരുമാനമെടുത്തെന്ന് തോന്നുന്നു. അവർക്ക് ഉടന്‍ തന്നെ  അത് ആസ്വദിക്കാന്‍ കഴിയും. അവർ തന്റെ ജീവിതത്തിന്റെ ലക്ഷ്യം നിറവേറ്റി. ശിവാംഗി സിങ്, പാകിസ്താനിലേക്ക് സ്വാഗതം എന്ന വിവരണത്തോടെയാണ് പ്രചാരണം.

പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.




 





 

വസ്തുത പരിശോധന:

ഇന്ത്യയുടെ ആദ്യ വനിത റഫാൽ പൈലറ്റായ ശിവാംഗി സിങ് പാകിസ്താൻ കസ്റ്റഡിയിലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് ഹിമാചൽ പ്രദേശിലെ കുളുവിൽ നടന്ന പാരാഗ്ലൈഡിങ് അപകടത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന വീഡിയോ ഫേസ്ബുക്കിൽ നേരത്തെ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.  ഹിമാചൽ പ്രദേശിൽ നിന്നുള്ള വാർത്താ വെബ്സൈറ്റായ സമാചാർ ഫസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ 2025 മാർച്ച് 16-നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.  കുളു: ദോഭി പാരാഗ്ലൈഡിംഗ് സൈറ്റിൽ പറന്നുയരുന്നതിനിടെ വൈദ്യുതി വയറുകളിൽ കുടുങ്ങിയ പാരാഗ്ലൈഡർ സുരക്ഷിതമായി രക്ഷപ്പെട്ടു  എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Full View

ജെയിൻ ന്യൂസ് ഹിമാചൽ എന്ന യൂട്യൂബ് ചാനലിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങളും പാരാഗ്ലൈഡർ താഴെയിറങ്ങാൻ ശ്രമിക്കുന്ന ദൃശ്യവും ചേർത്താണ് പോസ്റ്റ്.

Full View


ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ അമർ ഉജല 2025 മാർച്ച് 16ന് നൽകിയ റിപ്പോർട്ടിൽ സമാന ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ നാല് പാരാഗ്ലൈഡറുകൾ അപകടത്തിൽപ്പെട്ടെന്നും ഒരാൾ വൈദ്യുതി വയറിൽ കുടുങ്ങിയെന്നുമാണ് റിപ്പോർട്ട്. എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടിലുണ്ട്.  

 


ആദ്യ വനിത റഫാൽ പൈലറ്റായ ശിവാംഗി സിങ് പാകിസ്താൻ കസ്റ്റഡിയിലാണോ എന്നറിയാൻ നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ശിവാംഗി സിങ് പിടിയിലാണെന്ന വാദം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുത അന്വേഷണ റിപ്പോർട്ട് ലഭിച്ചു.



ഇന്ത്യയുടെ ആദ്യ വനിത റഫാൽ പൈലറ്റായ ശിവാംഗി സിങ് പാകിസ്താൻ കസ്റ്റഡിയിലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് ഹിമാചൽ പ്രദേശിലെ കുളുവിൽ മാർച്ചിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണെന്ന് കണ്ടെത്തി.  

 

 

Claim :  ഇന്ത്യൻ വനിത പൈലറ്റ് പാകിസ്താൻ കസ്റ്റഡിയിൽ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News