ഫാക്ട് ചെക്ക്: ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണമോ?

സൈനിക ട്രക്കിന് തീപിടിക്കുന്ന ദൃശ്യമുപയോഗിച്ചാണ് പ്രചാരണം

Update: 2025-05-04 07:24 GMT

 ഇന്ത്യൻ സൈനിക വ്യൂഹത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണമെന്ന് പ്രചാരണം

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താൻ അതിർത്തി സംഘർഷ ഭരിതമാണ്. സൈനികാക്രമണവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. പഞ്ചാബിൽ ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രണമെന്നാണ് പുതിയ പ്രചാരണം. ഖാലിസ്ഥാൻ വാദികളാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പോസ്റ്റുകളിലെ വിവരണം.  സൈനിക വാഹനം കത്തിയമരുന്നതിന്റെയും സൈനികർ റോഡരികിൽ ലഗേജുകൾ ഇറക്കുന്നതിന്റെയും ദൃശ്യം കാണാം. ഇന്ത്യൻ അധിനിവേശ പഞ്ചാബിലൂടെ കടന്നുപോകുന്ന ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഖാലിസ്ഥാൻ വാദികൾ പെട്രോൾ ബോംബെറിഞ്ഞു, ഫ്രീ പഞ്ചാബ് സിന്ദാബാദ് എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ




 





 വസ്തുത പരിശോധന:

പഞ്ചാബിൽ ഖാലിസ്ഥാൻ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈനിക ട്രക്കിന് തീപിടിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2023 മെയിൽ സാങ്കേതിക തകരാർ മൂലം നടന്ന അപകടത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്

പ്രചാരണത്തിന്റെ വസ്തുത അറിയാൻ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2023ൽ എക്സ് അക്കൌണ്ടിൽ ഇന്ത്യൻ സോൾഡിയർ എന്ന യൂസർ ദൃശ്യത്തിൽ നിന്നുള്ള ചിത്രമുപയോഗിച്ച് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഒരു സൈനിക ട്രക്കിന് തീപിടിക്കുന്നു, റോഡിന്റെ നടുവിൽ പട്ടാളക്കാർ ബുദ്ധിമുട്ടുന്നു! പക്ഷേ ആരും സഹായിക്കാൻ നിൽക്കുന്നില്ല... എന്നിങ്ങനെയാണ് വിവരണം.

ലഭ്യമായ വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ ആജ് തക്ക് 2023 മെയ് 4ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. ഹൽവാരയിൽ സൈനിക വാഹനവ്യൂഹത്തിന് തീപിടിച്ചു, സാധനങ്ങൾ കത്തിനശിച്ചു, ആളപായമില്ല എന്ന തലക്കെട്ടോടെയാണ് വാർത്ത. പ്രചരിക്കുന്ന വീഡിയോയിൽ ട്രക്കിന് തീപിടിക്കുന്ന ഭാഗത്ത് നിന്നുള്ള ചിത്രമാണ് ആജ് തക്ക് റിപ്പോർട്ടിലുള്ളത്.  പഞ്ചാബിലെ ലുധിയാന - ഫിറോസ്പൂർ ദേശീയ പാതയിലെ ധാക്കയ്ക്ക് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സൈന്യത്തിന്റെ യുദ്ധ പരിശീലന വാഹനവ്യൂഹത്തിൽ നിന്നുള്ള ട്രക്കിനാണ് തീപിടിച്ചത്. സിലിണ്ടർ റോഡിൽ ഉരസുന്നത് പോലുള്ള  തകരാർ മൂലമാകാം തീപിടിത്തമുണ്ടായത്. വാഹനത്തിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ചെങ്കിലും ആർക്കും പരിക്കില്ല. അഗ്നിശമന സേന എത്തുന്നതിനുമുമ്പ് സൈനികർക്ക് തീ അണയ്ക്കാൻ കഴിഞ്ഞു. ഖാലിസ്ഥാനി ഗ്രൂപ്പുകളോ മറ്റ് ഏതെങ്കിലും സംഘടനകൾക്കോ സംഭവത്തിൽ ബന്ധമുള്ളതായി റിപ്പോർട്ടിൽ പരാമർശമില്ല.


പഞ്ചാബിൽ ഖാലിസ്ഥാൻ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈനിക ട്രക്കിന് തീപിടിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2023 മെയിലാണ് പഞ്ചാബിലെ ഹൽവാരയിൽ സൈനിക ട്രക്കിന് തീപിടിച്ചത്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണം. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ വാദികളോ മറ്റു സംഘടനകളോ ഉള്ളതായി റിപ്പോർട്ടുകളില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്.

 


Claim :  ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News