ഫാക്ട്ചെക്ക്: വഖഫ് ബില്ലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധമോ?

ഡൽഹിയിലെ കോടതിക്ക് മുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചെന്നാണ് പ്രചാരണം

Update: 2025-04-11 03:46 GMT

വഖഫ് ബില്ലിനെതിരെ അഭിഭാഷകർ  പ്രതിഷേധിക്കുന്നുവെന്ന് പ്രചാരണം


വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായിരിക്കുകയാണ്. ഏകദേശം 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം 2025 ഏപ്രിൽ 02 നാണ് ലോക്സഭ ബില്ലിന് അംഗീകാരം നൽകിയത്. 2025 ഏപ്രിൽ 04 ന് പുലർച്ചെയാണ് രാജ്യസഭയിൽ ബിൽ പാസായത്. 2025 ഏപ്രിൽ 05 ന് രാഷ്ട്രപതി ദ്രൗപതി മുർമു വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകി. മുസ്ലീങ്ങൾ സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 1995 ലെ വഖഫ് നിയമമാണ് ഭേദഗതി ചെയ്യുന്നത്. ബില്ലിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളിൽ മുസ്ലിം സംഘടനകളും പ്രതിഷേധം തുടരുകയാണ്. അതിനിടെ വഖഫ് ബില്ലിൽ  അഭിഭാഷകരുടെ പ്രതിഷേധം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ  ദൃശ്യം പ്രചരിക്കുകയാണ്. കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റോഡ് തടഞ്ഞ് അഭിഭാഷകരുടെ പ്രതിഷേധമെന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.







 വസ്തുത പരിശോധന:

വഖഫ് ബില്ലിൽ അഭിഭാഷകരുടെ പ്രതിഷേധം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. അഭിഭാഷക ഭേദഗതി ബില്ലിനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിച്ചതെന്നും വ്യക്തമായി.

 വൈറലായ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ എച്ച്എൻപി ന്യൂസ് ഹിന്ദി എന്ന ചാനലിന്റെ ലോഗോ കാണാം. അഭിഭാഷകരുടെ പ്രതിഷേധം തിസ് ഹസാരി കോടതിക്ക് പുറത്താണെന്ന് റിപ്പോർട്ടർ പരാമർശിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ 2025 ഫെബ്രുവരി 22-ന് എച്ച്എൻപി ന്യൂസ് ഹിന്ദി എന്ന യൂട്യൂബ് ചാനലിൽ അഭിഭാഷകർ ഡൽഹിയിലെ റോഡുകൾ സ്തംഭിപ്പിച്ചു, മോദി സർക്കാർ ഞെട്ടി! എന്ന തലക്കെട്ടോടെ മുഴുനീള വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വഖഫ് ഭേദഗതി ബില്ലിനെതിരെയല്ല, അഭിഭാഷക ഭേദഗതി ബില്ലിനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകും.

Full View


കൂടുതൽ പരിശോധനയിൽ ഇടിവി ഭാരത് വിഷയം റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.  അഭിഭാഷക ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലെ എല്ലാ ജില്ലാ കോടതികളുടെയും പ്രവർത്തനം തടസ്സപ്പെട്ടെന്നാണ് 2025 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്.  തിസ് ഹസാരി, രോഹിണി കോടതികളിലെ അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. ബിൽ അവതരിപ്പിക്കുന്നതിലൂടെ സർക്കാർ അഭിഭാഷകരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകർ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള പണിമുടക്ക് ഉൾപ്പടെ നിരോധിച്ച് കൊണ്ട് 35a അടക്കം ഭേദഗതി ചെയ്യപ്പെടുന്നതാണ് ബിൽ. 1961-ലെ അഭിഭാഷക നിയമത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ച ഭേദഗതിയുടെ  കരട് പുറത്തിറക്കിയതോടെ രാജ്യമെമ്പാടുമുള്ള അഭിഭാഷകർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

വഖഫ് ബില്ലിൽ അഭിഭാഷകരുടെ പ്രതിഷേധം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ നടത്തിയ പ്രതിഷേധം അഭിഭാഷക ഭേദഗതി ബില്ലിനെതിരെയാണെന്ന് കണ്ടെത്തി. അഭിഭാഷകർക്ക് പ്രതിഷേധിക്കാനുൾപ്പടെയുള്ള അവകാശത്തെ തടയുന്ന തരത്തിലുള്ള ഭേദഗതിക്കെതിരെയാണ് ഡൽഹിയിലെ തിസ് ഹസാരി കോടതിക്ക് മുന്നിൽ പ്രതിഷേധം അരങ്ങേറിയത്. പുതിയ ബില്ലിലെ വ്യവസ്ഥകൾ അഭിഭാഷകരുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല, പ്രതിഷേധിക്കാനുള്ള  അവകാശത്തെയും ഇല്ലാതാക്കുന്നുവെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് മനൻ കുമാർ മിശ്ര പറഞ്ഞു.  ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് മൂന്ന് അംഗങ്ങളെ കേന്ദ്ര സർക്കാരിന്  നാമനിർദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഭിഭാഷക (ഭേദഗതി) ബിൽ വീണ്ടും അവതരിപ്പിക്കുമെന്നാണ് ഫെബ്രുവരി 22ന് പിഐബി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. 

Claim :  വഖഫ് ബില്ലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News