ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങളല്ല

പഹൽഗാമിലെ ഇന്ത്യയുടെ തിരിച്ചടിയുടെ ദൃശ്യങ്ങളെന്ന വാദത്തോടെയാണ് പ്രചാരണം

Update: 2025-05-07 06:33 GMT

ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങളെന്ന് പ്രചാരണം


പഹൽഗാം ഭീകരാക്രമണത്തിന്റെ പതിനഞ്ചാം നാൾ ഇന്ത്യ തിരിച്ചടിച്ചിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പാക്കപ്പെട്ടുവെന്ന് സൈന്യം അറിയിച്ചു. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സംയുക്ത സേനാ ആക്രമണം നടത്തിയത്. കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസഫറാബാദ്, ഭാഗ് എന്നിവടങ്ങളിലെ നാല് ജയ്​ശെ മുഹമ്മദ്​, മൂന്ന് ലശ്​കറെ ത്വയ്യിബ, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. ഇന്ത്യയുടെ ആക്രമണം പാകിസ്താൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. .പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.

അതിനിടെ ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്. നിറയെ കെട്ടിടങ്ങളുള്ള പ്രദേശത്ത് മിസൈൽ പതിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. പാകിസ്താന്റെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ്. ഇനി എന്റെ പ്രിയപ്പെട്ട ഇന്ത്യൻ സൈന്യത്തോട് തെളിവ് ചോദിക്കാൻ ധൈര്യപ്പെടരുതെന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ




 




 


വസ്തുത പരിശോധന:

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടി, ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണ്. ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്

പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സ്പ്രിന്റർ ഒബസേർവർ എന്ന എക്സ് അക്കൌണ്ടിൽ സമാന വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കൃത്യം ഒരു വർഷം മുമ്പ്, ഇസ്രായേലിനെതിരെ ലോകത്തിലെ ഏറ്റവും വലിയ മിസൈൽ ആക്രമണം ഇറാൻ നടത്തി. സൈനിക താവളങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കി. ആക്രമണത്തിന് കടുത്ത മറുപടി നൽകാൻ തയ്യാറാണെന്ന് തെളിയിക്കുകയും ചെയ്തു. മേഖലയിലെ സ്ഥിതിഗതിയെ മാറ്റിമറിച്ച  ആക്രമണം. എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഒരു വർഷം മുൻപുള്ള ഇസ്രായേലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണെന്ന് 2025 ഏപ്രിൽ 13ന് പോസ്റ്റിൽ വ്യക്തമായി പറയുന്നുണ്ട്


കൂടുതൽ പരിശോധനയിൽ 2024 ഒക്ടോബർ 1ന് ശിവ് അരൂർ എന്ന എക്സ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത് വീഡിയോ ലഭിച്ചു. ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ. നിരവധി ആക്രമണങ്ങളിൽ ഒന്ന്. ഈ വർഷം ഏപ്രിലിനുശേഷം ഇതാദ്യമായി ഇസ്രായേലിനെതിരെ ഇറാന്റെ നേരിട്ടുള്ള ആക്രമണം. കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യത എന്ന വിവരണത്തോടെയാണ് പോസ്റ്റ്.



ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ദൂരദൃശന്റെ ലോഗോ വ്യക്തമായി കാണാം. കീ വേഡ് പരിശോധനയിൽ ദൂരദർശൻ യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ ലഭിച്ചു.  നെഗേവിലെ നെവാറ്റിം വ്യോമതാവളം ലക്ഷ്യമിട്ട് ഇറാനിയൻ മിസൈലുകൾ എന്ന തലക്കെട്ടോടെ 2024 ഒക്ടോബർ 2നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Full View

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണ്. 2024 ഒക്ടോബറിൽ ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്.

Claim :  ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങൾ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News