ഫാക്ട് ചെക്ക്: ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വീട് തീയിട്ട് നശിപ്പിച്ചോ?

ഹരിജൻ കോളനിയിലെ ഹിന്ദുക്കളുടെ വീടുകൾ നശിപ്പിച്ചെന്നാണ് പ്രചാരണം

Update: 2025-04-18 09:04 GMT

ബംഗ്ലാദേശിൽ ഹിന്ദു കോളനി തീയിട്ട് നശിപ്പിച്ചെന്ന് പ്രചാരണം


ഇന്ത്യ - ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ കടുക്കുകയാണ്. ബംഗ്ലാദേശിന്റെ കയറ്റുമതി ചരക്ക് ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ നിർത്തലാക്കി. വടക്കുകിഴക്കൻ ഇന്ത്യയുടെ മേഖലയിലേക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥ വ്യാപിപ്പിക്കണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ നടപടിയെടുത്തത്. ഉഭയകക്ഷി വ്യാപാരത്തെ ബാധിക്കുന്ന ബംഗ്ലാദേശിന്റെ നിലപാടാണ് ഇത്തരം തീരുമാനത്തിലെത്തിച്ചതെന്ന് വിദേശകാര്യ വക്താവ് റൺദീർ ജയ്സ്വാൾ പറഞ്ഞു. ബംഗ്ലാദേശ് ഇന്ത്യൻ നിർമിത നൂലിന്റെ ഇറക്കുമതി നിർത്തലാക്കിയിരുന്നു. പിന്നാലെ മൂന്ന് തുറമുഖങ്ങളും അടച്ചു. ബംഗ്ലാദേശിന്റെ വ്യാപാര മേഖലയെ കാര്യമായി ബാധിക്കുന്നതാണ് ഇന്ത്യയുടെ നടപടി. എഎൻഐ റിപ്പോർട്ട് വഖഫ് ഭേദഗതി നിയമത്തിൽ ബംഗാളിലെ മുർഷിദാബാദിൽ പ്രക്ഷോഭത്തിൽ ബംഗ്ലാദേശ് സ്വദേശികൾക്ക് പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ മുസ്ലീം ജനതയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം ആവശ്യപ്പെട്ടിരുന്നു. പരാമർശത്തെ തള്ളി രംഗത്തെത്തിയ ഇന്ത്യ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മറുപടി നൽകി. അതിനിടെ ബംഗ്ലാദേശിലെ ചിത്തഗംഗിലുണ്ടായ തീപിടത്തവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. ചിത്തഗംഗിലെ ഹരിജൻ കോളനി തീയിട്ട് നശിപ്പിച്ചെന്നാണ് പ്രചാരണം.തീപിടിത്തത്തിൽ വീട് നശിച്ചുപോയത് മാധ്യമങ്ങളോടെ പറയുന്ന സ്ത്രീയുടെ ദൃശ്യമുൾപ്പടെയാണ് പ്രചാരണം. പോസ്റ്റും  ലിങ്കും ചുവടെ.







 വസ്തുത പരിശോധന:

ബംഗ്ലാദേശിലെ ചിത്തഗോങ്ങിലെ ഹരിജൻ കോളനി പ്രദേശവാസികൾ തീയിട്ട് നശിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ഷോർട്ട് സർക്ക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ വിവിധ മതവിഭാഗങ്ങളിലുള്ളവരുടെ വീടുകൾ നശിച്ചതായാണ് റിപ്പോർട്ട്.

പ്രചരിക്കുന്ന ദൃശ്യത്തിന്റെ കീ ഫ്രേമുകൾ ഉപയോഗിച്ച നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ ബംഗ്ലാദേശ് ചാനലായ സോമോയ് ടിവി യൂട്യൂബിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് ലഭിച്ചു. ചിറ്റഗോങ് ചേരിയിലെ തീ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി എന്ന തലക്കെട്ടോടെ 2025 ഏപ്രിൽ 15നാണ് വാർത്ത പോസ്റ്റ് ചെയതത്. വാർത്തയിൽ പ്രദേശവാസികളുടെ പ്രതികരണവുമുണ്ട്.

Full View

ലഭ്യമായ വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ ഡെയ്ലി ഒബ്സേർവർ നൽകിയ വാർത്ത ലഭിച്ചു. ചട്ടോഗ്രാമിലെ കോട്‌വാലിയിലെ സിആർബി മാലിപാറ ചേരിയിൽ 2025 ഏപ്രിൽ 15ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് 20 ചേരി വീടുകളെങ്കിലും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. പുലർച്ചെ 5:30 ഓടെ ആരംഭിച്ച തീപിടുത്തം അഞ്ച് അഗ്നിശമന യൂണിറ്റുകളുടെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്തെ ഒരു വീട്ടിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും താമസിയാതെ അയൽ വീടുകളിലേക്കും തീ പടർന്നതായും അഗ്രാബാദ് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുർ റസാഖ് പറഞ്ഞതായു ബിഎസ്എസ് ന്യൂസ് നൽകിയ റിപ്പോർട്ട് ചെയ്തു.



ബംഗ്ലാ ട്രിബ്യൂൺ നൽകിയ റിപ്പോർട്ടിൽ തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പ്രതികരണമുണ്ട്. റിക്ഷ തൊഴിലാളിയായ ശംസുൽ ഹഖ്  വീട്ടിൽ കുടുംബത്തോടൊപ്പമിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രതികരണം. ഇതോടെ ഹിന്ദുക്കളുടെ വീടുകൾ നശിപ്പിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. തീപിടിത്തം മറ്റു വിഭാഗങ്ങളിലുള്ളവർക്കും ബാധിച്ചിട്ടുണ്ട്.





ബംഗ്ലാദേശിലെ ചിത്തഗോങ്ങിലെ ഹരിജൻ കോളനി പ്രദേശവാസികൾ തീയിട്ട് നശിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.  ഷോർട്ട് സർക്ക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 25ലധികം വീടുകൾ നശിച്ചിട്ടുണ്ട്. തീപിടത്തത്തിന് പിന്നിൽ മതതീവ്രവാദമാണെന്ന തരത്തിലുള്ള പ്രചാരണം വസ്തുത വിരുദ്ധമാണ്. തീപിടിത്തത്തിൽ വിവിധ മതവിഭാഗങ്ങളിലുള്ളവരുടെ വീടുകൾ നശിച്ചതായി കണ്ടെത്താനായി.

 


 


Claim :  ബംഗ്ലാദേശിൽ ഹിന്ദു കോളനി തീയിട്ട് നശിപ്പിച്ചു
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News