ഫാക്ട് ചെക്ക്: നെതർസാൻഡ്സിൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കിയെന്ന പ്രചാരണം വ്യാജം

അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഗീത നിർബന്ധിത വിഷയമാക്കിയെന്നാണ് പ്രചാരണം

Update: 2025-12-07 05:11 GMT

 ഡച്ച് വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസ് മുതൽ ഭഗവത് ഗീത ക്ലാസുകൾ നിർബന്ധമാക്കിയതായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്.  ഭഗവദ്ഗീത കയ്യിൽ പിടിച്ചിരിക്കുന്ന രണ്ട് പെൺകുട്ടികളുടെ ചിത്രവും പോസ്റ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും ഭഗവത് ഗീത പഠനം നിർബന്ധമാക്കണമെന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.




 



വൈറൽ പോസ്റ്റ് ആർക്കൈവ് ഇവിടെ


വസ്തുത പരിശോധന:

ഡച്ച് വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസ് മുതൽ ഭഗവത് ഗീത ക്ലാസുകൾ നിർബന്ധമാക്കിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. നെതർലാൻഡ്സിലെ വിദ്യാർഥികൾക്കായി സർക്കാർ നിശ്ചയിച്ച നിർബന്ധ വിഷയങ്ങളിൽ ഭഗവത് ഗീതയില്ല.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2021ലും സമാന പ്രചാരണം നടന്നതായി കണ്ടെത്തി. വസ്തുത അന്വേഷണ ഏജൻസികൾ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ  2013 സെപ്റ്റംബർ 20 ന് ‘ISKCON Desire Tree’ എന്ന വെബ്‌സൈറ്റിൽ സമാന ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ‘സുന്ദരിയായ കൊച്ചു വൈഷ്ണവൻ!!!! 

ഈ കുട്ടിയെയെല്ലാം കൃഷ്ണൻ അനുഗ്രഹിക്കട്ടെ!!!

നമ്മൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്താണ്???? ഇസ്കോൺ മാതാപിതാക്കൾ അവിടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്താണ്!!!

നോക്കൂ !!! ചൈതന്യ മഹാപ്രഭു

ലോകമെമ്പാടും അനുയായികൾ വളർന്നുവരികയാണ്

.. മഹാനായ കൃഷ്ണ ഭക്തൻ!!! ജയ് ശ്രീല പ്രഭുപാദാ!!!!

എന്ന വിവരണത്തോടെയാണ് ഭഗവത് ഗീതയുമായി നിൽക്കുന്ന കുട്ടികളുടെ ചിത്രം പങ്കുവെച്ചത്. മറ്റ് നിരവധി ചിത്രങ്ങളും വെബ്‌സൈറ്റിൽ കണ്ടെത്തി. അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘമാണ് ഇസ്കാോൺ. ഈ പോസ്റ്റിലും ഭഗവത് ഗീത നിർബന്ധമാക്കിയതായി പരാമർശമില്ല. 




 


നെതർലാൻഡ്സിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള നിർബന്ധിത വിഷയങ്ങൾ ഏതൊക്കെയാണെന്ന് അറിയാൻ ഡച്ച് സർക്കാരിൻ്റെ വെബ്സൈറ്റ് പരിശോധിച്ചു. നിർബന്ധിത വിഷയങ്ങളിൽ ഡച്ച്, ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യ പരിസ്ഥിതി പഠനം, സൃഷ്ടിപരമായ ആവിഷ്കാരം, കായികം എന്നിവ ഉൾപ്പെടുന്നു. നെതർലാൻഡ്‌സിലെ പ്രൈമറി സ്കൂളുകളിൽ പഠിപ്പിക്കേണ്ട നിർബന്ധിത വിഷയങ്ങളുടെ പട്ടികയിൽ ഭഗവത് ഗീതയെക്കുറിച്ച് പരാമർശമില്ല. എന്നാൽ മിക്ക സ്വകാര്യ സ്കൂളുകളിലും മത വിദ്യാഭ്യാസമുണ്ടെന്നും വെബ്സൈറ്റിലുണ്ട്.  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  മത വിദ്യാഭ്യാസമോ ധാർമ്മികതയോ പഠിപ്പിക്കുന്നില്ല. മാതാപിതാക്കൾക്ക് ഇത് ഒരു അധിക വിഷയമായി പഠിപ്പിക്കാൻ സ്കൂൾ ബോർഡിനോട് ആവശ്യപ്പെടാമെന്നും കാണാം.




 


ഭഗവത് ഗീത സ്കൂളുകൾ പഠിപ്പിക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നതായുള്ള റിപ്പോർട്ടുകളുണ്ട്. 2017-ൽ സ്കൂളുകളിൽ ഭഗവത് ഗീത വായന നിർബന്ധമാക്കുന്നതിനായി ബിജെപി എംപി രമേശ് ബിധുരി ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാർമ്മിക വിദ്യാഭ്യാസ പാഠപുസ്തകമായി ഭഗവത് ഗീത നിർബന്ധിതമായി പഠിപ്പിക്കുന്നതിനുള്ള ബിൽ, 2019ലെ പാർലമെൻ്റ് സമ്മേളനത്തിലും രമേശ് ബിധുരി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭ​ഗവത് ​ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് 2020ൽ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്ക് പോകുന്ന കുട്ടികളിൽ ഭൂരിഭാഗവും ഗോമാംസം കഴിക്കാൻ തുടങ്ങുമെന്നും അതിന് കാരണം നമ്മുടെ സംസ്‌കാരത്തെ കുറിച്ചും പരമ്പരാഗത മൂല്യത്തെ കുറിച്ചും അറിവില്ലാത്തത് കൊണ്ടാണെന്നുമാണ് ​ഗിരിരാജ് സിം​ഗ് പറഞ്ഞത്. വേദങ്ങൾ നിയമ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പങ്കജ് മിത്തൽ 2025 ഏപ്രിലിൽ പറഞ്ഞിരുന്നു. 

ഇതോടെ, ഡച്ച് വിദ്യാർത്ഥികൾ അഞ്ചാം ക്ലാസ് മുതൽ ഭഗവത് ഗീത ക്ലാസുകൾ നിർബന്ധിത വിദ്യാഭ്യാസമായി പഠിക്കുന്നുവെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം 2013 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്കോൺ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് വ്യക്തമായി. നെതർലാൻഡ്സിലെ വിദ്യാർഥികൾക്കായി സർക്കാർ നിശ്ചയിച്ച നിർബന്ധ വിഷയങ്ങളിൽ ഭഗവത് ഗീതയില്ല. 

Claim :  നെതർസാൻഡ്സിൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കി
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News