ഫാക്ട് ചെക്ക്: ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന വരികൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പോസ്റ്റർ? പ്രചാരണം വ്യാജം
മുക്കം മുനിസിപ്പാലിറ്റി വെൽഫെയർ പാർട്ടി സ്ഥാനാർഥിയുടെ 2020ലെ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചാരണം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം പുരോഗമിക്കുകയാണ്. 2025 ഡിസംബർ 9, 11 തിയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികളാണ് മലപ്പുറത്ത് ലഭിച്ചത്. നവംബർ 24 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഡിസംബർ 13 നാണ് വോട്ടെണ്ണൽ.
രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം പുരോഗമിക്കെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളും സജീവമാവുകയാണ്. കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ 'ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ' എന്ന വാചകമെഴുതി പോസ്റ്ററെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 18 കണക്കുപറമ്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സാറ കൂടാരത്തെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റർ. സാറ കൂടാരത്തിൻ്റെ ചിത്രത്തോടൊപ്പം ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്ല മൗദൂദി, മുസ്ലിം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിന് മുകളിലായി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വാചകമുണ്ട്.
പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന വാചകമെഴുതി യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പോസ്റ്ററെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 2020ലെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചാരണം.
പ്രചരിക്കുന്ന പോസ്റ്ററിൽ ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന വാചകത്തിൻ്റെ ഫോണ്ട് മറ്റ് വാചകങ്ങളുടെ ഫോണ്ടുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി. യുഡിഎഫ് പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി എന്ന വാചകം പോസ്റ്റർ 2020ലേതാണെന്ന സൂചന നൽകുന്നുണ്ട്. പോസ്റ്റിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്ല മൗദൂദി, മുസ്ലിം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ ചിത്രവും സംശയമുളവാക്കുന്നുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിൽ സാറ കൂടാരത്തിൻ്റെ ഫേസ്ബുക്ക് പേജ് ലഭ്യമായി. പേജിൽ മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 18 കൌൺസിലർ എന്ന് നൽകിയതായി കാണാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി 2020ൽ പങ്കുവെച്ച യഥാർഥ പോസ്റ്റർ ലഭിച്ചു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 18ൽ മത്സരിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർഥിയാണ് സാറ കൂടാരം. ഇതേ പോസ്റ്ററാണ് ഇപ്പോൾ പ്രചരിക്കുന്നത്.
തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിൽ നടത്തിയ പരിശോധനയിൽ സാറ കൂടാരത്തിൻ്റെ പ്രൊഫൈൽ ലഭ്യമായി.
പ്രൊഫൈലിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും സാറ കൂടാരം അറിയിച്ചു. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
"2020ൽ സമാന പോസ്റ്റർ പ്രചരിച്ചിരുന്നു. അന്ന് മുക്കം പൊലീസ്, ജില്ലാ കലക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. മുക്കം പൊലീസ് കേസെടുക്കുകയും ചെയ്തു. നടപടിയില്ലാതായപ്പോൾ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2021ലും പരാതി നൽകി. തുടർന്നും നടപടികളൊന്നും ഉണ്ടായില്ല. അന്ന് പ്രചരിച്ച പോസ്റ്റർ തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു."
ഇതുമായി ബന്ധപ്പെട്ട് മാധ്യമ വാർത്തകളും ലഭിച്ചു. വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന വാചകമെഴുതി യുഡിഎഫ് പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥിയുടെ പോസ്റ്ററെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 18ൽ മത്സരിച്ച സാറ കൂടാരത്തിൻ്റെ പ്രചാരണ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും വ്യക്തമായി