ഫാക്ട് ചെക്ക്: ശ്മശാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന ഇന്ത്യൻ വംശജർ? പ്രചാരണം വ്യാജം

യുക്രൈനിലെ പ്രൊവോഡി ആചാരത്തിൻ്റെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ കല്ലറയിൽ നിന്ന് ശേഖരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്

Update: 2025-11-24 05:03 GMT

ശ്മശാനത്തിൽ മോഷണം നടത്തുന്ന ഇന്ത്യക്കാർ  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാവുകയാണ്. യൂറോപ്പിലെ ശ്മശാനങ്ങൾ പോലും സുരക്ഷിതമല്ലെന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾ കല്ലറയിൽ അർപ്പിച്ച പുഷ്പങ്ങളുൾപ്പടെ കുടിയേറ്റക്കാർക്ക് വരുമാന മാർഗമാകുന്നുവെന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. വീഡിയോയിൽ ഒരു പുരുഷനും ഒരു സ്ത്രീയും കല്ലറകളിൽ നിന്ന് പൊതികൾ എടുക്കുന്നതായും കാണാം. കല്ലറയിൽ നിന്ന് മോഷ്ടിക്കുന്ന പുഷ്പങ്ങൾ വിറ്റ് പണമുണ്ടാക്കുന്ന കുടിയേറ്റക്കാർ എന്നാണ് വാദം. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.




 



വസ്തുത പരിശോധന:

ശ്മശാനത്തിൽ നിന്നും പുഷ്പങ്ങൾ മോഷ്ടിക്കുന്ന ഇന്ത്യക്കാരെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. യുക്രൈനിലെ വിശ്വാസാചാരത്തിൻ്റെ ഭാഗമായി മിഠായികൾ തിരികെയെടുക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ശ്മശാനത്തിൽ യുക്രൈൻ പതാക കാണാം. ഇത് വീഡിയോ യുക്രൈനിൽ നിന്നുള്ളതാണെന്ന സൂചന നൽകി. പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സമാന രീതിയിൽ നിരവധി പോസ്റ്റുകൾ കണ്ടെത്തി. എന്നാൽ മരിച്ചവരെ പോലും വെറുതെ വിടാത്ത അനധികൃത കുടിയേറ്റക്കാർ എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.  യുകെയിലെ ശ്മശാനങ്ങളിൽ മരിച്ചവരിൽ നിന്ന് പോലും മോഷ്ടിക്കുന്ന അനധികൃത കുടിയേറ്റക്കാരെന്ന തരത്തിലാണ് സമാന വീഡിയോ പ്രചരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്തുത അന്വേഷണ ഏജൻസികൾ പ്രചാരണം വ്യാജമാണെന്നും യുക്രൈനിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നും കണ്ടെത്തിയ റിപ്പോർട്ടുകൾ ലഭിച്ചു.

തുടർന്ന് 2025 ഏപ്രിൽ 27-ന് @djoni_game എന്ന യുക്രൈൻ  അക്കൗണ്ടിൽ നിന്നുള്ള ഒരു ടിക് ടോക്ക് പോസ്റ്റ് ലഭിച്ചു . വീഡിയോയ്ക്ക് മുകളിൽ വിവരണം നൽകിയതായി കാണാം. ഗൂഗിൾ വിവർത്തനം ചെയ്യുമ്പോൾ "പ്രൊവോഡിയിൽ ബിസിനസ്സ്" എന്നാണ് വാചകമെന്ന് വ്യക്തമായി. യുക്രൈൻ പതാകയും വീഡിയോയിൽ കാണാം. കൂടാതെ, കല്ലറയിലെ പേരുകൾ സിറിലിക്കിൽ നിന്ന് വന്ന യുക്രൈൻ  ലിപിയിലാണ് എഴുതിയിരിക്കുന്നത്. വീഡിയോ യൂറോപ്പിൽ നിന്നുള്ളതല്ല, യുക്രൈനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.




 


തുടർന്ന് നടത്തിയ പരിശോധനയിൽ യുക്രൈൻ റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സൈനികരുടെ കല്ലറയാണിതെന്ന് കണ്ടെത്തി. ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ യുക്രൈൻ പ്രൊവോഡിയെ കുറിച്ച് നിരവധി ലേഖനങ്ങൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം യുക്രൈനിൽ മരിച്ചവരെ അനുസ്മരിക്കുന്ന പരമ്പരാഗത ചടങ്ങാണ് പ്രൊവോഡിയെന്ന് മനസ്സിലാക്കി. തോമസ് ഞായറെന്നും ഈ ആചാരത്തെ വിളിക്കും. യുക്രൈനിലെ ചിലയിടങ്ങളിൽ ചടങ്ങ് റഡോണിറ്റ്സ എന്നാണ് അറിയപ്പെടുന്നത്. ഈസ്റ്റർ ഞായറിന് ഒരാഴ്ച കഴിഞ്ഞാണ് പ്രൊവോഡി ആചരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾ ശ്മശാനങ്ങൾ സന്ദർശിക്കുകയും കല്ലറ വൃത്തിയാക്കി പൂക്കൾ കൊണ്ട് അലങ്കരിക്കും. ആചാരപ്രകാരം കല്ലറകളിൽ ഭക്ഷ്യവസ്തുക്കൾ അർപ്പിക്കും. 

ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ട് പ്രകാരം ഖാർകിവിന് കിഴക്കുള്ള യുക്രൈനിലെ സ്റ്റാരി സാൾട്ടിവ് ഗ്രാമത്തിൽ ഓർത്തഡോക്സ് ഈസ്റ്ററിൻ്റെ പ്രൊവോഡി ആചാരത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ കല്ലറ സന്ദർശിക്കുന്നതാണ് ആചാരം. റിപ്പോർട്ടിൽ ഉപയോഗിച്ച ചിത്രങ്ങളിൽ വൈറൽ വീഡിയോയിലേതിന് സമാനമായി പൊതികൾ കാണാം.




 



വിശ്വാസം പ്രകാരം കല്ലറയിൽ സമർപ്പിക്കുന്ന ഭക്ഷണം പിന്നീട് ശേഖരിക്കാൻ നാട്ടുകാർക്ക്  അനുവാദമുണ്ട്. മിഠായികൾ ഉൾപ്പടെ ശേഖരിക്കാൻ കുട്ടികളുമെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

മരിച്ചവരിൽ നിന്നും പുഷ്പങ്ങളുൾപ്പടെ മോഷ്ടിക്കുന്ന ഇന്ത്യക്കാരെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. യുക്രൈനിലെ വിശ്വാസാചാരത്തിൻ്റെ ഭാഗമായി  മിഠായികൾ തിരികെയെടുക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഈസ്റ്ററിന് ശേഷമുള്ള ഞായറാഴ്ച മരിച്ചവരുടെ ബന്ധുക്കൾ കല്ലറ സന്ദർശിച്ച് പുഷ്പങ്ങളും ഭക്ഷ്യവസ്തുക്കളും അർപ്പിക്കുന്ന പ്രൊവോഡിയൻ ആചാരത്തിൻ്റെ ഭാഗമാണ് ഇത്. ബന്ധുക്കൾ അർപ്പിച്ച ഭക്ഷ്യവസ്തുക്കൾ പിന്നീട് കുട്ടികളും നാട്ടുകാരും ശേഖരിക്കുന്നതാണ് പാരമ്പര്യം.

Claim :  കല്ലറകളിൽ നിന്ന് മോഷ്ടിക്കുന്ന ഇന്ത്യക്കാർ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News