ഫാക്ട് ചെക്ക്: അറബ് നേതാക്കളുടെ ചിത്രമുയർത്തി പൂരം? പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല
യുഎഇ ഭരണാധികാരിയുൾപ്പടെയുള്ള ചിത്രമാണ് പൂരത്തിന് പ്രദർശിപ്പിച്ചതെന്നാണ് പ്രചാരണം
പൂരത്തിന് അറബ് നേതാക്കളുടെ ചിത്രങ്ങൾ പ്രദൃശിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാവുകയാണ്. വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിൽ കുടമാറ്റവും ഒപ്പം യുഎഇ ഭരണാധികാരികളുടെ ചിത്രമുയർത്തുന്നതുമാണ് ദൃശ്യത്തിൽ. ദുബൈ ഭരണാധികാരി ഷെയ്ഖ് റാഷിദ് അൽ മഖ്തൂം ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങൾ ഈദ് അൽ ഇത്തിഹാദ് എന്ന അടിക്കുറിപ്പോടെയാണ് പ്രദർശിപ്പിച്ചത്. ഇത് ബിഹാറല്ല കേരളമാണിതെന്ന തരത്തിലാണ് ദൃശ്യം പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
പോസ്റ്റ് ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
കേരളത്തിൽ ഹിന്ദു ആഘോഷത്തിന് അറബ് നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ ദുബൈയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വടക്കുംനാഥ ക്ഷേത്രം യഥാർഥമല്ലെന്ന് സൂചന ലഭിച്ചു. തുടർന്ന് വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചു. onspot.buzz എന്ന ഇൻസ്റ്റഗ്രാം പേജിൽ സമാന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. യുഎഇ ദേശീയ ദിനത്തിൽ മലയാളികളുടെ പരിപാടി എന്ന തരത്തിലാണ് 2025 ഡിസംബർ 2ന് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൽ @mmdethrissuruae_official എന്ന പേജ് ടാഗ് ചെയ്തതായി കാണാം. ദുബൈ, യുഎഇ, യുഎഇ ദേശീയ ദിനം, മ്മടെ തൃശൂർ തുടങ്ങിയവയാണ് ഹാഷ് ടാഗുകൾ. ഇതോടെ വീഡിയോ ദുബൈയിൽ നിന്നുള്ളതാവാം എന്ന സൂചന ലഭിച്ചു.
മ്മടെ തൃശൂർ ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ട് പരിശോധിച്ചു. വൈറൽ വീഡിയോയിലെ പശ്ചാത്തലത്തിൽ നിരവധി വീഡിയോകൾ പേജിലുണ്ട്. യുഎഇയിലെ മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടിയാണ് മ്മടെ തൃശൂർ പൂരം. തൃശൂർ പൂരം മാതൃകയിൽ നടക്കുന്ന പരിപാടിയിൽ ആന എഴുന്നള്ളിപ്പും കുടമാറ്റവും ഉണ്ട്. യുഎഇ ഭരണാധികാരികളുടേത് മാത്രമല്ല ഭൈരവൻ്റെയും ചിത്രം കുടമാറ്റത്തിന് ഉപയോഗിച്ച വീഡിയോകൾ ലഭിച്ചു.
കൂടുതൽ വിവരങ്ങൾക്കായി നടത്തിയ കീ വേഡ് പരിശോധനയിൽ മനോരമ ന്യൂസ് നൽകിയ റിപ്പോർട്ട് ലഭിച്ചു. തൃശൂർ പൂരത്തിൻ്റെ തനിമ പുനഃസൃഷ്ടിച്ച് ദുബൈയിൽ 'മ്മടെ തൃശൂർ 2018' എന്ന പ്രവാസി കൂട്ടായ്മയും സിനർജി ഇവൻസും ചേർന്നാണ് മ്മടെ തൃശൂർ പൂരം ഒരുക്കിയത്. എത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സംഘടിപ്പിച്ച ആറാം പതിപ്പ് ഡിസംബർ 1, 2 തീയതികളിലാണ് നടന്നത്. നടൻ ജയറാമും മേളപ്രമാണി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കേരളത്തിന് പുറത്ത് ആദ്യമായി ഒരുമിച്ച് വാദ്യമേളം അവതരിപ്പിച്ചു.
യുഎഇ ദിനപത്രമായ ഖലീജ് ടൈംസും പരിപാടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മ്മടെ തൃശൂർ പൂരം 2025ലൂടെ കേരളത്തിൻ്റെ ഉത്സവത്തെ സ്വാഗതം ചെയ്ത് ദുബൈ എന്നാണ് റിപ്പോർട്ട്. എട്ട് ഘടക പൂരങ്ങൾക്ക് സമാനമായി മണലൂർ ദേശം (കാരമുക്ക് ഭഗവതി), അന്തിക്കാടൻസ് (പനമുക്കും പള്ളി), അബുദാബി മലയാളി സമാജം (ചെമ്പൂക്കാവ്), പ്രചാര ചാവക്കാട് (കണിമംഗലം), എളവള്ളി ദേശം (ലാലൂർ), ഇരിങ്ങാലക്കുട ദേശം (ഉച്ചേരിത്തലക്കാവ്), ഇരിങ്ങാലക്കുട ദേശം (എ ബാങ്കോലക്കാവ്), ക്ലബ്ബ്, എ. (ചൂരക്കോട്ടുകാവ്) എന്നിവരാണ് ദുബൈയിൽ ഒരുമിച്ചത്. യുഎഇയിലെ പ്രവാസി സമൂഹത്തിൻ്റെ കേരളവുമായുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ആഘോഷമെന്നും ഖലീജ് ടൈംസ് റിപ്പോർട്ടിലുണ്ട്.
നടൻ ജയറാമിൻ്റെ പ്രതികരണം ഏഷ്യനെറ്റ് ന്യൂസ് ഗൾഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുബായിൽ പ്രവാസികളുടെ തൃശൂർ പൂരമായ 'മ്മടെ തൃശൂർ പൂരം' ആദ്യദിനം കണ്ടു ഞെട്ടി നടൻ ജയറാം; ആനചമയം പ്രദർശനം ഉൾപ്പടെ വിസ്മയമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് നടൻ ജയറാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
കേരളത്തിൽ ഹിന്ദു ആഘോഷത്തിന് അറബ് നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ദുബൈയിലെ മലയാളി സമൂഹം തൃശൂർ പൂരം പുനഃസൃഷ്ടിച്ചതാണ്. മ്മടെ തൃശൂർ ആറാം പതിപ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്