ഫാക്ട് ചെക്ക്: അസമിൽ മതപരിവർത്തനത്തിനെതിരെ പ്രതിഷേധം? വസ്തുത അറിയാം.
ജാർഖണ്ഡിൽ ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
മതപരിവർത്തനത്തിനെതിരെ അസമിൽ പ്രതിഷേധമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മതപരിവർത്തനത്തിനെതിരെ "ആസാമിൽ ആദിവാസി സമൂഹത്തിൻ്റെ വൻ പ്രതിഷേധം. മതപരിവർത്തനം നിർത്തിയില്ലെങ്കിൽ എല്ലാത്തിൻ്റെയും നെഞ്ചും കൂടു പറിച്ചുകീറി കാട്ടിലേറിയും എന്നാണ് ആദിവാസി നേതാവിൻ്റെ താക്കീത്. പണ്ട് ത്രിപുരയിൽ ആദിവാസി യുവതിയെ ബംഗ്ലാദേശികൾ ഉപദ്രവിച്ചതിൻ്റെ പേരിൽ എല്ലാത്തിൻ്റെയും വയറും നെഞ്ചും അമ്പു തുളച്ചു കയറിയത് നാം കണ്ടതാണ്" എന്ന വിരണത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ആദിവാസി നേതാവ് നിഷാ ഭഗത് പ്രസംഗിക്കുന്നതായി കാണാം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
മതപരിവർത്തനത്തിനെതിരെ അസമിൽ പ്രതിഷേധമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിൻ്റെ പ്രതിഷേധത്തിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ വൈറൽ വീഡിയോയിലുള്ളത് ജാർഖണ്ഡിലെ കേന്ദ്രീയ സരണാ സമിതി എന്ന ആദിവാസി സംഘടനയുടെ നേതാവാണ് നിഷാ കുമാരി ഭഗത്താണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ നിഷാ കുമാരിയുടെ എക്സ് പേജിൽ പ്രസ്തുത പ്രതിഷേധത്തിൽ നിന്നുള്ള ചിത്രം കണ്ടെത്തി. 2025 നവംബർ 8ന് പങ്കുവെച്ച പോസ്റ്റിൽ അവർ ജാർഖണ്ഡ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടു. "നിലനിൽപ്പിനും സ്വത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും....
സർണ ആദിവാസി സമാജ് അനീതിക്കെതിരെ ഐക്യത്തോടെ ഉറച്ചുനിൽക്കുന്നു!
ആദിവാസി ഏകതാ മഞ്ചിൻ്റെ പ്രതിഷേധ റാലി ഛത്ര ജില്ലയിൽ പ്രതിധ്വനിച്ചു...
ജയ് സർണ! ജയ് ചലയോ! ജയ് ആദിവാസി" എന്ന വിരണത്തോടെയാണ് പോസ്റ്റ്
വൈറൽ വീഡിയോ നിഷാ കുമാരി ഭഗത് ഫേസ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി.
ലഭ്യമായ സൂചന പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സംവരണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലുണ്ടായ പ്രതിഷേധത്തിൽ നിന്നാണെന്ന് വ്യക്തമായി. റിപ്പോർട്ടുകൾ പ്രകാരം കുർമി, കുമി മഹാതോ എന്നീ ആദിവാസി വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നതിന് എതിരെ 2025 നവംബർ 7ന് ആദിവാസി ഏകതാ മഞ്ചിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആദിവാസികൾ ഛത്ര നഗരത്തിൽ പ്രതിഷേധിച്ചത്. കുർമി വിഭാഗത്തിന് ആദിവാസികളുമായി ബന്ധമില്ലെന്നാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
ജാർഖണ്ഡിലെ വനവും ഭൂമിയും ആദിവാസി സമൂഹത്തിൽ നിന്ന് തട്ടിയെടുത്ത് ഗോത്രത്തിൻ്റെ നിലനിൽപ്പ് ഇല്ലാതാക്കാൻ കുർമി സമൂഹം ശ്രമിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്ത് ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത ബിജെപി ജില്ലാ പ്രസിഡൻ്റും ഭോക്ത സമാജ് അംഗവുമായ രാംദേവ് സിംഗ് ഭോക്ത പറഞ്ഞു. ഗോത്ര സമൂഹത്തിൽ ഉൾപ്പെടുത്തണമെന്ന കുർമി സമൂഹത്തിൻ്റെ ആവശ്യങ്ങളെ സംസ്ഥാന സർക്കാർ നിശബ്ദമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൂടുതൽ വ്യക്തതയ്ക്കായി അസമിൽ മതപരിവർത്തനത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായോ എന്നും പരിശോധിച്ചു. എന്നാൽ ഇത്തരമൊരു സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തിയില്ല. കൊച് രാജ്ബോങ്ഷ് വിഭാഗത്തിന് പട്ടികവർഗ സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങളുണ്ടായതായ റിപ്പോർട്ടുകളും ലഭിച്ചു .
ഇതോടെ മതപരിവർത്തനത്തിനെതിരെ അസമിൽ പ്രതിഷേധമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ അസമിൽ നിന്നുള്ളതല്ലെന്നും ജാർഖണ്ഡിൽ കുർമി, കുമി മഹാതോ ജാതിയിലുള്ളവരെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ ആദിവാസി ആദിവാസി ഏകതാ മഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.