ഫാക്ട് ചെക്ക്: വനിതാസ്ഥാനാര്‍ഥിയുടെ ചിത്രമില്ലാത്ത തെരഞ്ഞെടുപ്പ് ബാനര്‍? വസ്തുതയെന്ത്
പ്രചാരണ ബോര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിൻ്റെ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണൽ. നവംബര്‍ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.
അതിനിടെ വനിതാ സ്ഥാനാർഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിൻ്റെ ചിത്രമുപയോഗിച്ച തെരഞ്ഞെടുപ്പ് പ്രചാരണമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചാരണ ബോർഡ് വൈറലാവുകയാണ്. ’സുലൈമാൻ്റെ ബീവി ഫാത്തിമയെ വിജയിപ്പിക്കുക’യെന്ന വാചകത്തോടെ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സ്ഥാനാഥിയുടെ ചിത്രത്തിന് പകരം പുരുഷൻ്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ചക്കരക്കുടം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന പിപിഡിപി പാര്‍ട്ടിയുടെ സ്ഥാനാർഥിയാണെന്ന് ഫ്ലക്സിലുണ്ട്. പാർട്ടി ചിഹ്നവും കാണാം. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
വനിത സ്ഥാനാർഥിക്ക് പകരം ഭർത്താവിൻ്റെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണമെന്ന പോസ്റ്റുകൾ വസ്തുതവിരുദ്ധമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം വെള്ളരി പട്ടണം എന്ന മലയാള സിനിമയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.
വൈറൽ ചിത്രത്തിലെ പഞ്ചായത്തിൻ്റെ പേരും പാർട്ടിയുമാണ് പ്രചാരണം വ്യാജമാണെന്ന സൂചന നൽകുന്നത്. കേരളത്തിൽ ചക്കരക്കുടം എന്ന പഞ്ചായത്തുണ്ടോ എന്ന് പരിശോധിച്ചു. ഇതിനായി കേരള തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്തുത കീവേഡുപയോഗിച്ച് പരിശോധിച്ചു. സമാനമായ പേരുകളില്‍ ചക്കിട്ടപ്പാറ, ചക്കുപല്ലം പഞ്ചായത്തുകള്‍ കണ്ടെത്തിയെങ്കിലും ചക്കരക്കുടം എന്ന പഞ്ചായത്ത് ഇല്ലെന്ന് വ്യക്തമായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ വിവരം പ്രകാരം പിപിഡിപി എന്ന പാർട്ടിയും കേരളത്തിലില്ലെന്ന് വ്യക്തമായി. അബ്ദുൽ നാസർ മഅ്ദനിയുടെ പിഡിപി എന്ന പീപിൾസ് ഡെമോക്രാറ്റിക് പാർട്ടിയാണ് സാമ്യമുള്ള പേരിലുള്ള പാർട്ടി.
പഞ്ചായത്തും പാർട്ടിയും സാങ്കൽപ്പികമായതിനാൽ ചലചിത്രത്തിൽ നിന്നുള്ള ദൃശ്യമാകാമെന്ന സൂചന ലഭിച്ചു. തുടർന്ന് പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന വാദത്തോടെ നിരവധി പോസ്റ്റുകൾ കണ്ടെത്തി. ചിത്രത്തിൻ്റെ വൈഡ്-സ്ക്രീന്‍ പതിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതായി കണ്ടെത്തി. എക്സിലെ പോസ്റ്റിന് താഴെ ചലചിത്രത്തിൽ നിന്നുള്ള ദൃശ്യമാണെന്ന് കമൻ്റ് ശ്രദ്ധയിപ്പെട്ടു.
തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ സൌബിൽ ഷാഹിറും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായിയെത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യമാണെന്ന് സൂചന ലഭിച്ചു.
യൂട്യൂബില്‍ നടത്തിയ പരിശോധനയില്‍ ചിത്രത്തിൻ്റെ പൂര്‍ണപതിപ്പ് ലഭ്യമായി. അമൃത മൂവീസ് പങ്കുവെച്ച ചിത്രത്തിൻ്റെ പൂർണപതിപ്പിൽ ഒരു മണിക്കൂർ പത്തൊൻപത് മിനിറ്റിൽ വൈറൽ പോസ്റ്റിലുള്ള ഭാഗം കണ്ടെത്തി.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് കെ ആര്‍ മണി നിര്‍മിച്ച് 2023-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളരി പട്ടണം. മഞ്ജു വാര്യർ കെ പി സുനന്ദ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സൗബിന്‍ഷാഹിര്‍, സലിംകുമാര്‍ എന്നിവരും മുഖ്യവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സുലൈമാൻ എന്ന കഥാപാത്രമായത് സംവിധായകൻ മഹേഷ് വെട്ടിയാർ തന്നെയാണ്.
ഇതോടെ കേരളത്തിൽ വനിത സ്ഥാനാർഥിക്ക് പകരം ഭർത്താവിൻ്റെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണമെന്ന സമൂഹ മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകൾ വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ചിത്രം വെള്ളരി പട്ടണം എന്ന മലയാള സിനിമയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി