ഫാക്ട് ചെക്ക്: ബിഹാറിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ബിജെപിക്കൊപ്പം? പ്രചാരണത്തിൻ്റെ വസ്തുതയെന്ത്?
മറാത്ത സംവരണ പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്
ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ റെക്കോഡ് പോളിങാണ് രേഖപ്പെടുത്തിയത്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 64.26 ശതമാനം പോളിങ് രേഖപ്പെടുത്തി. ശേഷിക്കുന്ന 122 സീറ്റുകളിൽ നവംബർ 11-ന് വോട്ടെടുപ്പ് നടക്കും. നവംബർ 14-നാണ് ഫലം പ്രഖ്യാപിക്കുക. ബിഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജംഗിൾ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പോളിങ് നടക്കുന്നതിനിടെ ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്.
അതിനിടെ ബിഹാറിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ബിജെപിക്കൊപ്പം മത്സരിക്കുന്നുവെന്ന എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. നിമയസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ബിജെപിക്കൊപ്പം പ്രചാരണത്തിൽ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ബിഹാറിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ബിജെപിക്കൊപ്പമെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് 2025 സെപ്തംബറിൽ മുംബൈയില്‍ നടന്ന മറാത്ത സംവരണ സമരത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറല്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ' ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് മുംബൈ, റിസ്വാന ഖാന്‍-മഹിള അധ്യക്ഷ' എന്നിങ്ങനെ എഴുതിയതായി കണ്ടു. IUML ഷാള്‍ ധരിച്ച യുവതിയുടെ തലയില്‍ വച്ച തൊപ്പിയിലുള്ളത് ബിജെപിയുടെ ചിഹ്നവുമല്ലെന്നും വ്യക്തമായി. വീഡിയോ ബിഹാറിൽ നിന്നുള്ളതല്ലെന്ന സൂചന ലഭിച്ചു.
വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ റിസ്വാന ഖാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഹിന്ദുക്കളും മുസ്ലീങ്ങളും അവരുടെ അവകാശങ്ങൾക്കായി ഒരുമിച്ച് നിൽക്കും എന്ന വിവരണത്തോടെ 2025 സെപ്റ്റംബര്‍ 2നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറാത്തി ഭാഷയിലാണ് വീഡിയോയിൽ സംസാരിക്കുന്നതെന്ന് വ്യക്തമായി. റിസ്വാനെ ഖാൻ എന്ന അക്കൌണ്ട് പരിശോധിച്ചപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുംബൈ മഹിളാ പ്രസിഡൻ്റാണെന്ന് വ്യക്തമായി.
മറാത്ത പ്രക്ഷോഭത്തിനെ പിന്തുണച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ പ്രസ്തുത അക്കൌണ്ടിൽ കണ്ടെത്തി. റാലി നടത്തുന്നതും, സമരക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുമായ വീഡിയോകളിൽ മറാത്ത സംവരണ പ്രക്ഷോഭം നടക്കുന്ന ആസാദ് മൈതാനിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു എന്നിങ്ങനെയാണ് വിവരണം. റിസ്വാന ഖാന്‍ വൈറൽ വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാവി നിറത്തിലുള്ള തൊപ്പി റിസ്വാന ഖാൻ ധരിച്ചതായി കാണാം. ' ഏക് മറാത്ത ലാഖ് മറാത്ത' എന്നാണ് ഇതില്‍ എഴുതിയിട്ടുള്ളത്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ മറാത്ത വിഭാഗത്തിന് സംവരണ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചു. മറാത്ത സംവരണത്തിനായി പോരാടുന്ന മനോജ് ജാരങ്കെ പാട്ടീല്‍ ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തത്. മറാത്ത സംവരണ സമരത്തിലെ മുദ്രാവാക്യമായിരുന്നു ' ഏക് മറാത്ത ലാഖ് മറാത്ത'.
പ്രതിഷേധക്കാർക്ക് കുടിവെള്ളം ഉള്‍പ്പെടെ സര്‍ക്കാര്‍ തടഞ്ഞുവെന്ന ആരോപണം ഉയര്‍ന്നപ്പോൾ വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക സംഘടനകള്‍ സമരക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. ഇതിൻ്റെ ഭാഗമായാണ് മുസ്ലീം ലീഗും ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്.
മുസ്ലീം ലീഗ് ബിജെപിയുമായി ചേര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല.
ഇതോടെ ബിഹാറില്‍ ബിജെപിയോട് ചേർന്ന് മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. 2025 സെപ്റ്റംബറില്‍ മുംബൈയില്‍ നടന്ന മറാത്ത സംവരണ സമരത്തിന് എത്തിയവര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്ന വനിതാ ലീഗ് നേതാവാണ് വീഡിയോയിലെന്നും ബിഹാറിൽ ബിജെപിയുമായി മുസ്ലിം ലീഗ് മത്സരിക്കുന്നില്ലെന്നും വ്യക്തമായി.