ഫാക്ട് ചെക്ക്: എൻഡിഎ വിജയത്തിന് പിന്നാലെ ബിഹാറിൽ പ്രതിഷേധം? വസ്തുതയറിയാം

ഗായകൻ സുബീൻ ഗാർഗിൻ്റെ വിലാപയാത്രയിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്

Update: 2025-11-19 18:17 GMT

പത്താം തവണയും ബിഹാർ മുഖ്യമന്ത്രി പദത്തിലെത്തുകയാണ് നിതീഷ് കുമാർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ  243 സീറ്റിൽ 202  സീറ്റുകൾ നേടിയാണ് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വീണ്ടും അധികാരത്തിലെത്തുന്നത്. 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ നിതീഷ് കുമാറിൻ്റെ  ജനതാദൾ യു (ജെഡിയു) 85 സീറ്റുകളിൽ വിജയിച്ചു. അതേസമയം, രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരടങ്ങിയ മഹാസഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2025 നവംബർ 20നാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻ‌ഡി‌എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. 

അതേസമയം ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുകയാണ്. വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നുമാണ് ഹരജിയിൽ ആവശ്യം.  ശതമാന കണക്ക് അല്ലാതെ എത്ര പേർ വോട്ട് ചെയ്തെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല. ഫോം 20 പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണം. ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണം. സത്യപ്രതിജ്ഞ ചടങ്ങുകൾ തടയണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുപ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹരജിക്കാരൻ.

അതിനിടെ എൻഡിഎയുടെ വിജയത്തിന് പിന്നാലെ ബിഹാറിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങൾ റോഡിൽ ഇറങ്ങി തുടങ്ങി. ഇവരാരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. ബിജെപി വോട്ട് മോഷ്ടിച്ചു എന്ന് വിളിച്ചു പറയുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.




Full View


വസ്തുത പരിശോധന:

എൻഡിഎയുടെ വിജയത്തിന് പിന്നാലെ ബിഹാറിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തി. ഗായകൻ സൂബീൻ ഗാർഗിൻ്റെ വിലാപയാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

ബിഹാറിൽ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിഷേധങ്ങൾ ഉണ്ടായോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാൽ വലിയ തോതിൽ പ്രതിഷേധങ്ങളുണ്ടായതിനെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. പ്രതിഷേധങ്ങൾ ഉണ്ടായാൽ ദേശീയ മാധ്യമങ്ങളുൾപ്പടെ വാർത്തയാകുമായിരുന്നു.

തുടർന്ന് പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ, അസമിലെ ഗുവാഹത്തിയിൽ ഗായകൻ സുബീൻ ഗാർഗിൻ്റെ സംസ്കാര ചടങ്ങിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടെത്തി. 2025 സെപ്റ്റംബർ 21 നാണ് ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ആത്മാവ് അമരനാണ് എന്ന വിവരണത്തിനൊപ്പം സുബീൻ, സുബീൻ ഗാർഗ് മ്യൂസിക് എന്നീ ഹാഷ്ടാഗുകളോടെയാണ് പോസ്റ്റ്. 

2025 സെപ്റ്റംബർ 19-ന് സിങ്കപ്പുരിൽ വെച്ച് സ്‌കൂബ ഡൈവിങ്ങിനിടെ മരണപ്പെട്ട പ്രശസ്ത ഗായകനും അസമീസ് കലാകാരനുമായ സുബീൻ ഗാർഗുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി.

ഇന്ത്യ കണ്ടതിൽവച്ച് ഏറ്റവും വലിയ വിലാപയാത്രയായിരുന്നു അസമിലെ ഗുവാഹത്തിയിൽ സുബിൻറെ മൃതദേഹവും വഹിച്ചുകൊണ്ട് നടന്നത്. ലക്ഷക്കണക്കിന് പേർ ആദരാഞ്ജലി അർപ്പക്കാനെത്തിയത്. സുബീനെ അവസാനമായി കാണാൻ ഗുവാഹത്തിയിലെത്തിയ ജനങ്ങളുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. നാഗലാൻഡ് ടൂറിസം, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ തെംജെൻ ഇംന അലോംഗും ഇതേ വീഡിയോ തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.  


തുടർന്ന് നടത്തിയ പരിശോധനയിൽ സുബീൻ ഗർഗിൻ്റെ വിലാപയാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യ ടൈംസ് ഉൾപ്പടെയുടെ ദേശീയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടിൽ ദൃശ്യം പങ്കുവെച്ചതായി കണ്ടെത്തി. 


Full View

സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെയാണ് പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചത്. 52 വയസായിരുന്നു. ഡൈവിങ്ങിനിടെ ശ്വാസംതടസം നേരിട്ടെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സെപ്റ്റംബർ 20, 21 തിയതികളിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിങ്കപ്പുരിൽ എത്തിയതായിരുന്നു സുബീൻ ഗാർഗ്. സിനിമാരംഗത്തും സംഗീതരംഗത്തും ഏറെ ശ്രദ്ധേയനായ ​ഗായകനായിരുന്നു സുബീൻ ഗാർഗ്. അസമീസ്, ബംഗാളി, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്.  

ഇതോടെ എൻഡിഎയുടെ വിജയത്തിന് പിന്നാലെ ബിഹാറിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ഗായകൻ സൂബീൻ ഗാർഗിൻ്റെ വിലാപയാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് അന്വേഷണത്തിൽ വ്യക്തമായി

Claim :  തെരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറിൽ വൻ പ്രതിഷേധം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News