ഫാക്ട് ചെക്ക്: അരുണാചലും ലഡാക്കും ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്ന് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ? പ്രചാരണം വ്യാജം

അരുണാചൽ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെട്ടതിന് പിന്നാലെയാണ് പ്രചാരണം

Update: 2025-12-03 17:22 GMT

അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.അരുണാചൽ വനിതയെ  ഷാങ്ഹായി വിമാനത്താവളത്തിൽ ട്രാൻസിറ്റിനിടെ തടഞ്ഞു വെച്ചതിലാണ് അരുണാചൽ ചൈനയുടേതാണെന്ന അവകാശവാദം ചൈന ഉന്നയിച്ചത്. ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടലിലാണ് പ്രേമ വാങ്‌ജോം തോങ്‌ഡോക്കിനെ വിട്ടയച്ചത്. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് ചട്ടം. യുവതിയെ ശല്യപ്പെടുത്തിയില്ലെന്നും അരുണാചൽ പ്രദേശ് ചൈനയുടേതാണെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.

അതിനിടെ അരുണാചലും ലഡാക്കും ചൈനയ്ക്ക് കീഴടങ്ങിയെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ പറഞ്ഞെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. പൊതുയോഗത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ചൌഹാൻ "നമ്മൾ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് നമ്മുടെ നാവിക ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ദുർബലമായ വ്യോമസേന കാരണം ഇന്ത്യൻ സർക്കാർ അരുണാചലും ലഡാക്കും ചൈനയ്ക്ക് കീഴടങ്ങിയെന്ന് എനിക്കറിയാമെങ്കിലും, ഇന്ത്യൻ നാവികസേന ദുർബലമല്ലെന്നും പാകിസ്താന് ഒരിക്കലും ഇന്ത്യയിലെ ഒരു തുറമുഖ നഗരത്തെയും നശിപ്പിക്കാൻ കഴിയില്ലെന്നും ഉറപ്പാണ്. മെയ് 10 ന് പോലും പാകിസ്താൻ നാവിക കപ്പലുകൾക്ക് ഗുജറാത്തിൽ എത്താൻ കഴിഞ്ഞില്ല, അവരുടെ ഡ്രോണുകൾ എത്തി, ഇത് വ്യോമ പ്രതിരോധത്തിൻ്റെ പരാജയമാണ്, ഞങ്ങളുടെയല്ല.” എന്ന് പറയുന്നതായി കേൾക്കാം.

ബ്രേക്കിങ് ന്യൂസ് കേരളം:  "നമ്മുടെ ദുർബലമായ വ്യോമസേന കാരണം ഇന്ത്യൻ സർക്കാർ അരുണാചലിനെയും ലഡാക്കിനെയും ചൈനയ്ക്ക് കീഴടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാമെങ്കിലും, ഇന്ത്യൻ നാവികസേന ദുർബലമല്ലെന്നും പാകിസ്ഥാന് ഒരിക്കലും ഇന്ത്യയിലെ ഒരു തുറമുഖ നഗരത്തെയും നശിപ്പിക്കാൻ കഴിയില്ലെന്നും ഉറപ്പാക്കുക." ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന പാസിം ഔട്ട് പരേഡിന്റെ റിവ്യൂ ഓഫീസർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.




 



വസ്തുത പരിശോധന:

അരുണാചലും ലഡാക്കും ചൈനയ്ക്ക് കീഴടങ്ങിയെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ പറഞ്ഞെന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ 2025 നവംബർ 29 ന് ANI പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്  ലഭിച്ചു. 'ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ നാവികസേന നിർണായക പങ്ക് വഹിക്കുമെന്ന് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ' എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്. യോഗത്തിൽ നിന്നുള്ള സിഡിഎസ് ജനറൽ അനിൽ ചൗഹാൻ്റെ ചിത്രം വൈറലായ ദൃശ്യങ്ങൾക്ക് സമാനമാണ്. ജനറൽ ചൗഹാൻ ഐഎൻഎ ഏഴിമലയുടെ പാസിങ് ഔട്ട് പരേഡ്  അഭിസംബോധന ചെയ്യുകയായിരുന്നുവെന്ന് ചിത്രത്തിൻ്റെ അടിക്കുറിപ്പിൽ പറയുന്നു.




 ആത്യന്തികമായി ഇന്ത്യയുടെ സുരക്ഷിത ഭാവി ഉറപ്പാക്കുന്നതിൽ നാവിക സേനയുടെ പങ്കാണ് അനിൽ ചൗഹാൻ പറഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിൽ 2025 നവംബർ 29-ന് റിപ്പബ്ലിക് വേൾഡ് ഐഎൻഎ പാസിങ് ഔട്ട് പരേഡ് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്തതായി കണ്ടെത്തി. ഈ വീഡിയോയിൽ, 1:04:58 മിനിറ്റ് മുതൽ 1:16:12 മിനിറ്റ് വരെ ജനറൽ ചൗഹാൻ സംസാരിക്കുന്നത് കേൾക്കാം. വൈറൽ വീഡിയോയിൽ അവകാശപ്പെടുന്നതുപോലെ അരുണാചൽ പ്രദേശിനെക്കുറിച്ചോ ചൈനയെക്കുറിച്ചോ ജനറൽ ചൌഹാൻ തൻ്റെ പ്രസംഗത്തിൽ പരാമർശിക്കുന്നില്ല.

Full View

നവംബർ 29 ന് നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ എഎൻഐ അവരുടെ എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2:44 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ജനറൽ ചൗഹാൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് കാണിക്കുന്നത്. വൈറൽ വീഡിയോയിൽ ജനറൽ ചൗഹാൻ സംസാരിക്കുന്നതിൻ്റെയും ജനക്കൂട്ടം അദ്ദേഹത്തെ ശ്രവിക്കുന്നതിൻ്റെയും നിരവധി വ്യത്യസ്ത ക്ലിപ്പുകൾ ഉണ്ട്. അതേ വീഡിയോ ക്ലിപ്പുകൾ എഎൻഐ വീഡിയോയിലും കാണാം. എന്നിരുന്നാലും, ഈ ക്ലിപ്പുകൾ വൈറൽ വീഡിയോയുടെ അതേ ക്രമത്തിലല്ലെന്ന് കാണാം.



ഇതോടെ വൈറൽ വീഡിയോ എഡിറ്റ് ചെയ്തതാവാമെന്ന സൂചന ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ എഐ സാധ്യത അറിയാൻ ഹിയ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. പ്രചരിക്കുന്ന ശബ്ദം ഡീപ്ഫേക്കാണെന്ന് വ്യക്തമായി.




 



ഇതോടെ അരുണാചലും ലഡാക്കും ചൈനയ്ക്ക് കീഴടങ്ങിയെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ പറഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദം ഡീപ്ഫേക്കാണെന്ന് വ്യക്തമായി.


Claim :  അരുണാചലും ലഡാക്കും ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്ന് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News