ഫാക്ട് ചെക്ക്: രാമക്ഷേത്രം തകർത്ത് ബാബരി പണിയുന്ന വീഡിയോയുമായി കോൺഗ്രസ്? വസ്തുതയെന്ത്?

വയനാട്ടിൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം എന്ന നിലയിലാണ് വീഡിയോ വൈറലാവുന്നത്

Update: 2026-04-05 17:13 GMT

 നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുകയാണ് കേരളം. 2026 ഏപ്രിൽ 9-നാണ് 140 മണ്ഡലങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. അവസാന ലാപ്പിൽ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കൾ  സംസ്ഥാനത്തെത്തിയിട്ടുണ്ട്. 

അതിനിടെ, അയോധ്യാ രാമക്ഷേത്രം തകര്‍ത്ത്  ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുന്ന ഒരു ഗ്രാഫിക്സ് വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വയനാട് നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ ഗാനം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രവും വീഡിയോയിലുണ്ട് വോട്ട് ഫോർ രാഹുൽ ഗാന്ധി, അപ്പീൽ വയനാട് കോൺഗ്രസ് കമ്മിറ്റി എന്നൊരു ഭാഗവും വീഡിയോയുടെ അവസാനഭാഗത്തിൽ കാണാം. "കോൺഗ്രസ് പാർട്ടി തങ്ങളുടെ *വയനാട് നിയോജകമണ്ഡലത്തിനായി നൽകിയ പരസ്യം നോക്കൂ; *ഇത് എല്ലാ 🚩🕉️ ഹിന്ദുക്കൾക്കും അയച്ച് അവരുടെ കണ്ണുകൾ തുറക്കൂ" എന്നാണ് വീഡിയോയുടെ വിവരണം. പോസ്റ്റും ലിങ്കും ചുവടെ.




 



വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.

വസ്തുത പരിശോധന:

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്  അയോധ്യാ രാമക്ഷേത്രം തകര്‍ത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുന്ന വീഡിയോ ഉപയോഗിച്ചെന്ന പ്രചാരണം വ്യാജമാണ്. കോണ്‍ഗ്രസ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വൈറൽ വീഡിയോയിലുള്ളത് വോട്ട് ഫോർ രാഹുൽ ഗാന്ധി എന്നാണ്. വയനാട് കോൺഗ്രസ് കമ്മിറ്റിയെന്നുമുണ്ട്. ഇത് വീഡിയോ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ ഉള്ളതാകുമെന്നുമുള്ള സൂചന ലഭിച്ചു. തുടർന്ന് പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറല്‍ വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 2024 ഏപ്രില്‍ 26ന് കോണ്‍ഗ്രസ് കേരളത്തിൻ്റെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ച പോസ്റ്റ് ലഭിച്ചു. വീഡിയോയിലെ എൻഡ് കാർഡിലെ വോട്ട് ഫോർ രാഹുൽ ഗാന്ധിയെന്ന ഫ്രെയിം ഉക്ഷപ്പെടുത്തിയുള്ള പോസ്റ്റിൽ വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പകർപ്പും നൽകിയിട്ടുണ്ട്. "രാഹുൽ ഗാന്ധിയെ വിദ്വേഷം പ്രചരിപ്പിക്കുന്നയാളായി ചിത്രീകരിച്ച് വ്യാജ പ്രചാരണ വീഡിയോകൾ നിർമ്മിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും അവർ ദയനീയമായി പരാജയപ്പെട്ടു. രാഹുൽ ഗാന്ധിയുമായി ഒരു ഇന്ത്യക്കാരനും ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത കാര്യമാണ് വർഗീയ വിദ്വേഷം. സ്വാർത്ഥ നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ആരെയും ഞങ്ങൾ വെറുതെ വിടില്ല" എന്ന വിവരണത്തോടെയാണ് പോസ്റ്റ്. 



തുടർന്ന് നടത്തിയ കീ വേഡ് പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകൾ ലഭിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസെടുത്തെന്നാണ് മാധ്യമം റിപ്പോർട്ട്. തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ നിർമിച്ചെന്നാണ് പരാതിയെന്നും റിപ്പോർട്ടിലുണ്ട്.

അയോധ്യാ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മിച്ചതിന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി നൽകിയ റിപ്പോർട്ടിലുണ്ട്. വീഡിയോ വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശി രാജേഷ് ജി നായര്‍ക്കെതിരെ എറണാകുളം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ, അയോധ്യാ രാമക്ഷേത്രം തകര്‍ത്ത് ബാബരി മസ്ജിദ് നിര്‍മിക്കുന്നതായുള്ള ഗ്രാഫിക്‌സ് വീഡിയോ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയല്ലെന്ന് വ്യക്തമായി. 2024 മുതല്‍ പ്രചാരത്തിലുള്ള ഈ വീഡിയോ നിര്‍മിച്ചയാള്‍ക്കെതിരെ മതസ്പർധ വളർത്തിയതിന് കേസെടുത്തിരുന്നു.



Claim :  രാമക്ഷേത്രം തകർത്ത് ബാബരി പണിയുന്ന വീഡിയോയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News