ഫാക്ട് ചെക്ക്: ഇറാൻ യുഎസ് വിമാനവാഹിനിക്കപ്പൽ ആക്രമിച്ചോ? പ്രചരിക്കുന്ന വീഡിയോ എഐ നിർമിതം
യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാൻ തകർക്കുന്ന ദൃശ്യമെന്ന് വാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്
ഇസ്രായേലും അമേരിക്കയും ഇറാനുനേരെ സംയുക്താക്രമണം തുടങ്ങി ഒരു മാസം പിന്നുടുകയാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണവും ഇറാൻ്റെ പ്രത്യാക്രമണവും മേഖലയിൽ സംഘർഷം രൂക്ഷമാകുകയാണ്. മൂന്നാഴ്ച നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രഖ്യാപിച്ച യുദ്ധം മാസം ഒന്ന് പിന്നിടുമ്പോൾ കടുത്ത ഊർജ പ്രതിസന്ധിയിലാണ് ലോകം. ഇറാൻ്റെ പരമോന്നത നേതാവിനെയും സൈനിക നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെയും വധിച്ചെങ്കിലും ഇറാൻ പ്രത്യാക്രമണം കടുത്തതോടെ യുദ്ധം നീളുകയാണ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും യുഎസിനെ വലയ്ക്കുകയാണ്. സഹായത്തിനായി യൂറോപ്യൻ യൂണിയനെ ട്രംപ് സമീപിച്ചെങ്കിലും യുദ്ധത്തിൽ പങ്കാളികളാകുന്നില്ലെന്നാണ് ഇയു അറിയിച്ചത്.
അതിനിടെ, അമേരിക്കൻ വിമാനവാഹിനി കപ്പൽ ഇറാൻ ആക്രമിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ വിമാനവാഹിനിക്കപ്പലിൽ പതിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ ആക്രമിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. വൈറൽ വീഡിയോ എഐ നിർമിതമാണ്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അസ്വാഭാവിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടു. വീഡിയോ എഐ ആണെന്ന സൂചന നൽകുന്ന ചലനം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ സമാന വീഡിയോ 2025 ഓഗസ്റ്റ് 27-ന് ‘Nakroos’ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. പ്രസ്തുത അക്കൌണ്ട് പരിശോധിച്ചപ്പോൾ നക്രൂസ് എഐ പ്രൊഡക്ഷൻസ് എന്ന വിവരണം കണ്ടെത്തി. സ്ഥിരതയുള്ള എഐ കഥാപാത്രങ്ങളും ശബ്ദങ്ങളും. വൈറൽ റീലുകൾ, എഐ കൊമേഴ്‌സ്യൽസ്, എഐ ഷോർട്ട് ഫിലിമുകൾ/ആനിമേഷനുകൾ & വൈടി പിഎസ് തംബ്‌സ് എന്നിങ്ങനെയാണ് അക്കൌണ്ട് വിവരണം.
വൈറൽ വീഡിയോയുടെ പരിശോധിച്ചപ്പോൾ എഐ ഉപയോഗിച്ചാണ് ഉപയോക്താവ് വൈറൽ വീഡിയോ സൃഷ്ടിച്ചതെന്ന് പോസ്റ്റിൻ്റെ അടിക്കുറിപ്പ് സ്ഥിരീകരിക്കുന്നു. "വിമാനക്കപ്പൽ എവിടെയും തകർന്നുവീണില്ല. അത് എങ്ങനെ സംഭവിച്ചുവെന്ന് ഞാൻ വിശദീകരിച്ചു. ഈ ഷോട്ട് വളരെ റിയലിസ്റ്റിക് ആയി തോന്നുന്നു, പക്ഷേ എന്നെ വിശ്വസിക്കൂ, ഇത് 10000% എഐ നിർമിതമാണ്. യഥാർത്ഥ ജീവിതത്തിലെ ദുരന്തങ്ങൾ പോലെ തോന്നിക്കുന്ന, എന്നാൽ എല്ലാം എഐ ഉപയോഗിച്ച് നിർമ്മിച്ച ഭ്രാന്തമായ സങ്കൽപ്പിക്കാനാവാത്ത ഷോട്ടുകൾ സൃഷ്ടിക്കാൻ ഞാൻ പരീക്ഷണം നടത്തുകയാണ്. നിങ്ങളോട് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞാൻ എപ്പോഴും ഇവിടെ സത്യസന്ധനാണ്... നൂറുകണക്കിന് കൂടുതൽ റിയലിസ്റ്റിക് AI ക്രാഷുകൾ, സ്ഫോടനങ്ങൾ, ഭ്രാന്തമായ ഭാവി-ശൈലിയിലുള്ള വിഎഫ്എക്സ് ഷോട്ടുകൾ വരാനിരിക്കുന്നു" എന്നാണ് വിവരണം
തുടർന്ന് വീഡിയോയിലെ എഐ സാന്നിധ്യം എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചു. വീഡിയോ 99.9 ശതമാനം എഐ നിർമിതം അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.
സ്ഥിരീകരണത്തിനായി കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ക്രൂയിസ് മിസൈലുകൾ ആക്രമിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടതായുള്ള റിപ്പോർട്ടുകൾ കണ്ടെത്തി. ആക്രമണത്തിൻ്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇറാൻ പുറത്തിറക്കിയിട്ടുണ്ട്.
എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളില്ല. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് പേർഷ്യൻ ഗൾഫിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നങ്കൂരമിട്ടിരിക്കുകയാണ്. വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമിട്ടതായി ഇറാൻ നേരത്തെയും അവകാശപ്പെട്ടിട്ടുണ്ട്. മാർച്ച് 6 ന്, ലിങ്കണിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു, എന്നാൽ പെൻ്റഗൺ റിപ്പോർട്ട് നിഷേധിച്ചു, മിസൈലുകൾ കപ്പലിന് "അടുത്ത് പോലും എത്തിയില്ല" എന്നായിരുന്നു പ്രതികരണം
ഇതോടെ, അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ ആക്രമിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ എഐ നിർമിതമാണ്.