ഫാക്ട് ചെക്ക്: സൌദി രാജകൊട്ടാരത്തിൽ വെടിവെപ്പ്? പ്രചാരണത്തിൻ്റെ വസ്തുതയെന്ത്
ഇറാൻ ആക്രമണത്തിനെതിരെ സൌദി രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രചാരണം
ഇസ്രായേലും അമേരിക്കയും ഇറാനുനേരെ സംയുക്താക്രമണം തുടങ്ങി ഒരു മാസം പിന്നുടുകയാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണവും ഇറാൻ്റെ പ്രത്യാക്രമണവും മേഖലയിൽ സംഘർഷം രൂക്ഷമാകുകയാണ്. മൂന്നാഴ്ച നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രഖ്യാപിച്ച യുദ്ധം മാസം ഒന്ന് പിന്നിടുമ്പോൾ കടുത്ത ഊർജ പ്രതിസന്ധിയിലാണ് ലോകം. ഇറാൻ്റെ പരമോന്നത നേതാവിനെയും സൈനിക നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെയും വധിച്ചെങ്കിലും ഇറാൻ പ്രത്യാക്രമണം കടുത്തതോടെ യുദ്ധം നീളുകയാണ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്.
അതിനിടെ സൌദി കൊട്ടാരത്തിൽ വെടിവെപ്പെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്താക്രമണത്തിനിടയിൽ സൌദി കൊട്ടാരത്തിനുള്ളിൽ വെടിവെപ്പെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. റിയാദിൽ ബാലിസ്റ്റിക് മിസൈലാക്രമണം ഉണ്ടായതിന് പിന്നാലെയാണ് വീഡിയോ വൈറലാവുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
ഇറാൻ - ഇസ്രായേൽ - യുഎസ് യുദ്ധത്തിനിടെ റിയാദിലെ കൊട്ടാരത്തിൽ വെടിവെപ്പെന്ന പ്രചാരണം വ്യാജമാണ്. 2018ൽ ഡ്രോൺ വെടിവെച്ചിടുന്ന ദൃശ്യമാണ് വൈറലാവുന്നത്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചപ്പോൾ, 2018 ഏപ്രിൽ 22 ന് പ്രസ് ടിവിയി എക്സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. "സൗദി അറേബ്യയിലെ രാജകൊട്ടാരത്തിന് സമീപം കനത്ത വെടിവെപ്പെന്ന് റിപ്പോർട്ടുകൾ" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസ്തു ദൃശ്യം ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ടതല്ലെന്ന സൂചന ലഭിച്ചു.
റിയാദിലെ രാജകൊട്ടാരത്തിന് മുകളിലൂടെ അനധികൃത ഡ്രോൺ പറന്നതായി 2018 ഏപ്രിൽ 21 ലെ സിഎൻഎൻ അറബിക് റിപ്പോർട്ടിലും വൈറൽ വീഡിയോയുള്ളതായി കണ്ടെത്തി. 2018 ഏപ്രിൽ 21 ലെ അൽ ജസീറ റിപ്പോർട്ട് പ്രകാരം, റിയാദിലെ രാജകൊട്ടാരത്തിന് സമീപം ഒരു സുരക്ഷാ ചെക്ക് പോയിൻ്റിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് സൗദി സുരക്ഷാ സേന വെടിവെച്ച് വീഴ്തിയതാണെന്ന് വ്യക്തമായി. വെടിവെച്ചിട്ടത് യഥാർഥ ഡ്രോൺ അല്ലെന്നും കളിപ്പാട്ട ഡ്രോൺ ആണെന്നും റിപ്പോർട്ടിലുണ്ട്. ഖുസാമ പരിസരത്തെ ഒരു സുരക്ഷാ പോയിൻ്റിൽ അനധികൃതമായി നിർമ്മിച്ച ഒരു ചെറിയ ഡ്രോൺ പോലുള്ള കളിപ്പാട്ടം സുരക്ഷാ സേന കണ്ടെത്തിയതിനെത്തുടർന്ന് അത് "തകർത്തതായി" റിയാദ് പോലീസിൻ്റെ ഔദ്യോഗിക വക്താവ് അറിയിച്ചതായി സർക്കാർ വാർത്താ ഏജൻസിയായ എസ്പിഎ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. യഥാർഥ വീഡിയോയുടെയും വൈറൽ വീഡിയോയുടെയും താരതമ്യം ചുവടെ.
വ്യക്തതയ്ക്കായി സൌദിയിലെ ഇറാൻ ആക്രമണത്തെകുറിച്ചും രാജകൊട്ടാരത്തിൽ ആക്രമണമുണ്ടായോയെന്നും കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടും റിയാദിലെ യു.എസ് എംബസി ലക്ഷ്യമിട്ടും ഇറാൻ ആക്രമണശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സൗദിക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാമ്പു ലക്ഷ്യമിട്ടും ഇറാൻ ആക്രമണമുണ്ടായി. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാൽ റിയാദിലെ രാജകൊട്ടരത്തിൽ ആക്രമണമുണ്ടായതോ വെടിവെപ്പുണ്ടായതോ ആയി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.
ഇതോടെ, ഇറാൻ ആക്രമണം തുടരുന്നതിനിടെ റിയാദിലെ രാജകൊട്ടാരത്തിൽ വെടിവെപ്പെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. 2018ൽ കൊട്ടാരത്തിന് സമീപം അനധികൃതമായി പറത്തിയ കളിപ്പാട്ട ഡ്രോൺ വെടിവെച്ചിടുന്ന ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി