ഫാക്ട് ചെക്ക്: ഇറാൻ - യുഎസ് മധ്യസ്ഥതയിൽ പാകിസ്താനെ പ്രകീർത്തിച്ച് അമിത് ഷാ? പ്രചാരണം വ്യാജം
പാകിസ്താൻ അഖണ്ഡ ഭാരതത്തിൻ്റെ ഭാഗമാണെന്നും പാക് ജയം ഇന്ത്യയുടേതാണെന്നും അമിത് ഷാ പറഞ്ഞെന്നാണ് പ്രചാരണം
ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ ഏപ്രിൽ 11ന് പാകിസ്താനിലെ ഇസ്ലാമാബാദിൽ നടത്തും. ഏപ്രിൽ എട്ടിനാണ് പാകിസ്താൻ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ താത്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും തയ്യാറായത്. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിർണ്ണായക ചർച്ചകളിൽ ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കുന്ന അമേരിക്കന്‍ സംഘത്തിലെ അംഗങ്ങളെ പ്രസിഡന്റ് ട്രംപാണ് നിയോഗിച്ചത്. സംഘത്തില്‍ സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരുമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചത്.
അതേസമയം ഇസ്രയേൽ ലബനാനിൽ ആക്രമണം തുടരുന്നുവെന്നും ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചുവെന്നും ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം വീണ്ടും തടഞ്ഞു. ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 250 പേരാണ് ഒരു ദിവസം കൊല്ലപ്പെട്ടത്.
അതിനിടെ പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകീർത്തിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. പാർലമെന്റിൽ നിന്നുള്ള ദൃശ്യത്തിൽ, നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ പാകിസ്ഥാൻ വിജയിച്ചാൽ, അത് ആത്യന്തികമായി ഇന്ത്യയുടെ വിജയമാകുമെന്ന് അമിത് ഷാ പറയുന്നത് കേൾക്കാം. 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാകിസ്ഥാൻ "അവിഭക്ത ഇന്ത്യയുടെ" (അഖണ്ഡ ഭാരതം) ഭാഗമാണെന്ന് അമിത് ഷാ പരാമർശിക്കുന്നതായി കാണാം . പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെ "ശത്രു" എന്ന് വിളിക്കുന്നതും ഇന്ത്യയ്ക്ക് ശത്രുക്കളെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുമുണ്ട്. പോസ്റ്റിന്റെ വിവരണം ഇങ്ങനെയാണ്: ഇന്ത്യ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും, അത് പ്രശ്നമല്ല, കാരണം പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകണം. മധ്യസ്ഥതയിൽ പാകിസ്ഥാൻ വിജയിച്ചാൽ, അത് ആത്യന്തികമായി ഇന്ത്യയുടെ വിജയമാണ്" ഇന്ത്യൻ പാർലമെന്റിൽ പൊട്ടിത്തെറിച്ച് അമിത് ഷാ. പോസ്റ്റും ലിങ്കും ചുവടെ
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
ഇറാൻ - അമേരിക്ക യുദ്ധത്തിൽ പാകിസ്താന്റെ മധ്യസ്ഥതയെ പുകഴ്ത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണ്.
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോ, വീഡിയോയിൽ തീയതിയും ടൈംസ്റ്റാമ്പ് ഉള്ളതായി കാണാം - മാർച്ച് 30, 2026, സമയം 18:06 എന്നാണ് വീഡിയോയിലുള്ളത്. ലഭ്യമായ വിവരം ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ അമിത് ഷായുടെ ഔദ്യോഗിക യൂട്യൂബ് ചാനലലിൽ ലോക്‌സഭാ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതായി കണ്ടെത്തി. എന്നാൽ, പൂർണ്ണ പ്രസംഗത്തിൽ പാകിസ്ഥാനെക്കുറിച്ചോ നിലവിലുള്ള പശ്ചിമേഷ്യൻ സംഘർഷത്തിൽ മധ്യസ്ഥതയെക്കുറിച്ചോ അമിത് ഷാ പരാമർശിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു.
2026 മാർച്ച് 30 ന് 18:06 നുള്ള ലോക്സഭയിൽ നിന്നുള്ള യഥാർഥ ഭാഗം അമിത് ഷായുടെ എക്സ് പേജിലും പോസ്റ്റ് ചെയ്തതായി കണ്ടെത്തി. റെഡ് ടെറർ കാരണം ബസ്തർ വികസനത്തിൽ പിന്നിലായിരുന്നു. ഇപ്പോൾ റെഡ് ടെററിന്റെ നിഴൽ നീങ്ങി, ബസ്തർ വികസിക്കുകയാണ് എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ലോക്സഭയിലെ അമിത് ഷായുടെ പ്രസംഗം. 2026 മാർച്ച് 30-ന് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.
സ്ഥിരീകരണത്തിനായി, വീഡിയോയിലെ എഐ സാന്നിധ്യം പരിശോധിച്ചു. ഹിയ എഐ ഓഡിയോ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വൈറൽ വീഡിയോയിലെ ശബ്ദം ഡീപ്ഫേക്കാണെന്ന് സൂചന ലഭിച്ചു.
ഇതോടെ, ഇറാൻ - അമേരിക്ക യുദ്ധത്തിൽ പാകിസ്താന്റെ മധ്യസ്ഥതയെ പുകഴ്ത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ നിർമിതമാണ്. 2026 മാർച്ച് 30 ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ ഭാഗം എഐ ഉപയോഗിച്ച് ശബ്ദത്തിൽ മാറ്റം വരുത്തിയാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി