ഫാക്ട് ചെക്ക്: ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അമ്പും വില്ലുമുപയോഗിച്ച് തുരത്തുന്ന ഗോത്രവിഭാഗം? വാസ്തവമെന്ത്?
ത്രിപുരയിലെ ഗോത്രവിഭാഗം പരമ്പരാഗത ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നുവെന്നാണ് പ്രചാരണം
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അമ്പും വില്ലുമുപയോഗിച്ച് തുരത്തുന്ന ത്രിപുരയിലെ ഗേത്രവിഭാഗമെന്ന് പ്രചാരണം
ബംഗ്ലാദേശിൽ ഹസീന സർക്കാർ വീണതിന് പിന്നാലെ അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതോടെ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ചൈനയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധവും നയതന്ത്ര നിലപാടുമാണ് വിള്ളലിന് കാരണം. ഇസ്കോൺ നേതാവ് ചിൻമയ് കൃഷ്ണദാസിന്റെ അറസ്റ്റും തുടർന്നുണ്ടായ സംഘർഷവും ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളുടെ അതിർത്തിയിലും ഉരസലുകളുണ്ടായി. അതിര്‍ത്തിരക്ഷാ സൈനികര്‍ തമ്മിലും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റത്തിനെതിരെ ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നു. . ബംഗ്ലാദേശിൽ നിന്നുള്ള രേഖകളില്ലാത്ത 160 ഓളം കുടിയേറ്റക്കാരെ ഗാസിയാബാദിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ അഗർത്തല വഴി തിരിച്ചയച്ചു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ൽ അധികം കുടിയേറ്റക്കാരെയാണ് ഇതുവരെ തിരിച്ചയച്ചത്. ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെ (FRRO) നേതൃത്വത്തിലാണ് നടപടി. തിരച്ചയക്കൽ നടപടികൾക്ക് എതിരെ ബംഗ്ലാദേശ് ആർമിയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ എം.ഡി. നസിമുദ്ദൌല ഇത്തരം തള്ളൽ നടപടികൾ സ്വീകാര്യമല്ലെന്ന് പ്രസ്താവന ഇറക്കി.
അതിനിടെ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ തടയുന്ന ത്രിപുരയിലെ ഗോത്ര വർഗക്കാരെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. വാതിലുകൾ പരിചയായി ഉപയോഗിച്ചും അമ്പും വില്ലും ഉൾപ്പടെയുള്ള പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചും ഒരു കൂട്ടം ആളുകളെ വീഡിയോയിൽ കാണാം. ബംഗ്ലാദേശ് നുഴഞ്ഞുക്കയറ്റകാർക്കെതിരെ അമ്പു വില്ലുമെടുക്കുന്ന ത്രിപുരയിലെ ഗോത്ര വർഗക്കാർ, പുരാതന നീതി എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ത്രിപുരയിലെ ഗോത്ര വർഗക്കാർ അമ്പും വില്ലുമുപയോഗിച്ച് തുരത്തുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല
പ്രചാരണത്തിന്റെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2024 ഡിസംബർ 12-ന് പാപുവ ട്രിബ്യൂൺ എന്ന യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇന്തോനേഷ്യൻ ചാനലായ പാപുവ ട്രിബ്യൂണിലെ വീഡിയോയുടെ അടിക്കുറിപ്പിൽ ഇന്റാൻ ജയ റീജൻസിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പിൽക്കാഡ സ്ഥാനാർഥികളുടെ പിന്തുണക്കാർ തമ്മിൽ സംഘർഷം എന്നാണ് വിവരണം. ഇന്തോനേഷ്യൻ പ്രവിശ്യയായ സെൻട്രൽ പാപ്പുവയിലെ റീജൻസികളിൽ ഒന്നാണ് ഇന്റാൻ ജയ റീജൻസി.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ 2024 ഡിസംബർ 13-ന് ഒരു ഇന്തോനേഷ്യൻ വാർത്താ ചാനലായ കബാർ തെർദെപാൻ kabarterdepan ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. 2024 ഡിസംബർ 8-ന് സുഗപ ജില്ലയിൽ രണ്ട് രാഷ്ട്രീയ പാർട്ടിയുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷമെന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഇന്തോനേഷ്യയിലെ ഒരു പ്രമുഖ മാധ്യമമായ VIVO.CO.ID യുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഈ ഏറ്റുമുട്ടലിന്റെ കൂടുതൽ ദൃശ്യങ്ങൾ ഉപയോഗിച്ച് നൽകിയ റിപ്പോർട്ട് ലഭിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 7 നാണ് സംഭവം നടന്നതെന്നും ഏറ്റുമുട്ടൽ നാല് മണിക്കൂർ നീണ്ടുനിന്നുവെന്നും പറയുന്നു.
ഇതോടെ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ത്രിപുരയിലെ ഗോത്ര വർഗക്കാർ അമ്പും വില്ലുമുപയോഗിച്ച് തുരത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇന്തോനേഷ്യയിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിലെ ദൃശ്യമാണ് പ്രചരിക്കുന്നത്.