ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് മിസ ഭാരതി എംപിയുടെ വീടിന്റെ ദൃശ്യങ്ങളല്ല

ബിഹാർ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രചാരണം

Update: 2025-06-12 07:12 GMT

ജനതാദൾ എംപി മിസ ഭാരതിയുടെ ആഡംബര വീടെന്ന് പ്രചാരണം

നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുകയാണ് ബിഹാർ. സീറ്റ് വിഭജനമുൾപ്പടെയുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ മുന്നണികൾ. ലോക്സഭാ സീറ്റു വിഭജന അനുപാതത്തിൽ ബിഹാറിൽ നിയമസഭാ സീറ്റു വിഭജനവും നടത്താനാണ് എൻ‍ഡിഎയിൽ ഏകദേശ ധാരണ.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ഭാഗമല്ലാതിരുന്ന എൽജെപി, രാഷ്ട്രീയ ലോക് മോർച്ച കക്ഷികൾ എൻഡിഎയിലെത്തുകയും വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മുന്നണി വിടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. കേന്ദ്രമന്ത്രി ചിരാഗ് പസ്വാനും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും തൻ്റെ പാർട്ടി ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 243 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മകന്‍ തേജ് പ്രതാപിനെ കുടുംബത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. 12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് തേജ് പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വൈവാഹിക ജീവിതത്തിലെ വിള്ളൽ ആർജെഡിയെ രാഷ്ട്രീയപരമായി ബാധിച്ചിരുന്നു. ഐശ്വര്യ റായിയുടെ പിതാവും മുതിർന്ന അംഗവും മുൻ മന്ത്രിയുമായ ചന്ദ്രികാ റോയ് പാര്‍ട്ടി വിട്ടു.

അതിനിടെ ലാലു പ്രസാദ് യാദവിന്റെ മകളുടെ സ്വത്തുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. ഹിജാബ് ധരിച്ച ഒരു സ്ത്രീ പ്രദർശിപ്പിക്കുന്ന ആഡംബര വീടിന്റെ വീഡിയോ രാഷ്ട്രീയ ജനതാദൾ എംപി മിസ ഭാരതിയുടേതാണ് അവകാശവാദത്തോടെയാണ് പ്രചാരണം. ലാലു പ്രസാദ് യാദവിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വളരെ ദരിദ്രയായ മകൾ മിസ ഭാരതിയുടെ തകർന്ന കുടിൽ കാണുക എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.  





വസ്തുത പരിശോധന:

രാഷ്ട്രീയ ജനതാദൾ എംപിയും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദിന്റെ മകളുമായ മിസ ഭാരതിയുടെ വീടെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ ഫേസ്ബുക്കിൽ സമാന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. Sarkin Maganin Nigeria എന്ന അക്കൌണ്ടിലാണ് ജൂൺ 2ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട് പരിചയപ്പെടുത്തുന്ന തരത്തിലുള്ള സമാന രീതിയിലുള്ള മറ്റ് വീഡിയോകളും അക്കൌണ്ടിലുണ്ട്.


Full View


ലഭ്യമായ കൂടുതൽ വീഡിയോകളുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ടിക്ടോക്ക് അക്കൌണ്ടിൽ പ്രസ്തുത വീഡിയോ കണ്ടെത്തി. musa_realtor എന്ന അക്കൌണ്ടിലെ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. അക്കൌണ്ട് വിവരണത്തിൽ നൽകിയ മൊബൈൽ നമ്പർ പ്രകാരം അക്കൌണ്ട് ഉപയോക്താവ് തുർക്മെനിസ്താനിൽ നിന്നുള്ളതാണെന്നും വ്യക്തമായി. സമാന തരത്തിൽ നിരവധി വീടുകളുടെ വീഡിയോകൾ അക്കൌണ്ടിലുണ്ട്. 


 



 

 കീ വേഡ് പരിശോധനയിൽ മിസ ഭാരതി പ്രചാരണത്തെ കുറിച്ച് പ്രതികരിച്ചതായി കണ്ടെത്തി. എക്സ് അക്കൌണ്ടുകളിലെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയ മിസ ഭാരതി, തനിക്ക് നേരിട്ട് സന്ദർശിക്കാൻ വീടിന്റെ വിലാസം പങ്കിടണമെന്ന് അഭ്യർഥിക്കുന്നതായി മറുപടി നൽകിയതായി കണ്ടെത്തി. 


രാഷ്ട്രീയ ജനതാദൾ എംപിയും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദിന്റെ മകളുമായ മിസ ഭാരതിയുടെ വീടെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. മറിച്ച് തുർക്മെനിസ്താനിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഏജന്റ് പോസ്റ്റ് ചെയ്ത ടിക്ടോക് വീഡിയോയാണ് പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ അവകാശവാദം തള്ളി മിസ ഭാരതി എംപി രംഗത്തെത്തിയിട്ടുണ്ട്. 





Claim :  ജനതാദൾ എംപി മിസ ഭാരതിയുടെ ആഡംബര വീട്
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News