ഫാക്ട് ചെക്ക്: വാട്സ്‍ആപ്പിന് പുതിയ നിയമങ്ങൾ? പ്രചാരണം വ്യാജം

വാട്സ്ആപ്പ് സന്ദേശങ്ങളും കോളുകളും സർക്കാർ നിരീക്ഷിക്കുമെന്നും റെക്കോർഡ് ചെയ്യുമെന്നും രാഷ്ട്രീയ സന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രചാരണം

Update: 2025-10-28 04:33 GMT

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ പ്ലാറ്റ്‌ഫോമുകളില്‍ പുത്തന്‍ സുരക്ഷാ ഫീച്ചറുകളും മുന്നറിയിപ്പുകളും ചേര്‍ത്തിരിക്കുകയാണ് മെറ്റ. വാട്സ്ആപ്പിൽ വീഡിയോ ഷെയറിന് മുന്നറിയിപ്പ്, മെസഞ്ചറിൽ എഐ പവർഡ് സ്‌കാം ഡിറ്റക്ഷൻ, പാസ്‌കീ സവിശേഷത വഴി വിരലടയാളം, മുഖം അല്ലെങ്കിൽ പിൻ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമായി ലോഗിൻ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്.

അതിനിടെ വാട്സആപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കുകയാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുക ഇന്ന് മുതൽ നിയമം വരുന്നു എന്ന വിവരണവുമായി പ്രചരിക്കുന്ന വാർത്ത രൂപത്തിലുള്ള വീഡിയോയിൽ നിയമ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. വാട്സ്ആപ്പ് സന്ദേശങ്ങളും കോളുകളും സർക്കാർ നിരീക്ഷിക്കുമെന്നും റെക്കോർഡ് ചെയ്യുമെന്നും രാഷ്ട്രീയ സന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രചാരണം. അവകാശപ്പെടുന്ന പുതിയ നിയമങ്ങൾ ചുവടെ

"എല്ലാ കോളുകളും റെക്കോർഡ് ചെയ്യപ്പെടും

എല്ലാ കോളുകളും സേവ് ചെയ്യപ്പെടും

വാട്സ്ആപ്പ് ട്വിറ്റർ ഇൻസ്റ്റഗ്രാം എന്നിവ നിരീക്ഷിക്കപ്പെടും

കോൾ മിനിസ്റ്റ്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും

അനാവശ്യ മെസേജുകൾ ആർക്കും സെൻഡ് ചെയ്യരുത്

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക

ഗവൺമെൻ്റിനോ പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ എതിരായി പോസ്റ്റിട്ടാൽ കേസായി മാറാം

രാഷ്ട്രീയമായ, മതപരമായ മെസജുകൾ അയക്കുന്നത് ശിക്ഷാർഹമാണ്

സീരിയസായ സൈബർ ഒഫൻസായി കണക്കാക്കി നടപടിയുണ്ടാകും

എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർമാരും സീരിയസായി എടുക്കണം"

എന്നിങ്ങനെ പത്ത് നിർദേശങ്ങളും തുടർന്ന് വാട്സ്ആപ്പിലെ റീഡ് റെസീപ്റ്റുമായി ബന്ധപ്പെട്ട്  ചില നിർദേശങ്ങളും അതിനോപ്പം ഉണ്ട്. ”അത് ഇങ്ങനെയാണ്. ✓ = മെസ്സേജ് അയച്ചു. ✓✓ = മെസ്സേജ് ഡെലിവറി ആയി. Tᴡᴏ ʙʟᴜᴇ ✓✓= മെസ്സേജ് വായിച്ചു.Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു.5. Tᴡᴏ ʙʟᴜᴇ ✓✓ ᴀɴᴅ ᴏɴᴇ ʀᴇᴅ ✓= നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം. Oɴᴇ ʙʟᴜᴇ✓ ᴀɴᴅ ᴛᴡᴏ ʀᴇᴅ✓✓ = നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു. Tʜʀᴇᴇ ʀᴇᴅ ✓✓✓ = നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും"  തുടങ്ങിയ അവകാശവാദങ്ങളുമാണ് പോസ്റ്റിലുള്ളത്. പോസ്റ്റും ലിങ്കും ചുവടെ




 

Full View



വസ്തുത പരിശോധന:

വാട്സ്ആപ്പിനും വാട്സ്ആപ്പ് കോളുകൾക്കും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോ ലൈറ്റ് കാമറ ആക്ഷൻ എന്ന പേരിലുള്ള ചാനലിൽ നിന്നാണെന്ന് വ്യക്തമായി. യൂട്യൂബിൽ കീ വേഡുകൾ ഉപയോഗിച്ച് വീഡിയോയുടെ ഉറവിടം അന്വേഷിച്ചപ്പോൾ ശാന്തിവിള ഗണേഷ് എന്ന ഡിസ്ക്രിപ്ഷൻ നൽകിയ ചാനൽ കണ്ടെത്തിയെങ്കിലും വീഡിയോ കണ്ടെത്താനായില്ല. പ്രസ്തുത വീഡിയോ പിൻവലിച്ചതാകാമെന്ന സൂചന ലഭിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിശദീകരണ വീഡിയോയും കണ്ടെത്താനായില്ല.

തുടര്‍ന്ന് വീഡിയോക്കൊപ്പം പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ചും അന്വേഷിച്ചു. പത്ത് കാര്യങ്ങളാണ് അക്കമിട്ട് നല്കിയിരിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇത് വ്യാജമാണെന്ന് ഓഗസ്റ്റ് രണ്ടിന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.


Full View


തുടർ പരിശോധനയില്‍ ഈ സന്ദേശം മുന്‍പും പലതവണ വിവിധ ഭാഷകളില്‍ പ്രചരിച്ചതായി കണ്ടെത്തി. 2021 ല്‍ ഇതേ സന്ദേശം വാട്സാപ്പ് വഴി വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ കേരള പൊലീസ് 2021 ഫെബ്രുവരി 2ന് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെത്തി. സമാനമായ സന്ദേശം ഇതരഭാഷകളില്‍ പ്രചരിച്ചിരുന്നു. 2022ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇത് വ്യാജമാണെന്ന് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ സേവനമാണ് വാട്സആപ്പ് ഉറപ്പാക്കുന്നത്. സന്ദേശമയച്ച വ്യക്തിക്കും ആശയവിനിമയം നടത്തപ്പെടുന്ന വ്യക്തിക്കും മാത്രം വായിക്കാനും കേൾക്കാനും കഴിയുന്ന സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ. അതിനിടയിൽ വാട്സ്ആപ്പിന് പോലും സന്ദേശങ്ങൾ വായിക്കാൻ കഴിയില്ലെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നുണ്ട്. വാട്സ്ആപ്പിൻ്റെ പ്രൈവസി പോളിസിയും പരിശോധിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ വാട്സ്ആപ്പ് എങ്ങനെയാണ് ഡാറ്റ കൈമാറുന്നത് എന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിയമപരമായി വാട്സ്ആപ്പിൽ നിന്നും ഡാറ്റ ആവശ്യപ്പെട്ടാൽ അവ പരിശോധിച്ച് മാത്രമാണ് ഡാറ്റ കൈമാറുക. നിയമത്തിൻ്റെ പരിധിയിൽ വരാത്ത ആവശ്യങ്ങൾ വാട്സ്ആപ്പ് നിരസിക്കുമെന്നും ഇതിൽ പറയുന്നു.


ഇതോടെ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോളുകൾക്കും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. മുൻ വർഷങ്ങളിലും സമാന പ്രചാരണങ്ങൾ ഉണ്ടായതായും ഇത് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും കേരള പൊലീസും മുന്നറിയിപ്പ് നൽകിയതായും വ്യക്തമായി. 






Claim :  വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News