ഫാക്ട് ചെക്ക്: ഇന്ത്യൻ എൻജിനീയർമാർ പുതുക്കിപ്പണിത അഫ്ഗാൻ മിഗ് തകർന്നോ? പ്രചാരണത്തിൻ്റെ വസ്തുതയെന്ത്?
പാകിസ്താൻ - താലിബാൻ സംഘർഷം തുടരുന്നതിനിടെയാണ് പ്രചാരണം
കാബൂളിലുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണം തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാക്കളെ ലക്ഷ്യം വെച്ചുള്ളതാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഏറ്റുമുട്ടലുകൾ രൂക്ഷമായത്. 2025 ഒക്ടോബർ 11-12 തീയതികളിൽ താലിബാൻ സൈന്യം പാകിസ്താൻ അതിർത്തി പോസ്റ്റുകളിൽ പ്രത്യാക്രമണം നടത്തിയതോടെ സംഘർഷം രൂക്ഷമായി. ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലെ അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഏറ്റുമുട്ടലുകളിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുകളിൽ ഇരു ഭാഗങ്ങളിൽ നിന്നുമായി ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടാതായാണ് കണക്ക്. എന്നാൽ ഖത്തറും തുർക്കിയും മധ്യസ്ഥത വഹിച്ച അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ ചർച്ചകളും പരാജയപ്പെട്ടു. പാകിസ്ഥാൻ അഫ്ഗാൻ വ്യോമാതിർത്തി ലംഘിക്കുന്നത് അവസാനിപ്പിക്കുകയും യുഎസ് ഡ്രോൺ ആക്രമണങ്ങൾ തടയുകയും ചെയ്താൽ മാത്രമേ പാകിസ്ഥാനെതിരായ ആക്രമണങ്ങൾക്കായി അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നത് തടയാൻ താലിബാൻ ഭരണകൂടം തയ്യാറാകൂ എന്ന് ചർച്ചകളിൽ അഫ്ഗാൻ പ്രതിനിധികൾ നിലപാടെടുത്തു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ പാകിസ്ഥാൻ വിസമ്മതിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടതെന്നാണ് റിപ്പോർട്ട്.
അതിനിടെ, ഇന്ത്യൻ എൻജിനീയർമാർ പുതിക്കിപ്പണിത പറയപ്പെടുന്ന ഒരു അഫ്ഗാൻ മിഗ്-29, കാണ്ഡഹാറിൽ ആദ്യ പറക്കലിനിടെ തകർന്നുവീണു എന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുകയാണ്. അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ വളർന്ന് വരുന്ന ഇന്ത്യ അഫ്ഗാൻ ബന്ധം മുൻനിർത്തിയാണ് പ്രചാരണം. പാക് ബന്ധമുള്ള എക്സ് അക്കൌണ്ടുകളിലാണ് ചിത്രം പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഇന്ത്യൻ എൻജിനീയർമാർ പുതുക്കിപ്പണിത അഫ്ഗാൻ മിഗ് 29 തകർന്നുവീണു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് 1991 ലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൽ തകർന്ന ഇറാഖി വിമാനത്തിൻ്റേതാണെന്ന് വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിൻ്റെ വസ്തുത അറിയാൻ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2025 ഏപ്രിൽ 29 ന് മൈക്ക് ഗാർഡിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ലഭിച്ചു. സൈനിക ചരിത്രകാരനാണ് മൈക്ക് ഗാർഡിയ. 1991 ലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനെത്തുടർന്ന് ഇറാഖി മിഗ് -29 ൻ്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളാണ് ചിത്രങ്ങളിലെന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്. 1987-ൽ ഇറാൻ-ഇറാഖ് യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിലാണ് ഇറാഖി വ്യോമസേനയ്ക്ക് ആദ്യത്തെ മിഗ്-29 വിമാനങ്ങൾ ലഭിച്ചത്. എന്നിരുന്നാലും, മിഗ് വിമാനങ്ങളിൽ ഭൂരിഭാഗവും ഡെസേർട്ട് സ്റ്റോമിൽ നശിപ്പിക്കപ്പെട്ടു. സു-27 ന് അനുകൂലമായി മിഗ്-29 ഘട്ടം ഘട്ടമായി നിർത്തലാക്കാൻ സദ്ദാം ഹുസൈൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധം അദ്ദേഹത്തിൻ്റെ പദ്ധതികൾ അവതാളത്തിലാക്ക് 1995-ൽ ഇറാഖി വ്യോമസേന മിഗ്-29 വിമാനങ്ങൾ പിൻവലിച്ചു എന്നാണ് വിവരണം.
ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനിടെ സഖ്യസേന തകർത്ത ഇറാഖി മിഗ്-29 വിമാനത്തിൻ്റെ ചിത്രങ്ങൾ അലാമി എന്ന സ്റ്റോക്ക് വെബ്‌സൈറ്റിലും കണ്ടെത്തി. വെബ്‌സൈറ്റിലെ വിവരണം അനുസരിച്ച്, 1991 മാർച്ച് 2 നാണ് ചിത്രം പകർത്തിയത്.
തുടർ പരിശോധനയിൽ തകർന്ന മിഗ് 29നെക്കുറിച്ച് കുടുതൽ വിവരങ്ങൾ ലഭിച്ചു. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൻ്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വിൽസൺ സെൻ്റർ 2021 ജനുവരി 14 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, നശിപ്പിക്കപ്പെട്ട വിമാനത്തിൻ്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് അധിനിവേശത്തെത്തുടർന്ന് അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യം ഇറാഖിനെതിരെ 1991 ജനുവരിയിലാണ് ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം ആരംഭിച്ചതെന്ന് ലേഖനത്തിൽ പറയുന്നു. 1991-ലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനിടെ ഇറാഖ് തങ്ങളുടെ വ്യോമസേനയുടെ ഭൂരിഭാഗവും ഇറാനിലേക്ക് മാറ്റിയതിനെ കുറിച്ചാണ് മൈക്കൽ ബ്രിൽ വിവരിക്കുന്നത്.
ഇതോടെ 1991-ലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൽ തകർന്ന ഒരു ഇറാഖി വിമാനമാണ് വൈറൽ ചിത്രത്തിലെന്ന് വ്യക്തമായി.
ഇന്ത്യൻ എൻജിനീയർമാർ പുതുക്കിപ്പണിത പിന്നീട് തകർന്നുവീണ ഒരു അഫ്ഗാൻ വിമാനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.