ഫാക്ട് ചെക്ക്: കെഎസ്ഇബി മൂന്നിരട്ടിത്തുക ഈടാക്കുമെന്ന പ്രചാരണത്തിൻ്റെ വസ്തവമെന്ത്?
വൈകിട്ട് 6 മുതൽ 10 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് മൂന്നിരട്ടി ചാർജ് ഈടക്കുമെന്നാണ് പ്രചാരണം
വൈകിട്ട് 6 മുതൽ 10 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് മൂന്നിരട്ടി ചാർജ് ഈടക്കുമെന്ന് പ്രചാരണം
കെഎസ്ഇബി വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്. കെഎസ്ഇബി ടൈംസ് ഓഫ് ഡേ സംവിധാനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രചാരണം. രാത്രിയിലെ വൈദ്യുതി ഉപയോഗത്തിന് കൂടിയ നിരക്കും പകൽസമയത്ത് കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടിഒഡി) താരിഫ് കെഎസ്ഇബി നടപ്പാക്കിത്തുടങ്ങിയിരുന്നുവെന്നും ഇതുപ്രകാരം, വൈകീട്ട് ആറു മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർധന ഉണ്ടാകുമെന്നാണ് അവകാശവാദം.
ശ്രദ്ധിയ്ക്കുക
കേരളത്തിൽ കെഎസ്ഇബിയിൽ (KSEB), TOD( ടൈംസ് ഓഫ് ദ ഡേ ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി ഇതാണ്-
1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക്
2) വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധനവ്
3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്.
ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.
ഇപ്പോൾതന്നെ തീവെട്ടി കൊള്ളയാണ്, മഴക്കാലവും ആണ്. ഇടിവെട്ടിയതിന് മീതെ ഇരുട്ടടി വേണോ എന്ന് ഓരോരുത്തരും സ്വയം തീർച്ചപ്പെടുത്തുക.
ഭരണം മാറി മറ്റൊരു കക്ഷി അധികാരത്തിൽ വന്നാലും നിലവിലുള്ള നിരക്കിൽ ന്യായമായ മാറ്റങ്ങൾ വരുത്തുവാൻ സാധാരണക്കാരനോട് മമതയുള്ള ആരെയും പ്രതീക്ഷിയ്ക്കരുത്. സ്വന്തം ചെലവിൽ ബദൽ സംവിധാനങ്ങളിലേയ്ക്ക് ചേക്കേറാനുള്ള മാർഗങ്ങൾ കണ്ടെത്താനായില്ലെങ്കിൽ അറവുകാരന്റെ കത്തിയ്ക്ക് താഴെ തല വെയ്ക്കുന്ന മൃഗത്തെ പോലെ, പൊരുത്തപ്പെടുക മാത്രം!
എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഉപഭോക്താക്കൾക്ക് ടൈംസ് ഓഫ് ദ ഡേ സംവിധാനം ഏർപെടുത്തി കെഎസ്ഇബി കൊള്ള എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് പുതിയ സംവിധാനം അല്ലെന്നും 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് ടിഒഡി എന്നും കണ്ടെത്തി.
ടൈംസ് ഓഫ് ദ ഡേ സംവിധാനം എന്താണെന്ന് പരിശോധിച്ചു. വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി നിരക്ക് വ്യത്യാസപ്പെടുന്ന ഒരു സംവിധാനമാണ് ടൈംസ് ഓഫ് ദ ഡേ താരിഫ്. മൂന്നു തരത്തിലാണ് ഒരു ദിവസത്തെ കെഎസ്ഇബി വിഭജിച്ചിട്ടുള്ളത്- നോർമൽ (6:00am-6:00pm), പീക്ക് (6:00pm -10:00pm), നോൺ-പീക്ക് (10:00pm-6:00am) മണിക്കൂറുകൾ. പീക്ക് സമയങ്ങളിൽ വൈദ്യുതി നിരക്ക് കൂടുതലും നോൺ - പീക്ക് സമയങ്ങളിൽ സാധാരണ നിരക്കുമായിരിക്കും. നോർമൽ സമയങ്ങളിൽ ഉപയോഗിക്കുമ്പോൾ വൈദ്യുതി നിരക്ക് കുറവുമായിരിക്കും.
2023 ജൂൺ 23-ന് ഊർജ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പ് പ്രകാരം ഉപഭോക്തൃ അവകാശ നിയമ ഭേദഗതി പ്രകാരം 10 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്കും 2024 ഏപ്രിൽ ഒന്നിനകം ടൈം ഓഫ് ഡേ താരിഫ് (ToD tariff) പ്രകാരം ബില്ല് ചെയ്യണമെന്നും കാർഷിക ഉപഭോക്താക്കൾ ഒഴികെയുള്ള ബാക്കി ഉപഭോക്താക്കൾക്ക് 2025 മെയ് ഒന്നിനകം TOD താരിഫ് ബാധകമാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കുമാണ് ടിഒഡി നിരക്ക് ബാധകമാകുന്നത്.
2025 ജനുവരി 11ന് മാതൃഭൂമി നൽകിയ റിപ്പോർട്ട് പ്രകാരം 2025 ജനുവരി ഒന്നുമുതലാണ് ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പടെ 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ടിഒഡി കെഎസ്ഇബി നടപ്പാക്കി തുടങ്ങിയത്. കേരളത്തിൽ ഈ വിഭാഗത്തിൽ ഏഴുലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന ടിഒഡി നിരക്കുകൾ സംബന്ധിച്ച് പരിശോധിച്ചു. ടിഒഡിയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വൈറൽ പോസ്റ്റിലെ നിരക്കുകൾ തെറ്റാണെന്ന് കണ്ടെത്തി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ – സാധാരണ നിരക്കിനെക്കാൾ 10% കുറഞ്ഞ തുക, വൈകുന്നേരം 6 മുതൽ രാത്രി 10 വരെ സാധാരണ നിരക്കിനെക്കാൾ 25% അധികം തുക, രാത്രി 10 മുതൽ രാവിലെ 6 വരെ – സാധാരണ നിരക്ക് എന്നിങ്ങനെയാണ് ചാർജ്. സർക്കാർ ഉത്തരവ് ചുവടെ.
കെഎസ്ഇബിയുടെ ഔദ്യോഗിക പേജിൽ നിലവിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാനെന്നും എല്ലാ ഉപഭോക്താക്കൾക്കും ടിഒഡി ബാധകമല്ലെന്നും 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് ടിഒഡി ഏർപ്പെടുത്തിയതെന്നും വിശദീകരണം ഉണ്ട്.
എല്ലാ ഉപഭോക്താക്കൾക്കുമല്ല മറിച്ച് മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് മൂന്നു സമയക്രമങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ് നിലവിലുള്ളത്. പ്രചരണത്തിനുള്ള നിരക്കും തെറ്റാണെന്ന് കണ്ടെത്തി.