ഫാക്ട് ചെക്ക്: നിലമ്പൂരിലെ തോൽവിക്ക് കാരണം ഇറാൻ യുദ്ധമെന്ന് ഇ പി ജയരാജൻ പറഞ്ഞോ?
എം സ്വരാജിൻ്റെ തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ഇ പി പറഞ്ഞെന്നാണ് പ്രചാരണം
നിലമ്പൂരിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് ഇ പി ജയരാജൻ പറഞ്ഞെന്ന് പ്രചാരണം
പി വി അൻവർ രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 9 വർഷത്തിന് ശേഷമാണ് മണ്ഡലം യുഡിഎഫ് തിരിച്ച് പിടിച്ചത്.
നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. വർഗീയ, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചതെന്നുമാണ് എം.വി ഗോവിന്ദൻ്റെ ആരോപണം. ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ചർച്ചയാകുന്നുണ്ട്.
അതിനിടെ നിലമ്പൂരിലെ എൽഡിഎഫ് പരാജയത്തിൽ സിപിഎം നേതാവ് ഇ പി ജയരാജൻ്റെ പ്രതികരണം എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. നിലമ്പൂരിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് ഇ പി ജയരാജൻ പറഞ്ഞെന്ന തരത്തിൽ റിപ്പോർട്ടർ ടിവിയുടെ വർത്ത കാർഡ് ഉപയോഗിച്ചാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത അന്വേഷണം:
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനർത്ഥി എം സ്വരാജിൻ്റെ തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ഇ പി ജയരാജൻ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. റിപ്പോർട്ടർ ടിവിയുടെ വർത്ത കാർഡ് എഡിറ്റ് ചെയ്താണ് പ്രചാരണം എന്ന് കണ്ടെത്തി.
പ്രചരിക്കുന്ന വാർത്ത കാർഡ് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ റിപ്പോർട്ടർ ടിവിയുടേതാണ് വാർത്താ കാർഡാണെന്ന് കണ്ടെത്തി. റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന കാർഡിലെ ഫണ്ടും യഥാർത്ഥ ഫോണ്ടും വ്യത്യസ്തമാണെന്ന് കണ്ടെത്തി. കാർഡ് എഡിറ്റ് ചെയ്ത് വാചകങ്ങൾ മാറ്റിയതാണെന്ന സൂചന ലഭിച്ചു.
പ്രചരിക്കുന്നത് 2025 ജൂൺ 23ന് നൽകിയ വാർത്ത കാർഡാണെന്ന് കാർഡിലെ തീയതിയിൽ നിന്ന് വ്യക്തമാവും. റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിലെ 2025 ജൂൺ 23ന് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ പരിശോധിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പ്രതികരണം നൽകിയിട്ടുണ്ട്. പോസ്റ്റുകൾ പരിശോധിച്ചപ്പോൾ പി വി അൻവറിൻ്റെ പ്രതികരണം നൽകിയ കാർഡ് ശ്രദ്ധയിൽപ്പെട്ടു. ' മന്ത്രിമാർ തലകുത്തി മറിഞ്ഞിട്ടും എനിക്ക് പതിനായിരം കടന്നു' അൻവറിൻ്റെ വീട്ടിൽ ആഘോഷം എന്നാണ് പോസ്റ്റ്. പ്രസ്തുത വാർത്ത കാർഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അൻവറിൻ്റെ ഇരിപ്പിടം വൈറൽ കാർഡിലും കാണാം. ഇരു കാർഡുകളിലും ഫോണ്ട് വ്യത്യസ്തമാണ്. റിപ്പോർട്ടർ ടിവിയുടെ ഫോണ്ടോ സ്റ്റൈലോ അല്ല വൈറൽ കാർഡിലുള്ളത് എന്ന് വ്യക്തം. അൻവറിൻ്റെ ചിത്രത്തിന് പകരം ഇ പി ജയരാജൻ്റെ ചിത്രം എഡിറ്റ് ചെയ്തതാണെന്നും ടെക്സ്റ്റ് ചേർത്തതാണെന്നും സൂചന ലഭിച്ചു. വൈറൽ കാർഡിൻ്റെയും യഥാർത്ഥ കാർഡിൻ്റേയും താരതമ്യം ചുവടെ:
നിലമ്പൂർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയത്തിൽ സിപിഎം നേതാക്കളുടെയും പ്രതികരണം പരിശോധിച്ചു. മനോരമ ഓൺലൈൻ നൽകിയ റിപ്പോർട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പരാജയം വിശകലനത്തെ കുറിച്ച് റിപ്പോർട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പരാമർശത്തിൽ വിമർശനം ഉയർന്നു.
ആർഎസ്എസുമായി സിപിഎം മുൻപു സഹകരിച്ചിട്ടുണ്ടെന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് തുറന്നടിച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിശിത വിമർശനമുണ്ടായി. പാർട്ടിയുടെ വിശ്വാസ്യതയെയും രാഷ്ട്രീയ അടിത്തറയെയും ബാധിക്കുന്ന പ്രസ്താവന സെക്രട്ടറി തന്നെ നടത്തിയാൽ പാർട്ടിയുടെ കാര്യം എന്താകുമെന്ന ചോദ്യം വരെ ഗോവിന്ദനു നേരെ ഉയർന്നു. ആർഎസ്എസ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ വിവാദത്തിൽ പെട്ട എഡിജിപി എം.ആർ.അജിത്കുമാറിനു സംരക്ഷണവും പ്രോത്സാഹനവും നൽകുന്നതും മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ചോദ്യമുയർന്നെന്നും റിപ്പോർട്ടിലുണ്ട്.
നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ആണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലമ്പൂർ പരാജയവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ നടത്തിയ പ്രതികരണങ്ങൾ ഒന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്താനായില്ല. ഇ പിയുടെ ഫേസ്ബുക്ക് പേജ് ഉൾപ്പടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. ഇതിലൊന്നും നിലമ്പൂർ പരാജയവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ പ്രതികരിച്ചിട്ടില്ലെന്ന് കണ്ടെത്തി.
റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം ഒരു കാർഡ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്നും അറിയിച്ചു.
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനർത്ഥി എം സ്വരാജിൻ്റെ തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ഇ പി ജയരാജൻ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. നിലമ്പൂർ പരാജയവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ പ്രതീകരിച്ചിട്ടില്ല. റിപ്പോർട്ടർ ടിവിയുടെ കാർഡ് എഡിറ്റ് ചെയ്ത് പ്രചരിക്കുന്ന കാർഡാണെന്ന് കണ്ടെത്തി.