ഫാക്ട് ചെക്ക്: നോർവെ ചെസ്സിൽ തോറ്റ കാൾസൻ ഡി ഗുകേഷിനെ ആക്രമിച്ചോ?

രോഷാകുലനായ കാൾസൻ ഗുകേഷിനെ ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

Update: 2025-06-07 04:06 GMT

നോർവെ ചെസിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗുകേഷിനെ ആക്രമിച്ച് കാൾസനെന്ന് പ്രചാരണം

നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടിൽ കാള്‍സനെതിരെ ഗുകേഷ് ആധികാരികമായ വിജയം നേടി.  ക്ലാസിക്കൽ ടൈം കൺട്രോൾ മത്സരത്തിൽ കാള്‍സനെതിരെ ഗുകേഷിന്‍റെ ആദ്യ ജയമാണിത്.  വെളുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെതിരെ മത്സരത്തിന്‍റെ ആദ്യഘട്ടം മുതല്‍ കാള്‍സനാണ് ആധിപത്യം പുലര്‍ത്തിയത്. എന്നാൽ അന്ത്യഘട്ടത്തിൽ കാൾസന് സംഭവിച്ച പിഴവ് മത്സരത്തില്‍ വഴിത്തിരിവാവുകയായിരുന്നു. ക്ലാസിക്കൽ ഫോർമാറ്റിൽ ഗുകേഷിന്‍റെ മികവിനെ മുൻ ചാമ്പ്യൻ വിമർശിക്കുന്നത് പതിവായിരുന്നു. സമയത്തിന്റെ സമ്മർദം ഗുകേഷിന് താങ്ങാനാവില്ലെന്നായിരുന്നു വിമർശനം. നേരത്തെ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ കറുത്ത കരുക്കളുമായി കളിച്ചപ്പോള്‍ കാള്‍സനെതിരെ ഗുകേഷ് തോല്‍വി വഴങ്ങിയിരുന്നു. ഇതിനുശേഷം രാജാവിനെതിരെയാണ് നിങ്ങള്‍ കളിക്കുന്നത്, അതുകൊണ്ട് ഒരു ചുവടും പിഴക്കകരുത് എന്ന് കാൾസൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യൻ താരത്തോട് കാൾസന്‍ തോല്‍വി വഴങ്ങുന്നത്. മത്സരശേഷം രോഷാകുലനായി ചെസ് ബോര്‍ഡില്‍ ആഞ്ഞടിച്ച് അതിവേഗം പുറത്തേക്ക് പോകുന്ന കാൾസന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

അതിനിടെ വൈറൽ ദൃശ്യത്തിന്റെ മറ്റൊരു ദൃശ്യമെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മത്സര ശേഷം ചെസ് ബോർഡിലടിച്ച കാൾസൻ ഗുകേഷിനോട് രോഷാകുലനാകുന്നതാണ് ദൃശ്യത്തിൽ. പോസ്റ്റും ലിങ്കും ചുവടെ




വസ്തുത പരിശോധന:

നോർവെ ചെസ്സിൽ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോട് പരാജയപ്പെട്ട മുൻ ചാമ്പ്യൻ മാഗ്നസ് കാൾസൻ രോഷാകുലനായി ഗുകേഷിന് നേരെ തിരിയുന്ന ദൃശ്യമെന്ന തരത്തിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്.  എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ നോർവെ ചെസ് എക്സ് പേജിൽ പോസ്റ്റ് ചെയ്ത കാൾസൻ - ഗുകേഷ് മത്സര ശേഷമുള്ള ദൃശ്യം ലഭിച്ചു. പരാജയമറിഞ്ഞ കാൾസൻ ചെസ് ബോർഡിൽ ആഞ്ഞടിച്ചതിന് ശേഷം എഴുന്നേറ്റ് ഗുകേഷിന് കൈ കൊടുത്ത് തിരിഞ്ഞ് നിൽക്കുന്നതും തൊട്ട് പിന്നാലെ എഴുന്നേറ്റ ഗുകേഷ് പരിസരത്ത് നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. പിന്നാലെ വരുന്ന കാൾസൻ ഗുകേഷിന്റെ പുറത്ത് തട്ടി നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ ദൃശ്യത്തിൽ പ്രചാരണത്തിലുള്ള തരത്തിൽ ഗുകേഷിന് നേരെ തിരിയുന്ന കാൾസനെയോ കാൾസനെ പിടിച്ചുമാറ്റുന്ന വ്യക്തിയേയോ കാണാൻ സാധിക്കുന്നില്ല.  


കൂടുതൽ വ്യക്തതയ്ക്കായി മത്സരത്തിന്റെ ദൈർഘ്യമേറിയോ വീഡിയോ പതിപ്പ് പരിശോധിച്ചു. ചെസ് ബേസ് ഇന്ത്യ എന്ന ചാനലിൽ  2025 ജൂൺ 2ന് കാൾസനെ പരാജയപ്പെടുത്തി ഗുകേഷ് എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ മത്സരത്തിന്റെ അവസാന നിമിഷം നൽകിയിട്ടുണ്ട്. പരാജയപ്പെട്ട കാൾസൻ ചെസ് ബോർഡിലടിച്ച് ഓ മൈ ഗോഡ് എന്ന പറഞ്ഞെഴുന്നേൽക്കുന്നതും തിരിച്ച് ബോർഡിലെ കരുക്കൾ നേരെയാക്കുന്നതും കാണാം. സീറ്റിൽ നിന്നെഴുന്നേറ്റ ഗുകേഷ് മാറി നിൽക്കുന്നുണ്ട്. തൊട്ടുപിന്നാലെ പുറത്തേക്കിറങ്ങുന്ന കാൾസൻ ഗുകേഷിന്റെ പുറത്തുതട്ടിയാണ് നടന്നു നീങ്ങുന്നത്. ഫ്രേമിൽ ഒരു സ്ത്രീയേയും കാണാം. പ്രചാരണത്തിലുള്ള വീഡിയോയിലെ പുരുഷനെയോ കാൾസനെ പിടിച്ചുമാറ്റുന്നതോ ദൃശ്യത്തിലില്ല.

Full View

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലെയും യഥാർഥ വീഡിയോയിലെയും കീ ഫ്രേമുകൾ തമ്മിൽ താരതമ്യം ചെയ്തു. ഗുകേഷിനെ കാൾസൻ ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന ഭാഗത്ത് മറ്റൊരു വ്യക്തി കൂടി പ്രചരിക്കുന്ന വീഡിയോയിലുണ്ട്. എന്നാൽ യഥാർഥ വീഡിയോയിൽ അങ്ങനെ ഒരാളെ കാണുന്നില്ല.



വിശദമായ കീ വേഡ് പരിശോധനയിൽ കാൾസന്റെ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ചെസ്സ് ലോക ചാമ്പ്യനായ ഗുകേഷ് ദൊമ്മരാജു ആദ്യമായി ഒരു ക്ലാസിക്കൽ മത്സരത്തിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി, നിരാശനായി ചെസ് ബോർഡിലടിച്ച് ലോക ഒന്നാം നമ്പർ താരം എന്ന തലക്കെട്ടോടെയുള്ള ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ലഭിച്ചു. ഇത് നീക്കങ്ങളെക്കുറിച്ച് മാത്രമല്ല, ചിലർ വൈകാരികമാകുന്നു എന്നാണ് ഗുകേഷ് പ്രതികരിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലുണ്ട്.

നോർവെ ചെസ്സിൽ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോട് പരാജയപ്പെട്ട മുൻ ചാമ്പ്യൻ മാഗ്നസ് കാൾസൻ രോഷാകുലനായി ഗുകേഷിന് നേരെ തിരിയുന്ന ദൃശ്യമെന്ന തരത്തിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. മത്സര ശേഷം മാഗ്നസ് കാൾസൻ ദേശ്യത്തോടെ ചെസ് ബോർഡിൽ അടിക്കുന്നുണ്ടെങ്കിലും പിന്നീട് ഗുകേഷിന് കൈ കൊടുത്ത് പിരിയുകയാണ് ചെയ്തത്. ഗുകേഷിനോട് കാൾസൻ മോഷമായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ എഡിറ്റ് ചെയ്ത് നിർമിച്ചതാണെന്ന് വ്യക്തമായി.





Claim :  നോർവെ ചെസിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗുകേഷിനെ ആക്രമിച്ച് കാൾസൻ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News