ഫാക്ട് ചെക്ക്: വിഎസിന് ആദരമർപ്പിക്കാതെ കടന്നുപോകുന്ന പിണറായി? വാസ്തവമെന്ത്
അന്തിമോപചാരം പോലും അർപ്പിക്കാതെ പിണറായി വിജയൻ കടന്നുപോയെന്നാണ് പ്രചാരണം
വിഎസിന് ആദരമർപ്പിക്കാതെ കടന്നുപോകുന്ന പിണറായിയെന്ന് പ്രചാരണം
2025 ജൂലൈ 21നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചത്. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2025 ജൂലൈ 23ന് സ്വദേശമായ ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വി എസ്സിനെ സംസ്കരിച്ചത്. പുന്നപ്ര - വയലാർ സമര നായകൻ, സിപിഎം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്നിങ്ങനെ കേരള രാഷ്ട്രീയത്തിൽ വി എസ് വഹിച്ച പദവികൾ നിരവധിയാണ്. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി എസ്. 2001 - 2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു. പാർട്ടിക്കകത്ത് വിഭാഗീയത ഉടലെടുത്തപ്പോൾ വി എസ് അച്യുതാനന്ദൻ നിർഭയം നിലപാടിലുറച്ച് നിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോൾ മുതലുള്ള അസ്വാരസ്യങ്ങളും ചരിത്രമാണ്.
അതിനിടെ വി എസ്സിന്റെ മരണശേഷം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. വി എസ്സിന്റെ ഭൌതിക ശരീരം പൊതുദർശനത്തിന് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളെന്ന തരത്തിലാണ് പ്രചാരണം. മുഖ്യമന്ത്രി വി എസ്സിന് അന്ത്യാഭിവാദ്യം അർപ്പിക്കാതെ തിരിഞ്ഞുനടക്കുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പിറകെ മുഖ്യമന്ത്രി നടന്നു നീങ്ങുന്നത് കാണാം. പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
വി.എസ്സിന്റെ മരണശേഷം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രി അന്ത്യാഭിവാദ്യം അർപ്പിച്ചതിന് ശേഷമുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി നടന്നു നീങ്ങുന്നുണ്ട്. മുഖ്യമന്ത്രിക്ക് എസ്. രാമചന്ദ്രൻ പിള്ള വി.എസിന് അഭിവാദ്യമർപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ സിപിഎം നേതാവ് എളമരം കരീം റീത്ത് സമർപ്പിക്കുന്നതായി കാണാം. ദൃശ്യത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കാണാം. അവസാനമായി ഒരു നോക്കു കാണണമെന്ന ആഗ്രഹവമാണ്, അതാ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹം ആദരാഞ്ജലി അർപ്പിച്ച് കടന്നുപോകുന്നു എന്ന് വാർത്ത അവതാരകൻ പറയുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. വിഎസ് തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന വിവരം വന്നത് മുതൽ മാധ്യമങ്ങൾ തത്സമയ പ്രക്ഷേപണം നടത്തിയിരുന്നു. വി എസിനെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറിക്കൊപ്പം മുഖ്യമന്ത്രി ആശുപത്രിയിലെത്തിയ വിവരങ്ങളും മാധ്യമങ്ങളിൽ വന്നിരുന്നു. മരണം സ്ഥിരീകരിച്ചതിന് ശേഷം വിഎസ്സിന്റെ ഭൌതിക ശരീരം പൊതുദർശനത്തിനായി എകെജി പഠന ഗവേഷണ കേന്ദ്രത്തിലാണ് എത്തിച്ചു. പ്രചരിക്കുന്ന വീഡിയോ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ പരിശോധിച്ചു. 24 ന്യൂസ് നൽകിയ ദൃശ്യങ്ങളിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നതെന്ന് ക്യാമറ ആംഗിളിൽ നിന്ന് സൂചന ലഭിച്ചു. ഈ വീഡിയോയുടെ പൂർണമായ പതിപ്പിൽ 5:13 എന്ന ടൈംസ്റ്റാമ്പിൽ വിഎസിന് നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിച്ച് മടങ്ങുന്ന ദൃശ്യം കാണിക്കുന്നതിനിടെ പിണറായി മടങ്ങുന്നത് കാണിക്കുന്നുണ്ട്. ആളുകൾക്ക് പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണമെന്ന ആഗ്രഹമാണ് എന്ന് പറഞ്ഞതിന് ശേഷം റിപ്പോർട്ടർ അതാ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ച് കടന്നു പോകുന്നു എന്ന് പറയുന്നു. ഇതിൽ നിന്നും കട്ട് ചെയ്ത് എടുത്ത ഭാഗമാണ് ഇപ്പോൾ തെറ്റായി പ്രചരിക്കുന്നത്. വീഡിയോ ചുവടെ കാണാം.
മുഖ്യമന്ത്രി പിണറായി വിജയൻ വിഎസ് അച്യുതാനന്ദത് ആദരാഞ്ജലി അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾക്കായി നടത്തിയ കീവേഡ് പരിശോധനയിൽ നിരവധി റിപ്പോർട്ടുകൾ ലഭിച്ചു. എൻഡിടിവി നൽകിയ സെക്രട്ടേറിയറ്റിലെ പൊതുദർശനത്തിൽ നിന്നുള്ള എഎൻഐ ദൃശ്യത്തിൽ മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിക്കുന്നത് കാണാം.
ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ തുടക്കം മുതൽ പിണറായി ഒപ്പമുണ്ടായിരുന്നു. 'വിഎസിൻ്റെ അരികിൽ നിന്ന് മാറാതെ CM Pinarayi' എന്ന തലകെട്ടിൽ ന്യൂസ് 18 റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ മുഖ്യമന്ത്രി വിഎസിന്റെ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കുന്നതും അന്ത്യാഭിവാദ്യം നൽകുന്നതും കാണാം.
ലഭ്യമായ വിവരം പ്രകാരം വി.എസ്സിന്റെ മരണശേഷം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രി അന്ത്യാഭിവാദ്യം അർപ്പിച്ചതിന് ശേഷമുള്ള ദൃശ്യം എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്.