വസ്തുത പരിശോധന: ഇന്ദിര ഗാന്ധിയുടെ ഞെട്ടിക്കുന്ന ചെറുപ്പകാല ചിത്രങ്ങളോ?
പ്രചരിക്കുന്നത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങൾ
ഇന്ദിര ഗാന്ധിയുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ ചരിത്രവും
പ്രശസ്ത ബോളിവുഡ് താരവും ബിജെപി എം.പിയുമായ കങ്കണ റണാവത്തിന്റെ സിനിമ എമർജൻസി പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത വാദ പ്രതിവാദങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും അടിയന്തരാവസ്ഥക്കാലവും പ്രമേയമാക്കിയതാണ് എമർജൻസി. ഇന്ദിര ഗാന്ധിയായി സിനിമയിൽ വേഷമിട്ട കങ്കണ തന്നെയാണ് സിനിമ സംവിധാനം ചെയ്തതും. ഇന്ദിര ഗാന്ധിയെ ചുറ്റിപ്പറ്റിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ പ്രചാരണം. മുൻ പ്രധാനമന്ത്രിയുടെ ചെറുപ്പകാലത്തെ ഞെട്ടിക്കുന്ന ചിത്രങ്ങളെന്ന തരത്തിൽ നാല് ചിത്രങ്ങളാണ് വൈറലാവുന്നത്. നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ളതാണ് മൂന്ന് ചിത്രങ്ങളും. എക്സ് അക്കൌണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ നടിയും സംവിധായികയുമായ കങ്കണ റണാവത്തിനെയും ടാഗ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് എമർജൻസി സിനിമയിൽ മുൻ പ്രധാനമന്ത്രിയുടെ ജീവിതത്തിന്റെ ഈ വശം കാണിച്ചില്ലെന്നാണ് ചോദ്യം.
2025 ജനുവരി 17ന് പുറത്തിറങ്ങിയ കങ്കണ റണാവത്ത് സിനിമയക്ക് പ്രതീക്ഷിച്ച മുന്നേറ്റം ബോക്സോഫീസിൽ നടത്താനായില്ലെന്നും റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്. കങ്കണ റണാവത്തിന്റെ പ്രൊപഗാണ്ട സിനിമയിൽ ഇന്ദിര ഗാന്ധിയുടെ വേശ്യാവൃത്തിയെക്കുറിച്ചും പറയുന്നുണ്ടെന്ന് കരുതുന്നു. ദ മിത്രേക്കിൻ - ദ കെജിബി വേൾഡ് എന്ന പുസ്തകത്തിൽ സൂചിപ്പിച്ച, റഷ്യൻ, സോവിയറ്റ് യൂണിയൻ കെജിബി ഏജന്റുമാർക്കൊപ്പം കഴിഞ്ഞതും..തുടങ്ങിയാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഇന്ദിര ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്ന ചിത്രങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാണ്.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ പോസ്റ്റിന്റെ അടിക്കുറിപ്പിൽ സൂചിപ്പിച്ച പുസ്തകമായ ദ മിത്രോകിൻ - ദ കെജിബി വേൾഡ് എന്ന പുസ്തകത്തെ കുറിച്ച് അന്വേഷിച്ചു. വസിലി മിത്രോകിൻ, ക്രിസ്റ്റഫർ ആൻഡ്രൂ എന്നിവർ എഴുതിയ പെൻഗ്യുൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകമാണ് മിത്രോകിൻ ആർക്കൈവ് 2. സോവിയറ്റ് യൂണിയന്റെ സുരക്ഷ ഏജൻസിയായ കെജിബിയുടെ പ്രവർത്തനങ്ങളെ കുറിച്ചാണ് പ്രസ്തുത പുസ്തകം.
പുസ്തകത്തിന്റെ ലഭ്യമായ പിഡിഎഫ് കോപി പരിശോധിച്ചപ്പോൾ ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ട് ഭാഗങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് കണ്ടെത്തി. പതിനേഴാം അധ്യായത്തിൽ 'ഇന്ത്യയുമായുള്ള പ്രത്യേക ബന്ധം ഭാഗം 1: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആധിപത്യം', 'ഇന്ത്യയുമായുള്ള പ്രത്യേക ബന്ധം ഭാഗം 2: കോൺഗ്രസിൻ്റെ തകർച്ചയും പതനവും' എന്നിവയാണ് രണ്ട് ഭാഗങ്ങൾ. ഈ രണ്ട് ഭാഗങ്ങളിലും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് റഷ്യൻ ഉദ്യോഗസ്ഥരുമായുള്ള ഒരു ബന്ധത്തെക്കുറിച്ചും പരാമർശിക്കുന്നില്ല.
പുസ്തകത്തിൽ ഇന്ദിര ഗാന്ധിയുടെ ചിത്രങ്ങളുണ്ടോ എന്ന് പരിശോധിച്ചു. ഇൻഡക്സിൽ ഒരു ഛായചിത്രം നൽകിയിട്ടുണ്ട്. ഇല്യ ഗ്ലൂസ്നോവ് വരച്ച ചിത്രത്തിനടുത്ത് രണ്ട് പേർ നിൽക്കുന്ന ചിത്രമാണ് നൽകിയത്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളൊന്നും തന്നെ പുസ്തകത്തിലില്ലെന്ന് കണ്ടെത്താനായി. പ്രചരിക്കുന്ന ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് പരിശോധന നടത്തി. ഡിവൈൻ ആർട്ട് എന്ന വെബ്പേജിൽ സമാന ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ചിത്ര രചനകളും സിനിമയും അനിമും ഉൾപ്പടെയുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്ന വെബ്സൈറ്റാണ് ഡിവൈൻ ആർട്ട്. മെയ് 2023നാണ് ഹെർ സോഫ്റ്റർ സൈഡ് എന്ന അക്കൌണ്ടിൽ നിന്ന് ഇന്ദിര ഗാന്ധിയുടേതെന്ന് അവകാശപ്പെട്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം നിർമിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ എഐ ഡിറ്റക്ഷൻ വെബ്സൈറ്റായ ഹൈവ് മോഡറേഷനിൽ ചിത്രം പരിശോധിച്ചു.
ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഡിറ്റക്ഷൻ വെബ്സൈറ്റും സൂചന നൽകി. എഐ ഉപയോഗിച്ചിരിക്കാൻ 97.8 ശതമാനം സാധ്യതയാണ് ഡിറ്റക്ഷൻ വെബ്സൈറ്റായ ഹൈവ് മോഡറേഷൻ നൽകുന്ന വിവരം.
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ചതാണ്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ദിരയുടെ ചെറുപ്പകാലത്തെ ഞെട്ടിക്കുന്ന ചിത്രങ്ങളെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ നിർമിച്ചതെന്നും വസ്തുത പരിശോധനയിൽ വ്യക്തമായി.