ഫാക്ട് ചെക്ക്: അലക്സ് സോറസിൻ്റെ വിവാഹച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തോ?
സോറസ് - ഗാന്ധി ബന്ധത്തിൻ്റെ തെളിവെന്ന തരത്തിലാണ് പ്രചാരണം
അലക്സ് സോറസിൻ്റെ വിവാഹച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു എന്ന് പ്രചാരണം
ലോകത്തിലെ ശതകോടീശ്വരൻമാരിൽ ഒരാളാണ് ഹംഗേറിയൻ വംശജനായ ജോർജ് സോറോസ്. ജനാധിപത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും സാമ്പത്തിക സഹായം നൽകുന്ന ഫൗണ്ടേഷനുൾപ്പെടെ സോറസിന് 70 ലേറെ രാജ്യങ്ങളിൽ സ്ഥാപനങ്ങളുണ്ട്. ബിസിനസ് രംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും സോറോസിന് മുതൽമുടക്കുണ്ട്. ഹിൻഡൻബർഗ് റിപ്പോര്ട്ടിന് പിന്നാലെ അദാനി വിഷയത്തില്‍ നടത്തിയ പ്രതികരണം ശതകോടീശ്വരനായ ജോര്‍ജ് സോറോസിനെ അടുത്തിടെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ഗൗതം അദാനി നേരിടുന്ന കടുത്ത പ്രതിസന്ധി നരേന്ദ്രമോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനം സാധ്യമാകുമെന്നായിരുന്നു മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്ത് സംസാരിക്കവേ ജോര്‍ജ് സോറോസ് പറഞ്ഞത്. ഇതിന് പിന്നാലെ യു.എസ് ‘ഡീപ് സ്റ്റേറ്റി’ന്‍റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന ജോർജ് സോറോസിന്‍റെ പേരുമായും ഫൗണ്ടേഷനുമായും ബന്ധപ്പെടുത്തി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബി.ജെ.പി ആക്രമണം ആരംഭിച്ചു. വലിയ രാഷ്ട്രീയ ചേരിതിരിവിലേക്കാണ് ഇത് വഴിതെളിച്ചത്. സോറസിൽ നിന്ന് പണം കൈപ്പറ്റി രാജ്യത്തെ ജനാധിപത്യം രാഹുൽ ഗാന്ധി തകർക്കുന്നു എന്നത് ഉൾപ്പടെ ബിജെപി ആരോപിക്കുന്നുണ്ട്.
അതിനിടെ ജോർജ് സോറസിൻ്റെ മകൻ അലക്സാണ്ടർ സൊറോസിൻ്റെ വിവാഹ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുതെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുകയാണ്. സോറസ് - രാഹുൽ ഗാന്ധി ബന്ധത്തിൻ്റെ തെളിവെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
യുഎസ് ശതകോടീശ്വരൻ ജോർജ് സോറസിൻ്റെ മകൻ അലക്സാണ്ടർ സൊറോസിൻ്റെ വിവാഹ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. ചിത്രത്തിൽ വധുവിൻ്റെ കൈവിരലുകളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടു. അലക്സ് സൊറോസിൻ്റെ കൈകളിലും അസ്വാഭാവികത ഉള്ളതായി കാണുന്നുണ്ട്. ഇതിൽ നിന്നും ചിത്രം എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിച്ചു.
വൈറൽ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാനോ എന്നറിയാൻ എഐ സാന്നിധ്യം കണ്ടെത്തുന്ന ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ഹൈവ് മോഡറേഷൻ എന്ന ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, എഐ ഉപയോഗിച്ച് നിർമിച്ചതാകാനുള്ള സാധ്യത 99.9% ആണെന്ന് കണ്ടെത്തി.
വാസ്ഇറ്റ് എഐ എന്ന ഡിടെക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി.
വ്യക്തതക്കായി, അലക്സാണ്ടർ സോറസിൻ്റെ വിവാഹചടങ്ങിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചു. ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടിൽ അലക്സ് സൊറോസ് ഹുമ അബ്‌ദീൻ ദമ്പതികളുടെ വിവാഹ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ വൈറൽ ചിത്രത്തിലെ ദമ്പതികളുടെ വസ്ത്രം വ്യത്യസ്തമാണെന്ന് കണ്ടെത്തി.
കൂടുതൽ പരിശോധനയിൽ വോഗ് മാഗസിൻ ഹുമ അബെദിന്റെയും അലക്സാണ്ടർ സോറോസിന്റെയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതായി കണ്ടെത്തി. അതിൽ ചടങ്ങിൽ നിന്നുള്ള 83 ചിത്രങ്ങൾ ഉൾപ്പെടുന്നു.ഈ ഫോട്ടോകളിലൊന്നിലും രാഹുൽ ഗാന്ധിയുടെ ചിത്രം ഇല്ലെന്ന് വ്യക്തമായി. മാത്രമല്ല, ഹുമ ചടങ്ങിൽ രണ്ട് വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചിരുന്നു, എന്നാൽ ഇവയൊന്നും വൈറൽ ഫോട്ടോയിൽ അവർ ധരിച്ചിരിക്കുന്ന വസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല.
രാഹുൽ ഗാന്ധി അലക്സ് സോറസ് - ഹുമ അബ്ദീൻ വിവാഹ ചടങ്ങിൽ പങ്കെടുത്തെന്ന അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. രാഹുൽ പങ്കെടുതെന്ന് തെളിയിക്കുന്ന ചിത്രങ്ങളോ മറ്റ് വിവരങ്ങളോ തെലുഗുപോസ്റ്റ് നടത്തിയ അന്വേഷണത്തിൽ ലഭ്യമായില്ല. എന്നിരുന്നാലും രാഹുൽ പങ്കെടുതെന്ന അവകാശവാദത്തോടെ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാണ്.