ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് അപകടത്തിൽപെട്ട AI 171 വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യമോ?

ജീവനക്കാർ ചിത്രീകരിച്ച ദൃശ്യമാണ് അപകടത്തിൽ മരിച്ചവരുടേതാണെന്ന തരത്തിൽ പ്രചരിക്കുന്നത്

Update: 2025-06-15 11:55 GMT

അപകടത്തിൽപെട്ട AI 171 വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യമെന്ന് പ്രചാരണം


അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും വ്യോമയാന രംഗത്തെ വിദ്ഗ്ധരും സംഘത്തിലുണ്ട്. ജൂൺ 16നാണ് സമിതിയുടെ ആദ്യ യോഗം. ബോയിങ് 787 സീരീലെ 34 വിമാനങ്ങളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നതെന്നും ബോയിങ് വിമാനങ്ങളിൽ അധിക സുരക്ഷാപരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ മന്ത്രി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ജൂണ്‍ 12-ാം തീയതി രണ്ടുമണിക്കാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്  വിമാനം തകർന്നുവീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചിരുന്നില്ല. അപകടത്തിൽ വിമാനത്തിലുള്ള 241 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

അതിനിടെ അപകടത്തിൽ ജീവൻ പൊലിഞ്ഞ ജീവനക്കാരുടെ അവസാനദൃശ്യമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. എയർ ഇന്ത്യ ക്യാബിൻ ക്രൂവിന്റെ അവസാനദൃശ്യമെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.






 വസ്തുത പരിശോധന:

അഹമ്മദാബാദിൽ തകർന്ന AI-171 വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്നത് കൊല്ലപ്പെട്ട ജീവനക്കാരുടെ ദൃശ്യങ്ങളല്ല

വൈറൽ വീഡിയോയിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ യശസ്വി ശർമ്മ (@yashasviexplorer) എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ സമാന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ദീർഘദൂര ഫ്ലൈറ്റിന് മുൻപുള്ള പ്രചോദനം എന്ന വിവരണത്തോടെ 2025 ജൂൺ 09-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.   2025 ജൂൺ 12-ന് നടന്ന എയർ ഇന്ത്യ അപകടത്തിന് മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി. എയർ ഇന്ത്യ ജീവനക്കാരിയാണ് അക്കൌണ്ട് ഉടമയെന്ന സൂചന നൽകുന്ന നിരവധഇ പോസ്റ്റുകൾ പേജിലുണ്ട്



പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ യശസ്വി ശർമ  "ബന്ധപ്പെട്ടതിന് വളരെ നന്ദി. ഞാൻ സുരക്ഷിതയാണ്, ഇപ്പോൾ മുംബൈയിലാണ്. അപകടത്തിൽ നടുങ്ങിപ്പോയി, ഹൃദയം തകർന്നിരിക്കുന്നു. ഞങ്ങൾക്ക് ഇത് ബുദ്ധിമുട്ടേറിയ സമയമാണ്." എന്നാണ് കമന്റ് 




 ഇതോടെ ദൃശ്യത്തിലുള്ള ജീവനക്കാരായിരുന്നില്ല അപകടത്തിൽ പെട്ട് AI-171 ൽ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്.

2025 ജൂൺ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്ന എയർ ഇന്ത്യ ഫ്ലൈറ്റ് AI-171ലെ  12 ജീവനക്കാരാണ് മരിച്ചത്. പൈലറ്റ്, സഹപൈലറ്റ്, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ക്രൂ അംഗങ്ങളുടെ വിവരങ്ങൾ ദ ബ്രൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.  സുമീത് സബർവാളായിരുന്നു ക്യാപ്റ്റൻ. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ സഹപൈലറ്റായിരുന്നു. റോഷ്‌നി സോങ്‌ഹാരെ, ദീപക് പഥക്, സൈനീത ചക്രവർത്തി, നഗന്തോയ് കോങ്‌ബ്രൈലാത്പം ശർമ്മ, ശ്രദ്ധ ധവാൻ, അപർണ മഹാദിക്, മൈഥിലി പാട്ടീൽ, ഇർഫാൻ ഷെയ്ഖ്, ലാംനുന്തം സിംഗ്സൺ, മനീഷ താപ്പ എന്നിവരും മരിച്ച ജീവനക്കാരിൽ ഉൾപ്പെടുന്നു.



Full View


AI-171 വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ റിപ്പബ്ലിക് വേൾഡ് നൽകിയ റിപ്പോർട്ടിലുണ്ട്. എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ട 12 ക്രൂ അംഗങ്ങൾ ആരൊക്കെ?  വെറ്ററൻ ക്യാപ്റ്റൻ മുതൽ ട്രാവൽ ഇൻഫ്ലുവൻസറായ റോഷ്‌നി വരെ എന്ന തലക്കെട്ടോടെയാണ് വിശദമായ റിപ്പോർട്ട്

അഹമ്മദാബാദിൽ തകർന്ന AI-171 വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്നത് കൊല്ലപ്പെട്ട ജീവനക്കാരുടെ ദൃശ്യങ്ങളല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി


 


Claim :  അപകടത്തിൽപെട്ട AI 171 വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News