ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് ലഡാക്ക് പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളല്ല

സർക്കാർ കെട്ടിടങ്ങൾ നശിപ്പിച്ചെന്നും കയ്യേറിയെന്നും അവകാശപ്പെട്ടാണ് പോസ്റ്റുകൾ

Update: 2025-09-30 10:01 GMT

ലഡാക്കിലെ പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ച് സർക്കാർ കെട്ടിടം കയ്യേറുന്നുവെന്ന് പ്രചാരണം

2025 സെപ്റ്റംബർ 24-നാണ് ലഡാക്കിലെ ലേഹിൽ സംസ്ഥാന പദവിയും ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായത്. ലേ അപെക്സ് ബോഡിയെന്ന സംഘടനയുടെ അഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിനിടെ രണ്ട് പേരുടെ ആരോഗ്യസ്ഥിതി ചൊവ്വാഴ്ച വഷളായിരുന്നു. ഇതേതുടർന്ന് എൽഎബിയുടെ യുവജന വിഭാഗം ആഹ്വാനം ചെയ്ത ബന്ദിലാണ് പ്രതിഷേധം അക്രമാസക്തമായത്. നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. സെപ്റ്റംബർ 26ന് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഡാക്കിലെ പൂർവസ്ഥിതി പിനഃസ്ഥാപിക്കാതെ ചർച്ചയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ച ലേ അപെക്സ് ബോഡി പിൻമാറിയിരുന്നു. തൊട്ട് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മറുപടി.

അതിനിടെ ലഡാക്കിലെ പ്രതിഷേധ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. ഇത് നേപ്പാളല്ല ലഡാക്കാണ് എന്ന വിവരണത്തോടെ യുവാക്കൾ പൊതുസ്വത്ത് നശിപ്പിക്കുന്ന ദൃശ്യമാണ് വൈറലാവുന്നത്. പോസ്റ്റും ലിങ്കും ചുവടെ





 


വസ്തുത പരിശോധന:

ലഡാക്കിലെ പ്രതിഷേധ ദൃശ്യങ്ങളെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ യുവാക്കൾ തകർക്കുന്ന ഫലകത്തിൽ നേപ്പാൾ പതാക വ്യക്തമായി കാണാം.




 


കീ ഫ്രേമുകൾ ഉപയോഗിച്ച് ഗൂഗ്ൾ ലെൻസിലൂടെ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2025 സെപ്റ്റംബർ 13-ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. 2025 സെപ്റ്റംബർ 24-ന് നടന്ന ലഡാക്ക് പ്രതിഷേധത്തിന് മുമ്പുള്ള പോസ്റ്റിലെ വിവരണത്തിൽ വീഡിയോ നേപ്പാളിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നുണ്ട്. 

തുടർന്ന് നടത്തിയ പരിശോധനയിൽ വൈറൽ വീഡിയോയിൽ കാണുന്ന സമാന കെട്ടിടങ്ങൾ ഉൾപ്പെടുന്ന  നിരവധി പോസ്റ്റുകൾ കണ്ടെത്തി. പ്രസ്തുത നെപ്പാൾ സർക്കാർ, ആഭ്യന്തര മന്ത്രാലയം, ജില്ലാ ഭരണകാര്യാലയം, ഭാരത്പുർ, ചിത്വൻ എന്നിങ്ങനെ എഴുതിയാതായി കാണാം.


Full View

വൈറൽ വീഡിയോയുടെയും യഥാർഥ വീഡിയോയുടെയും താരതമ്യം ചുവടെ



കാഠ്മണ്ഡു പോസ്റ്റ്, റോയിട്ടേഴ്സ് ഉൾപ്പടെയുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2025 സെപ്റ്റംബർ 9-ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രതിഷേധത്തിൽ ചിത്വൻ ഉൾപ്പെടെ പല ജില്ലകളിലുമുള്ള പൊതു ഓഫീസുകളെയും രാഷ്ട്രീയ പാർട്ടി ഓഫീസുകളെയും ആക്രമിക്കുകയും കോടതികളും സർക്കാർ ഓഫീസുകളും കത്തിക്കുകയും ചെയ്തു. 2025 സെപ്റ്റംബർ 4-ന് 26 പ്രധാന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യവ്യാപകമായി യുവാക്കൾ നയിച്ച പ്രതിഷേധത്തിൽ സുരക്ഷാസേനയുമായുള്ള സംഘർഷത്തിൽ കുറഞ്ഞത് 72 പേർ കൊല്ലപ്പെടുകയും 2,100-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2025 സെപ്റ്റംബർ 9-ന് സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും, പ്രധാനമന്ത്രി കെ. പി. ശർമ്മ ഓലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടർന്നു. ഇതോടെ പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി മന്ത്രിമാർ രാജിവെച്ചു. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2026 മാർച്ച് 5-ന് പൊതു തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.

ഇതോടെ ലഡാക്കിലെ പ്രതിഷേധ ദൃശ്യങ്ങളെന്ന തരത്തിൽ  പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം ലഡാക്കിൽ നിന്നുള്ളതല്ലെന്നും നേപ്പാളിലെ സമൂഹമാധ്യമ നിരോധനത്തെ തുടർന്നുണ്ടായ ജെൻ സി പ്രതിഷേധത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.


 




Claim :  ലഡാക്കിലെ പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ച് സർക്കാർ കെട്ടിടം കയ്യേറുന്നു
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News