ഫാക്ട് ചെക്ക്: ഉദയ്പൂർ ഫയൽസിലെ അഭിനേതാവിന്റെ വീടിന് മുസ്ലിംകൾ തീവെച്ചോ?

ഉദയ്പൂർ ഫയൽസ് സിനിമയ്ക്കെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് പ്രചാരണം

Update: 2025-07-20 03:29 GMT

ഉദയ്പൂർ ഫയൽസിലെ അഭിനേതാവിന്റെ വീടിന് മുസ്ലിംകൾ തീവെച്ചെന്ന് പ്രചാരണം

 ഭരത് എസ് ശ്രീനാഥ്. ജയന്ത് സിൻഹ ചിത്രമായ ഉദയ്പൂർ ഫയൽസിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങൾ തുടരുകയാണ്. മുസ്ലിം സമൂഹത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ചിത്രമെന്ന് ആരോപിച്ച് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഡൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതോടെ കോടതി ചിത്രത്തിന്റെ പ്രദർശനം തടഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കേഷനെതിരെ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ പുനഃപരിശോധന നടത്തണമെന്ന് സിബിഎഫ്സിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സിബിഎഫ്സി തീരുമാനമെടുക്കുന്നതുവരെയാണ് പ്രദര്‍ശന വിലക്ക്. 2025 ജൂലൈ 11-നായിരുന്നു റിലീസ് തീരുമാനിച്ചത്. ചിത്രം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ 2025 ജൂലൈ 21ന് സുപ്രീംകോടതി പരിഗണിക്കും. മുസ്ലിം സമൂഹത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ചിത്രമെന്നും ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കുട്ടിയുമായി സ്വവര്‍ഗ്ഗ ലൈംഗികതയിലേര്‍പ്പെടുന്ന രംഗമുണ്ടെന്നും പ്രവാചകനായ മുഹമ്മദിനെ  വികലമായി ചിത്രീകരിക്കുന്നതുമാണ് സിനിമയെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയിൽ ഉന്നയിച്ചു. 2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. നടന്‍ വിജയ് റാസാണ് കനയ്യ ലാലായി വേഷമിടുന്നത്. 

അതിനിടെ സിനിമയിലെ അഭിനേതാവിന്റെ വീടിന് മുസ്ലിംകൾ തീവെച്ചെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. പോസ്റ്റും ലിങ്കും ചുവടെ





വസ്തുത പരിശോധന:

ഉദയ്പൂർ ഫയൽസ് സിനിമയിലെ അഭിനേതാവിൻ്റെ വീടിന് മുസ്ലിംകൾ തീവെച്ചന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രചരിക്കുന്ന ചിത്രത്തിൻ്റെ വസ്തുത അറിയാൻ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ soyelsilencioso എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2025 ജൂലൈ 05 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യുൾബർട്ട് ബാർബോസ എന്ന വ്യക്തിയെ പോലീസ് അബദ്ധത്തിൽ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ കൊളംബിയയിലെ ഉറിബിയയിലെ (ലാ ഗുവാജിറ) നസ്രേത്തിലെ നാട്ടുകാർ ഒരു പോലീസ് സ്റ്റേഷന് തീയിട്ടു (സ്പാനിഷിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട ബാർബോസ സഞ്ചരിച്ചിരുന്ന ട്രക്ക്, മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണത്തിൽ ഉപയോഗിച്ചിരുന്ന മറ്റൊരു ട്രക്കായി ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചെന്നും തുടർന്ന് നടന്ന വാക്കേറ്റത്തിന് ഇടയിൽ വെടിവെപ്പുണ്ടാവുകയും യുവാവ് കൊല്ലപ്പെടുകയുമായിരുന്നു എന്നാണ് അടിക്കുറിപ്പിലുള്ളത്.


ലഭ്യമായ വിവരം പ്രകാരം നടത്തിയ പരിശോധനയിൽ സമൂഹ മറ്റ് കൊളംബിയൻ അക്കൌണ്ടുകളിൽ ആക്രമണത്തിന്റെ മറ്റൊരു കോണിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചതായി കണ്ടെത്തി. സംഭവങ്ങളുടെ അതേ ക്രമം ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ വൈറൽ വീഡിയോയുമായി വളരെ സാമ്യമുള്ളതാണ്. കൊളംബിയയിലെ നസറെത്തിലാണ് സംഭവം നടന്നതെന്ന് പോസ്റ്റുകളിലെ വിവരണത്തിലുണ്ട്. ജൂലൈ 5ന് കൊളമ്പിയ ഓസ്കുറ എന്ന പേജിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഇപ്പോൾ പ്രചാരണത്തിലുള്ള വൈറൽ വീഡിയോയും ഉള്ളതായി കണ്ടെത്തി.

കൂടുതൽ പരിശോധനയിൽ കൊളംബിയയിലെ നിരവധി പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചു. ഈ റിപ്പോർട്ടുകൾ പ്രകാരം  2025 ജൂലൈ 04 ന്, ലാ ഗുവാജിറയിലെ നസറെത്തിൽ, പോലീസ് സ്റ്റേഷന് നേരെ മുമ്പ് നടന്ന ഒരു ആക്രമണത്തിൽ ഉപയോഗിച്ച വാഹനമാണെന്ന് തെറ്റിദ്ധരിച്ച് യുൾബർട്ട് ഫെർണാണ്ടസ് ബാർബോസയെന്ന യുവാവിനെ പോലീസ് വെടിവച്ചു കൊന്നു. അദ്ദേഹത്തിന്റെ മരണം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി, പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷന് തീയിട്ടു. ഗൾഫ് ക്ലാൻ, കോൺക്വിസ്റ്റഡോറസ് ഡി ലാ സിയറ നെവാഡ (ACSN) പോലുള്ള സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകൾ മൂലം പ്രദേശത്ത് വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിലാണ് സംഭവമെന്നും റിപ്പോർട്ടിലുണ്ട്. 

ഇതോടെ, റിലീസുമായി ബന്ധപ്പെട്ട് വിവാദമായ ഉദയ്പൂർ ഫയൽസ് സിനിമയിലെ അഭിനേതാവിൻ്റെ വീടിന് മുസ്ലിംകൾ തീവെച്ചെന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. മറിച്ച് കൊളംബിയയിലെ നസറെത്തിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.






Claim :  ഉദയ്പൂർ ഫയൽസിലെ അഭിനേതാവിന്റെ വീടിന് മുസ്ലിംകൾ തീവെച്ചു
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News