ഫാക്ട് ചെക്ക്: പാകിസ്താൻ ആക്രമണം ഞെട്ടലും ഭയവുമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞോ?
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ സംപ്രേഷണം ചെയ്യാത്ത ഭാഗമെന്ന തരത്തിലാണ് പ്രചാരണം
പാകിസ്താൻ ആക്രമണം ഞെട്ടലും ഭയവുമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞെന്ന് പ്രചാരണം
പാർലമെൻ്റ് വർഷകാല സമ്മേളനം തുടരുകയാണ്. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും ആയിരിക്കും പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് 100 ലധികം ഭീകരരെ വധിച്ചത് എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ ചർച്ച ആരംഭിച്ചത്. ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു.
ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയർത്തിയത്. പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് പ്രധാനമന്ത്രി മടിക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂറിനെ 1971-ലെ യുദ്ധവുമായി താരതമ്യം ചെയ്ത പ്രതിരോധമന്ത്രിക്ക് തെറ്റു പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ പാകിസ്താൻ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ ഭാഗമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യാത്ത പ്രസംഗത്തിന്റെ ഭാഗം എന്ന തരത്തിലാണ് പ്രചാരണം. പാകിസ്താൻ ആക്രമണത്തിൽ ഞെട്ടലും ഭയവും പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോയിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജീവൻ രക്ഷിക്കാൻ രാജ്യം വിടാൻ പദ്ധതിയിട്ടെന്നും മോദി പറയുന്നതായി കാണാം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടേണ്ടിവന്നുവെന്നും പ്രധാനമന്ത്രി പറയുന്നതായി ദൃശ്യത്തിലുണ്ട്.
പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടലും ഭയവും ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ശബ്ദവുമായി സാദൃശ്യം തോന്നുമെങ്കിലും അവതരണ രീതിയിലും വേഗതയിലും മാറ്റമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മ പരിശോധനയിൽ ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ടെന്ന് കാണാം. ശബ്ദം എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിച്ചു.
വൈറൽ വീഡിയോയിൽ സൻസദ് ടിവി ലോഗോയും, പഹൽഗാം ആക്രമണത്തിന് മറുപടിയായി നടത്തിയ വിജയകരവും നിർണായകവുമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയാണെന്ന് പറയുന്ന ഒരു ടിക്കറും കാണാം. 2025 ജൂലൈ 29 എന്നും ഇന്ത്യൻ സമയം 6:15 മുതൽ 6:17 PM വരെ എന്നും വീഡിയോയിലുണ്ട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ 2025 ജൂലൈ 29 ന് സൻസദ് ടിവി യൂട്യൂബിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കണ്ടെത്തി, ‘ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ സംസാരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
6:15 മുതൽ 6:17 PM വരെയുള്ള സമയത്തെ പ്രധാനമന്ത്രിയുടെ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചു. വൈറൽ വീഡിയോയിലുള്ള ഭാഗം യഥാർഥ വീഡിയോയിലില്ലെന്ന് വ്യക്തമായി. പകരം, ഈ പാർലമെന്റ് സമ്മേളനം വിജയ് ഉത്സവത്തിന്റെയും ഗൗരവ് ഗാനിന്റെയും ആഘോഷമാണെന്നും ഭീകരവാദ ആസ്ഥാനം പൊളിച്ചുമാറ്റിയതിന്റെ അടയാളമാണെന്നും പ്രധാനമന്ത്രി മോദി പറയുന്നത് കേൾക്കാം. ഇന്ത്യൻ സൈനികരുടെ ധീരതയെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. പ്രതിപക്ഷ വിമർശനവും മോദി ഉന്നയിക്കുന്നുണ്ട്. വൈറൽ വീഡിയോയിൽ പരാമർശിക്കുന്ന ഒരു ഭാഗവും ഇതിലില്ലെന്ന് വ്യക്തം.
പ്രചരിക്കുന്ന വീഡിയോയിലെ എഐ ഡീപ്ഫേക്ക് സാധ്യത പരിശോധിച്ചു. ഡീപ്‍വെയർ എഐ എന്ന എഐ ഡിറ്റക്ഷൻ സ്കാനറിലൂടെ വൈറൽ വീഡിയോ പരിശോധിച്ചപ്പോൾ ഭൂരിഭാഗം കീഫ്രേമുകളിലും ഡീഫ്ഫേക്ക് ഡിറ്റക്ട് ചെയ്യപ്പെട്ടു.
പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്കിടെ പാകിസ്താൻ ആക്രമണം ഞെട്ടലും ഭയവും ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെന്ന തരത്തിലുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണന്ന് കണ്ടെത്തി. പ്രധാനമന്ത്രിയുടെ പ്രതികരണം ഡീപ്ഫേക്കിലൂടെ എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതാണെന്ന് കണ്ടെത്തി.