ഫാക്ട് ചെക്ക്: രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തത് ജഡ്ജിയല്ല

ജാമ്യം നൽകിയ ജഡ്ജി രാഹുലിനൊപ്പം സെൽഫിയെടുത്തെന്നാണ് ആരോപണം

Update: 2025-07-17 02:32 GMT

മാനനഷ്ടക്കേസിൽ ഹാജരായ രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് ജഡ്ജിയെന്ന് പ്രചാരണം


2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. ലക്‌നൗവിലെ എംപി - എംഎല്‍എ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിലാണ് ജാമ്യം. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഡയറക്ടറായിരുന്ന ഉദയ് ശങ്കര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നും ഇതിനെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചോദ്യംചെയ്തില്ലെന്നുമാണ് ഉദയ് ശങ്കര്‍ പരാതിയില്‍ ഉന്നയിച്ചത്. ഇരുപതിനായിരം രൂപയുടെ സ്വന്തം ജാമ്യവും അതേ തുകയ്ക്കുളള രണ്ട് ആള്‍ ജാമ്യവും നില്‍ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അടുത്ത വാദം ആഗസ്റ്റ് 13-ന് നടക്കും. ലക്‌നൗവിലെ എംപി - എംഎല്‍എ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അലോക് വര്‍മയുടെ മുന്‍പാകെ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവുകയായിരുന്നു. നേരത്തെ നടന്ന അഞ്ച് ഹിയറിങ്ങുകളില്‍ അദ്ദേഹം ഹാജരായിരുന്നില്ല.

അതിനിടെ  ജാമ്യം അനുവദിച്ച ജഡ്ജി രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. ലക്നൌ കോടതിയിൽ രാഹുലിനൊപ്പം സെൽഫിയെടുത്ത് ഇരുപതിനായിരം രൂപയ്ക്ക് ജാമ്യം നൽകിയെന്ന ആരോപണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ:




 







വസ്തുത പരിശോധന:

മാനനഷ്ടക്കേസിൽ ജാമ്യം അനുവദിച്ച ജഡ്ജി രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. രാഹുലിനൊപ്പം സെൽഫിയെടുത്തത് ജഡ്ജിയല്ലെന്നും അഭിഭാഷകനാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത അറിയാൻ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന ചിത്രമുള്ള നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു.   ചിത്രത്തിലുള്ള വ്യക്തി 2025 ജൂലൈ 15 ന് ലക്നൌ എംപി - എംഎൽഎ പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച ജഡ്ജി അലോക് വർമ അല്ല എന്നും അഭിഭാഷകനായ സയ്യിദ് മസൂദ് ഹസനാണെന്നും ആണ് റിപ്പോർട്ടിലുള്ളത്. 2006 മുതൽ ലക്നൗ ജില്ലാ കോടതിയിലെ അഭിഭാഷകനാണ് സയ്യിദ് മഹ്മൂദ് ഹസൻ എന്നും റിപ്പോർട്ടിലുണ്ട്. 

ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ ലക്നൌ ബാർ അസോസിയേഷൻ വെബ്സൈറ്റിൽ സയ്യിദ് മസൂദ് ഹസന്റെ വിവരങ്ങൾ നൽകിയതായി കണ്ടെത്തി.  




 

തുടർന്ന് നടത്തിയ പരിശോധനയിൽ സയ്യിദ് മഹ്മൂദ് ഹസന്റെ ഫെയ്സബുക്ക് പ്രൊഫൈൽ ലഭ്യമായി. ഇതിൽ ബാർ കൌൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹ്മൂദ് ഹസന്റെ പോസ്റ്റിൽ അദ്ദേഹത്തിന്റെ ചിത്രമുണ്ട്. ഈ ചിത്രത്തിന് പ്രചരിക്കുന്ന ചിത്രവുമായി സാമ്യമുള്ളതായി കണ്ടെത്തി. വൈറൽ ഫോട്ടോയുടെയും അഭിഭാഷകനായ സയ്യിദ് മഹ്മൂദ് ഹസന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്ന് ലഭിച്ച ചിത്രത്തിന്റെയും താരതമ്യം ചുവടെ. 





മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച ജഡ്ജിയെ കുറിച്ച് പരിശോധിച്ചു. ലക്നൌ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലോക് വർമയാണ് ജാമ്യം അനുവദിച്ചതെന്ന മാധ്യമ റിപ്പോർട്ടുകളിലുണ്ട്.  തുടർന്ന് നടത്തിയ പരിശോധനയിൽ അലഹബാദ് ഹൈക്കോടതി വെബ്സൈറ്റിൽ  അലോക് വർമയുടെ വിവരങ്ങൾ നൽകിയതായി കണ്ടെത്തി. വെബ്സൈറ്റിൽ നൽകിയ ചിത്രവുമായി പ്രചരിക്കുന്ന ചിത്രത്തിന് സാമ്യതയില്ലെന്ന് വ്യക്തമാണ്. 

 



 

ഭാരത് ജോഡോ യാത്രയിൽ സൈനികർക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ ജാമ്യം അനുവദിച്ച ലക്നൌ എംഎൽഎ - എംപി കോടതി ജഡ്ജി രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. രാഹുലിനൊപ്പം സെൽഫിയെടുത്തത് ജാമ്യം നൽകിയ ജഡ്ജി അലോക് വർമയല്ലെന്നും അഭിഭാഷകനായ സയ്യിദ് മഹ്മൂദ് ഹസനാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

Claim :  മാനനഷ്ടക്കേസിൽ ഹാജരായ രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് ജഡ്ജി
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News