ഫാക്ട് ചെക്ക് : പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ നാല് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചോ?

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെ സൈന്യം വധിച്ചെന്ന് അവകാശപ്പെട്ടാണ് ദൃശ്യം പ്രചരിക്കുന്നത്

Update: 2025-04-29 03:46 GMT

പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ നാല് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചെന്ന് പ്രചാരണം

പഹൽഗാം ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ത്രാൽ കോകർനാഗ് മേഖലയിലെ നാലിടങ്ങളില്‍ നിന്ന് ഭീകരരെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്‌പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഭീകരര്‍ രാത്രിയില്‍ ഭക്ഷണം തേടി പഹല്‍ഗാമിലെ വീടുകളില്‍ എത്തിയെന്നാണ് സൂചന. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നതുൾപ്പടെ ഇന്ത്യയുടെ പ്രത്യാക്രമണം തുടരുകയാണ്. രാജ്യത്തുടനീളം റെയ്ഡും പുരോഗമിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്.  പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായാണ് ഗുജറാത്ത് സർക്കാർ അറിയിക്കുന്നത്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിക്കുകയാണ്.  ആക്രമണത്തിൽ പങ്കുള്ള നാല് ഭീകരരെ സൈന്യം വധിച്ചെന്നാണ് അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു റോഡിൽ സൈനിക വാഹനവ്യൂഹത്തിന് സമീപത്ത് ചുവന്ന തുണിയിൽ മരിച്ചെന്ന് തോന്നിക്കുന്ന ഒരാളെ ഉദ്യോഗസ്ഥർ ചുമന്നുകൊണ്ട് പോകുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.







 

Full View



 വസ്തുത പരിശോധന:

പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ നാല് ഭീകരരെ സൈന്യം വധിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2018ലെ സൈനിക ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വീഡിയോയാണ് പ്രചരിക്കുന്നത്.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ ദൃശ്യത്തിന്റെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2019ൽ സമാന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി. 2019 ഫെബ്രുവരി 17ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് ഭീകരരെ വധിച്ചെന്നാണ് വിവരണം. ക്ലീൻ അപ്പ് കാശ്മീർ എന്ന ഹാഷ്ടാഗോടെയുള്ള പോസ്റ്റ് ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണെന്ന് കണ്ടെത്തി. നിരവധി അക്കൌണ്ടുകളിൽ സമാന വീഡിയോ പുൽവാമ ആക്രമണത്തിന് ഉത്തരവാദികളായ മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്ന വിവരണത്തോടെ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. എന്നാൽ കൂടുതൽ പരിശോധനയിൽ  ഈ ദൃശ്യം പുൽവാമയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണമാണെന്ന് ബൂം നടത്തിയ വസ്തുത അന്വേഷണത്തിൽ കണ്ടെത്തിയതായി വ്യക്തമായി. കാശ്മീരിലെ പ്രാദേശിക ന്യൂസ് ചാനലായ കാശ്മീർ ന്യൂസ് 2018 ഡിസംബർ 9ന് എക്സ് പോസ്റ്റിൽ പ്രചാരണത്തിലുള്ള ദൃശ്യത്തിലെ കീ ഫ്രേം ഉപയോഗിച്ചതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിൽ സൈനികർ ചുവന്ന തുണിയിൽ എടുത്തുകൊണ്ടുപോവുന്ന മൃതദേഹത്തിന്റെ ചിത്രമാണ് ഉപയോഗിച്ചത്. ഒപ്പം മറ്റു രണ്ട് ചിത്രങ്ങളുമുണ്ട്. 

ബന്ദിപ്പൂർ ജില്ലയിലെ ഹാജിൻ പ്രദേശത്തു നിന്നുള്ള മുദാസിർ പരായ്, സാക്വിബ് മുഷ്താഖ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മൂന്നാമത്തെ ഭീകരൻ പാകിസ്താനിയായ അലി ഭായി ആണെന്നും 18 മണിക്കൂർ നീണ്ടുനിന്ന വെടിവയ്പ്പിൽ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത് ഇയാളാണെന്നും പൊലീസ് അറിയിച്ചു എന്നാണ് വിവരണം

ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ ദ കശ്മീർ പ്രസ് നൽകിയ റിപ്പോർട്ട് ലഭിച്ചു. മുജ്കുന്ദിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ പതിനാലുകാരനുമുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട മൂന്ന് പേരും ലഷ്കർ എ ത്വയ്ബ അംഗങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. സംഭവ സമയത്ത് സീ ന്യൂസ് നൽകിയ  വാർത്ത ലഭിച്ചു

Full View

വൺ  ഇന്ത്യ നൽകിയ റിപ്പോർട്ട് പ്രകാരം ഡിസംബർ 8ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി എബിപി ഇംഗ്ലീഷ് ഉൾപ്പടെ വാർത്ത നൽകിയതായി കണ്ടെത്തി.

പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ നാല് ഭീകരരെ സൈന്യം വധിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2018ൽ ജമ്മു കാശ്മീരിലെ ബന്ദിപ്പൂരിലെ മുജ്കന്ദിലുണ്ടായ സൈനിക ഏറ്റുമുട്ടലിൽ മൂന്ന് പേരെ സൈന്യം വധിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് വ്യക്തമായി.




Claim :  പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ നാല് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News