ഫാക്ട്ചെക്ക്: ഗുജറാത്തിൽ 157 സ്കൂളുകളിൽ പൂജ്യം വിജയശതമാനം? വാസ്തവമറിയാം

പത്താംക്ലാസ് ബോർഡ് പരീക്ഷാഫലമാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്

Update: 2025-04-17 04:36 GMT

ഗുജറാത്തിൽ 157 സ്കൂളുകളിൽ പൂജ്യം വിജയശതമാനമെന്ന് പ്രചാരണം

സ്കൂൾ വിദ്യാഭ്യാസത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് ഗുജറാത്ത് മോഡൽ. സ്കൂൾവിദ്യാഭ്യാസത്തിൽ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കിയ ‘ഗുജറാത്ത് മോഡൽ’ കേരളവും ഏറ്റെടുത്തതാണ്. ഇതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമായി അക്കാദമികനിരീക്ഷണത്തിനുള്ള വിദ്യാ സമീക്ഷാ കേന്ദ്രം (വി.എസ്.കെ.) സ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. 2019-ലാണ് ഗുജറാത്തിൽ വി.എസ്.കെ. തുടങ്ങിയത്. വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഓൺലൈൻ ഹാജർ, സ്കൂൾ മോണിറ്ററിങ് ആപ്ലിക്കേഷൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സോഫ്റ്റ്വേർ തുടങ്ങിയവ നടപ്പാക്കി. സ്കൂൾവിദ്യാഭ്യാസത്തിന്റെ സാങ്കേതികസംയോജനത്തിനുള്ള ഈ മാതൃക എൻ.ഇ.പി.യുടെ ഭാഗമായി കേന്ദ്രം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഗുജറാത്തിലെ വിദ്യാഭ്യാസ രംഗം ഗുണനിലവാരത്തിൽ പിന്നിലാണെന്ന് നീതി ആയോഗ് 2024ൽ പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. സുസ്ഥിര വികസന ലക്ഷ്യ ഇൻഡക്‌സിൽ ഏറെ പിന്നിലാണ് ഗുജറാത്ത്. കേരളമാണ് ഒന്നാമത്. അതിനിടെ, ഡിഎൻഎ എന്ന വാർത്താ വെബ്‌സൈറ്റിൽ വന്ന റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുയാണ്. ഗുജറാത്ത് ബോർഡ് ഫലം: 157 സ്‌കൂളുകളിൽ ആരും പത്താം ക്ലാസ് പാസായില്ല എന്ന തലക്കെട്ടോടെ നൽകിയ റിപ്പോർട്ടാണ് പ്രചരിക്കുന്നത്. 

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡൽ തകർന്നു - സംസ്ഥാനത്തുടനീളമുള്ള 157 സ്കൂളുകളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒരു വിദ്യാർത്ഥി പോലും വിജയിച്ചില്ല! ഇതാണോ ബിജെപിയുടെ വികസന ആശയം?

പുരോഗതിയെക്കുറിച്ച് അവർ വീമ്പിളക്കുമ്പോൾ, നമ്മുടെ കുട്ടികളുടെ ഭാവി ഇരുട്ടിലേക്ക് തള്ളപ്പെടുന്നു.

നമ്മുടെ വിദ്യാർത്ഥികളുടെ ഭാവി രക്ഷിക്കാൻ ബിജെപിയെ പുറത്താക്കുക.. എന്ന വിവരണത്തോടെയാണ്  പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ











 


 വസ്തുത പരിശോധന:

ഗുജറാത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ 157 സ്കൂളുകളിൽ ആരും വിജയിച്ചില്ലെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2023ലെ പരീക്ഷാഫലമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.

ഡിഎൻഎ എന്ന വാർത്ത വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് ചേർത്തുള്ള പ്രചാരണത്തിന്റെ വസ്തുത അറിയാൻ ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചോ എന്ന് പരിശോധിച്ചു.  മെയ് 11നാണ് ഫലപ്രഖ്യാപനത്തിന് സാധ്യതയെന്ന് ജിഎസ്ഇബി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പ്രചരിക്കുന്ന കണക്ക് 2024 - 2025 അക്കാദമിക വർഷത്തെ ഫലത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന സൂചന ലഭിച്ചു.



സ്ക്രീൻഷോട്ടിലെ കീ വേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2023 മെയ് 23ന് ഡിഎൻഎ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു 64.62 ശതമാനമാണ് 2023ൽഗുജറാത്ത് ബോർഡിന്റെ പത്താം ക്ലാസിലെ വിജയം. 272 സ്കൂളുകൾ 100 ശതമാനം വിജയം നേടിയപ്പോൾ 1084 സ്കൂളുകൾ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം. 157 സ്കൂളുകൾ പൂജ്യം വിജയശതമാനമാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ പ്രചരിക്കുന്നത് 2023ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷ ഫലമാണെന്ന് വ്യക്തമായി. കൂടുതൽ പരിശോധനയിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാഗ്വാദം നടന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രചാരണത്തിലുള്ള പോസ്റ്റ് എക്സിൽ പങ്കുവെക്കുകയും അരവിന്ദ് കെജ്രിവാൾ റീ ഷെയർ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലുണ്ട്. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയുടെ വിദ്യാഭ്യാസ മന്ത്രി പൻഷെരിയയുമാണ് രംഗത്തെത്തിയത്. വ്യാജ പ്രചാരണം നടത്തുന്ന നേതാക്കളെന്നാണ് പ്രതികരണം.

ഗുജറാത്തിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 157 സ്കൂളുകളിൽ ആരും വിജയിച്ചില്ലെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2022 - 2023 അക്കാദമിക വർഷത്തെ ബോർഡ് പരീക്ഷയുടെ ഫലവുമായി ബന്ധപ്പെട്ട് ഡിഎൻഎ നൽകിയ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

 


Tags:    

Similar News