ഫാക്ട് ചെക്ക്: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുസ്ലിം അംഗമോ?

ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ നിയമിക്കാൻ നിയമമില്ലെന്നിരിക്കെയാണ് പ്രചാരണം

Update: 2025-07-08 04:33 GMT

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുസ്ലിം അംഗത്തെ നിയമിച്ചെന്ന് പ്രചാരണം

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പടെ 12 ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാർക്കാണ് സ്ഥലംമാറ്റം നൽകിയത്. മൂന്ന് പേർക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്ഥലംമാറ്റം. പ്രതിപക്ഷ യൂണിയന് ലഭിച്ച പരിഗണന അംഗീകൃത യൂണിയന് ലഭിച്ചില്ലെന്നാണ് ആക്ഷേപം. അതിനിടെ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി മുസ്‍ലിം അംഗത്തെ നിയമിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുകയാണ്. ഇടുക്കി വള്ളിയാംകാവ് ദേവീക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ആര്‍ സൈനുദ്ദീനെ നിയമിച്ചുവെന്ന തരത്തില്‍ ഒരു പത്രവാര്‍ത്തയുടെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മുസ്‍ലിംകള്‍ ക്ഷേത്ര ഭരണസമിതിയിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുമെന്നും സര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദു സംഘടനകള്‍ സമരം ചെയ്യണമെന്നും ആഹ്വാനവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 

തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വള്ളിയാംകോട് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - ആർ സൈനുദ്ദീൻ. തന്റെ ദേവസ്വത്തിന് കീഴിലുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ അദ്ദേഹം തീരുമാനിക്കും. എന്നാൽ വഖഫ് ബോർഡിൽ ഒരു മുസ്ലീമല്ലാത്ത വ്യക്തിക്ക് പ്രവേശനമില്ല എന്ന വിവരണത്തോടെയാണ് പോസ്റ്റ്

പോസ്റ്റും ലിങ്കും ചുവടെ:







 

Full View



വസ്തുത പരിശോധന:

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി മുസ്‍ലിം അംഗത്തെ നിയമിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പത്രത്തിലെ അച്ചടിപ്പിശകാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ പത്രവാര്‍ത്ത പരിശോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിൽ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി എന്ന തലക്കെട്ടോടെയാണ് വാർത്ത. ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍മാര്‍ക്കാണ് സ്ഥലംമാറ്റം. മലയാലപ്പുഴ സ്വദേശി ആര്‍ സൈനുദ്ദീനാണ് വള്ളിയംകാവ് ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയതായി കാണാം. 

ലഭ്യമായ വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ മാതൃഭൂമി 2025 ജൂലൈ 5ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. പേരിന്റെ പേരിൽ വർഗീയ പ്രചാരണം എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്. ജീവനക്കാരന്റെ പേര് തെറ്റായി അച്ചടിച്ചുവന്നതിന്റെ പേരിൽ വർഗീയപ്രചാരണം നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡെന്നാണ് വാർത്ത. വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പേര് സൈനുരാജ് എന്നാണെന്നും ഒരു മാധ്യമത്തിൽ തെറ്റായി പേര് അച്ചടിച്ച് വന്നതായും അടുത്ത ദിവസം തിരുത്തിയതായും ദേവസ്വം ബോർഡ് അംഗങ്ങൾ പറഞ്ഞു. എന്നാൽ, ഇതരമതസ്ഥരെ ദേവസ്വം ബോർഡിൽ നിയമിച്ചെന്ന തരത്തിൽ ചില കേന്ദ്രങ്ങൾ വർഗീയ, വിദ്വേഷ പ്രചാരണം നടത്തുന്നതായി ബോർഡ് കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിൽ ഹിന്ദു വിഭാഗത്തിലുള്ളവർക്കു മാത്രമേ ജോലിചെയ്യാൻ നിയമമുള്ളൂ. ഇതു മറച്ചുവെച്ചുള്ള വർഗീയപ്രചാരണം തള്ളിക്കളയണമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവർ പറഞ്ഞു എന്നാണ് റിപ്പോർട്ട്.

കൂടുതൽ വ്യക്തതയ്ക്കായി വൈറൽ പോസ്റ്റിലെ പത്രവാർത്ത പരിശോധിച്ചു. പ്രചരിക്കുന്നത് മലയാള മനോരമ പത്രത്തിലെ റിപ്പോർട്ടാണെന്ന് ഫോണ്ടിൽ നിന്ന് സൂചന ലഭിച്ചു.  മലയാള മനോരമയുടെ കോട്ടയം ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ വാര്‍ത്തയില്‍ നല്‍കിയ പേരില്‍ തെറ്റ് സംഭവിച്ചതാണെന്നും വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പേര് കെ സൈനുരാജ് എന്നാണെന്നും മനോരമ അധികൃതര്‍ അറിയിച്ചു. ഇത് തൊട്ടടുത്ത ദിവസം തന്നെ തിരുത്തി പ്രസിദ്ധീകരിച്ചതായും അവര്‍ വ്യക്തമാക്കി.

വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി  കെ സൈനുരാജിനെ നിയമിച്ചു. ഇപ്പോൾ കൊട്ടാരക്കര ഗണപതി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. മലയാലപ്പുഴ സ്വദേശിയാണ്. ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ പേര് തെറ്റായി നൽകിയതിൽ ഖേദിക്കുന്നു  എന്ന റിപ്പോർട്ട് മലയാള മനോരമ തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.



സൈനുരാജ് എന്ന വ്യക്തിയെയാണ് ദേവസ്വം ബോര്‍ഡ് നിയമിച്ചതെന്നും മലയാള മനോരമ വാർത്ത തെറ്റാണെന്നും വ്യക്തമാക്കി ഹിന്ദു സേവാ കേന്ദ്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  വള്ളിയംകാവ് ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിതനായ സൈനുരാജ് മനോരമയിൽ വന്നപ്പോൾ ആർ. സൈനുദീനായി... എന്ന വിവരണത്തോടെയാണ് പോസ്റ്റ് 


Full View


തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി മുസ്‍ലിം അംഗത്തെ നിയമിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. മലയാള മനോരമ പത്രത്തിൽ വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പേര് കെ സൈനുദ്ദീൻ എന്ന് തെറ്റായി  അച്ചടിച്ച് വന്നതാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. പത്രം തൊട്ടടുത്ത ദിവസം തന്നെ തെറ്റ് തിരുത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

 



Claim :  തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുസ്ലിം അംഗം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News