ഫാക്ട് ചെക്ക്: തേജസ്വി യാദവിന് വേണ്ടി ബോളിവുഡ് നടൻ മനോജ് ബാജ്പേയിയുടെ പ്രചാരണ വീഡിയോ? വാസ്തവമറിയാം

ആമസോൺ പ്രൈമിന് വേണ്ടി ചിത്രീകരിച്ച പരസ്യ വീഡിയോ എഡിറ്റ് ചെയ്താണ് പ്രചാരണം

Update: 2025-10-23 04:07 GMT

നവംബർ ആറിനും 11നുമായി രണ്ട് ഘട്ടങ്ങളായാണ് ബിഹാർ തെരഞ്ഞെടുപ്പ്.  നവംബർ 14ന്‌ വോട്ടെണ്ണും. എൻഡിഎ നിലനിർത്തുമോ അതോ മഹാസഖ്യം അധികാരം പിടിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ ആർജെഡിയിൽ ഭിന്നത തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് തേജസ്വി യാദവ്. മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. മഹസഖ്യത്തിന്‍റെ മുഖം താന്‍ തന്നെയെന്ന് അവകാശപ്പെട്ടാണ് ബിഹാറിനെ താൻ നയിക്കുമെന്ന് തേജസ്വി യാദവ് ആവർത്തിച്ചത്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് പ്രതിമാസ സഹായമായി പതിനായിരം രൂപയാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സര്‍ക്കാരിന്‍റെ സന്നദ്ധ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപ തേജസ്വി പ്രതിമാസ സഹായമായി പ്രഖ്യാപിച്ചു. 13 മണ്ഡലങ്ങളിലാണ് നിലവിൽ മഹാസഖ്യ പോര്.  പിന്നോട്ടില്ലെന്ന സൂചന നൽകി നാമനിർദേശ പത്രികയുടെ സമയം കഴിഞ്ഞെന്നും തേജസ്വി പറഞ്ഞു. സീറ്റുകളുടെ കാര്യത്തിലും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലും കടുപിടുത്തം തുടരുന്ന തേജസ്വിയെ അനുനയിപ്പിക്കാന്‍ അശോക് ഗേലോട്ടും , സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കൃഷണ അല്ലാവരുവും വീട്ടിലെത്തി തേജസ്വി യാദവിനെ കണ്ടു. 

അതിനിടെ തേജസ്വി യാദവിന് വേണ്ടി ബോളിവുഡ് നടൻ മനോജ് ബാജ്പേയിയുടെ പ്രചാരണമെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. പോസ്റ്റും ലിങ്കും ചുവടെ




 




വസ്തുത പരിശോധന:

ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനായി ബോളിവുഡ് നടൻ മനോജ് ബാജ്പേയിയുടെ പ്രചാരണ വീഡിയോയെന്ന തരത്തിൽ പ്രചാരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. ആമസോൺ പ്രൈം പരസ്യ വീഡിയോ എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് വ്യക്തമായി

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മനോജ് ബാജ്പേയിയുടെ സംസാരവും ചുണ്ടനക്കവും വ്യത്യസമുള്ളതായി കാണാം. കൂടാതെ വീഡിയോയുടെ താഴെ വലത് കോണിൽ സ്പൂഫ് എന്ന വാട്ടർ മാർക്കും ശ്രദ്ധയിപ്പെട്ടു.




 തുടർന്ന് വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് ഗൂഗിൾ ലെൻസിലൂടെ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ ആമസോൺ പ്രൈം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. വൈറൽ വീഡിയോയും ആമസോൺ വീഡിയോയും താരതമ്യം ചെയ്യുമ്പോൾ ഇരു വീഡിയോകളിലെയും പശ്ചാത്തലം സമാനമാണെന്നും ഓഡിയോ വ്യത്യസ്തമാണെന്നും വ്യക്തമായി. 

വീഡിയോയുടെ യഥാർഥ പതിപ്പിൽ,  ഇക്കാലത്ത് നിങ്ങൾ ഏതൊക്കെ ഷോകളാണ് കാണുന്നതെന്ന് റിപ്പോർട്ടർ ചോദിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും ശുപാർശകൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കൂവെന്നാണ് ബാജ്പേയി മറുപടി നൽകുന്നുണ്ട്. ബാജ്‌പേയി ഏതൊക്കെ കാണണമെന്ന് ശുപാർശ ചെയ്യാൻ റിപ്പോർട്ടർ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു. തുടർന്ന്, നിരവധി ആളുകൾ ആമസോൺ പ്രൈം വീഡിയോകളിൽ ലഭ്യമായ വ്യത്യസ്ത ഷോകൾ ശുപാർശ ചെയ്യുന്നതായി കാണാം. 



വൈറൽ വീഡിയോയിൽ ചില തിരുത്തലുകളും ശ്രദ്ധയിപ്പെട്ടു. തേജസ്വി യാദവിന്റെ പ്രചാരണത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതിനായി കുറച്ച് രംഗങ്ങൾ മാറ്റിയിട്ടുണ്ട്. ഒരു ഫ്രെയിമിൽ, ഒരു സ്ത്രീ ബാജ്‌പേയിക്ക് ഒരു കാർഡ് നൽകുന്നുണ്ട്. യഥാർഥ വീഡിയോയിൽ ഫാർസി (ആമസോൺ പ്രൈം സീരീസ്) എന്നാണ്. തേജസ്വി യാദവിൻ്റെ പ്രചാരണ ചിത്രമാണ് പകരം ഉപയോഗിച്ചത്. ബാജ്‌പേയി തൻ്റെ ഫോൺ ഒരു എയർഹോസ്റ്റസിന് കാണിക്കുന്ന ഭാഗം മാറ്റി തേജസ്വി യാദവിൻ്റെ പ്രചാരണ പോസ്റ്ററാണ് ഫോണിൽ ചേർത്തിരിക്കുന്നത്.




 



 

തുടർ പരിശോധനയിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമോ വിശ്വസ്തതയോ ഇല്ലെന്ന് മനോജ് ബാജ്‌പേയി എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ആമസോൺ പ്രൈം വീഡിയോസിനായി ചിത്രീകരിച്ച ഒരു പ്രൊമോഷണൽ പരസ്യത്തിൽ നിന്ന് എഡിറ്റ് ചെയ്തതാണെന്നും ബാജ്‌പേയി സ്ഥിരീകരിച്ചു.



ഇതോടെ ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർജെഡി നേതാവ് തേജസ്വി യാദവിനായി ബോളിവുഡ് നടൻ മനോജ് ബാജ്പേയിയുടെ പ്രചാരണ വീഡിയോയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. ആമസോൺ  പ്രൈം പരസ്യ വീഡിയോ എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് വ്യക്തമായി

.



Claim :  ആർജെഡി നേതാവ് തേജസ്വി യാദവിന് വേണ്ടി ബോളിവുഡ് നടൻ മനോജ് ബാജ്പേയിയുടെ പ്രചാരണ വീഡിയോ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News