ഫാക്ട് ചെക്ക്: ഹിജാബ് ധരിക്കാത്തതിന് ഹിന്ദു സ്ത്രീയെ ബസില്‍നിന്ന് ഇറക്കിവിടുന്ന മുസ‍്‍ലിം പെണ്‍കുട്ടികള്‍? വാസ്തവമെന്ത്?
ബസിനകത്ത് ഒരു സ്ത്രീയുമായി കലഹിക്കുന്ന വിദ്യാർഥികളുടെ ദൃശ്യമാണ് പ്രചരിക്കുന്നത്
കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ സ്കൂൾ വിട്ട വിദ്യാർഥിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്നാണ് സ്കൂൾ മാനേജ്മെന്റ് നിലപാട്. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഹിജാബുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പ്രചാരണവും ശക്തമാവുകയാണ്.
കേരളത്തില്‍ ഇതരമതസ്ഥരെ ഹിജാബ് ധരിക്കാതെ ബസില്‍ യാത്രചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുകയാണ്. ഹിജാബ് ധരിക്കാതെ ബസിൽ യാത്ര ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഹിന്ദു സ്ത്രീയെ ഒരു കൂട്ടം മുസ്‍ലിം പെണ്‍കുട്ടികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സ്ത്രീയോട് കയര്‍ത്തു സംസാരിക്കുന്ന വിദ്യാർഥികളെയും ദൃശ്യങ്ങളില്‍ കാണാം. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഹിജാബ് ധരിക്കാതെ ഹിന്ദു സ്ത്രീയെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ലെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ എക്സിൽ 2023ൽ സമാന വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. കാസർകോട് കുമ്പളയിലെ കന്‍സ വനിതാ കോളജിലെ വിദ്യാര്‍ഥികൾ കോളജ് ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിക്കുന്നു എന്ന മറുപടിയുമായി സമാന വാദത്തോടെ 2023 ഒക്ടോബറിൽ വൈറലായ വീഡിയോ റീപോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2023 ഒക്ടോബർ 30ന് തെലുഗു പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
തുടർ പരിശോധനയിൽ വിദ്യാർഥികൾ ബസ് തടയുന്ന ദൃശ്യം റിപ്പോർട്ടർ ടിവി ഫേസ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോകുന്നത് പതിവായതോടെ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞുവെന്ന വിവരണത്തോടെ 2023 ഒക്ടോബറിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിശദമായ പരിശോധനയില്‍ ഈ വീഡിയോയിലെ ബസ് തന്നെയാണ് വൈറൽ വീഡിയോയിലേതെന്ന് വ്യക്തമായി. രണ്ട് വീഡിയോകളും ബസിൻ്റെ നമ്പര്‍ പ്ലേറ്റ്, പേര് തുടങ്ങിയവ സമാനമാണെന്ന് കണ്ടെത്തി. താരതമ്യം ചുവടെ.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ റിപ്പോര്‍ട്ടര്‍ ടിവി വെബ്സൈറ്റില്‍ നല്‍കിയ റിപ്പോർട്ട് ലഭിച്ചു. ബസ് കോളജ് സ്റ്റോപ്പില്‍ നിര്‍ത്താത്തതുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറില്‍ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. കുമ്പളയിലെ കന്‍സ വനിതാ കോളജിലെ വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്.
വിദ്യാര്‍ഥികള്‍ ബസിൽ കയറിയതിന് ശേഷം ബസിലുണ്ടായിരുന്ന സ്ത്രീ ബസ് തടഞ്ഞതിനെക്കുറിച്ച് വിദ്യാര്‍ഥികളെ ഉപദേശിക്കുകയും വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കുമ്പള പൊലീസ് അറിയിച്ചതായി 2023ലെ ന്യൂസ് മീറ്റർ റിപ്പോർട്ടിലുണ്ട്. ഇതിൽ മതപരമായ ഒന്നുമില്ലെന്നും പൊലീസ് അറിയിച്ചു.
ഇതോടെ ഹിന്ദു സ്ത്രീയെ ഹിജാബ് ധരിക്കാതെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ലെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. കാസർകോട് കുമ്പളയിൽ രണ്ട് വർഷം മുൻപ് ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ തർക്കത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി