ഫാക്ട് ചെക്ക്: പാകിസ്താൻ പതാക വഹിച്ച് മുദ്രാവാക്യമോ?

വഖഫ് ഭേദഗതി നിയമത്തിനെതിരായ മുസ്ലിം ലീഗ് റാലിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Update: 2025-04-21 03:07 GMT

പാകിസ്താൻ പതാക  വഹിച്ച്  കേരളത്തിൽ റാലിയെന്ന് പ്രചാരണം

 വഫഖ് ഭേദഗതി നിയമത്തിനെതിരായി മുസ്ലിം ലീഗിന്റേതടക്കം 73 ഹർജികൾ പരിഗണിച്ച സുപ്രിം കോടതി നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. അനുവദിച്ച സമയത്തിനുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരില്ലെന്നും കേന്ദ്രം സുപ്രിം കോടതിയിൽ അറിയിച്ചിട്ടുണ്ട്. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അതിനിടെ കേരളത്തിൽ പാകിസ്താൻ പതാക വഹിച്ച് പാകിസ്താൻ വസ്ത്രം ധരിച്ച് യുവാക്കൾ മുദ്രാവാക്യം വിളിക്കുന്നുവെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. അനൂപ് ആന്റണി ജോസഫ് എന്ന എക്സ് അക്കൌണ്ടിൽ സെക്കുലർ കേരള എന്ന അടിക്കുറിപ്പോടെ പോസ്റ്റ്  ചെയ്ത വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. പാകിസ്താൻ വസ്ത്രവും പാകിസ്താൻ പതാകയും മുദ്രാവാക്യവും പാകിസ്താനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ അല്ല മറിച്ച കേരളത്തിൽ നിന്നാണെന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.











വസ്തുത പരിശോധന:

പാകിസ്താൻ പതാക വഹിച്ച് പച്ച വസ്ത്രം ധരിച്ച് യുവാക്കൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നുവെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. യുവാക്കൾ വഹിക്കുന്നത് പാകിസ്താൻ പതാകയല്ലെന്നും ഐയുഎംഎൽ പതാകയാണെന്നും പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നില്ലെന്നും കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ ഇല്ല്യാസ് കക്കാടംപുറം എന്ന ഫേസ്ബുക്ക് പേജിൽ സമാന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2025 ഏപ്രിൽ 17നാണ് പോസ്റ്റ്.


Full View


2025 ഏപ്രിൽ 16ന് പങ്കുവെച്ച പോസ്റ്റുകളും ലഭിച്ചു.


Full View


ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരളയുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ഐയുഎംഎൽ കേരളയിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ ഏത് പരിപാടി ആണെങ്കിലും ഇവരില്ലാതെ പൂർണമാവില്ല..... പച്ചപ്പട ആറങ്ങാടി എന്ന അടിക്കുറിപ്പോടൊണ് പോസ്റ്റ്. ദൃശ്യം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ യുവാക്കൾ ധരിച്ച ടീ ഷർട്ടിൽ ആറങ്ങാടി എന്ന് എഴുതിയതായി കാണാം. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഗ്രാമമാണ് ആറങ്ങാടി. യുവാക്കൾ ധരിച്ച ടീ ഷർട്ടിൽ ഐയുഎംഎൽ എന്ന് എഴുതിയതായും കാണാം.




പച്ചയിൽ കുരുത്തതാ... പച്ചയായി പറഞ്ഞിടത്ത്...സിഎച്ചിന്റെ ചോരയാ...സിഎച്ചിന്റെ മക്കളാ...പാണക്കാട്ടെ മക്കളാ... എന്നിങ്ങനെയാണ് പതാകയുമായി യുവാക്കൾ മുദ്രാവാക്യം വിളിക്കുന്നത്. വീഡിയോയിലുള്ള പതാക പരിശോധിച്ചാൽ പച്ചയിൽ ചന്ദ്രക്കല - നക്ഷത്രമുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാകയാണെന്ന് വ്യക്തമാകും. വെള്ളയും പച്ചയും നിറമുള്ള ചന്ദ്രക്കല - നക്ഷത്രമടങ്ങിയതാണ് പാകിസ്താൻ പതാക. പാകിസ്താൻ പതാക വഹിച്ച് മുദ്രാവാക്യമെന്ന വാദം തെറ്റാണെന്ന് കണ്ടെത്തി.



വഖഫ് നിയമ ഭേദഗതിക്കെതിരെ 2025 ഏപ്രിൽ 16ന് കോഴിക്കോട് നടന്ന മുസ്ലിം ലീ​ഗ് റാലിയിൽ നിന്നാണ് പ്രസ്തുത വീഡിയോയെന്ന് ഇതിൽ നിന്ന് വ്യക്തമാകും. കീ വേഡ് പരിശോധനയിൽ റാലിയെക്കുറിച്ച് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ട് ലഭ്യമായി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. കേന്ദ്രസര്‍ക്കാരിന്‍റെ ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാകാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

Full View

കേരളത്തിൽ പച്ച വസ്ത്രം ധരിച്ച് പാകിസ്താൻ പതാകയുമായി യുവാക്കൾ പാകിസ്താൻ മുദ്രാവാക്യം വിളിക്കുന്നുവെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. 2025 ഏപ്രിൽ 16ന് മുസ്ലിം ലീഗ്  കോഴിക്കോട് സംഘടിപ്പിച്ച വഖഫ് ഭേദഗതി നിയമത്തിനെതിരായ റാലിയിൽ ഐയുഎംഎൽ പതാക വഹിച്ച് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. കാസർകോട് ആറങ്ങാടിയിൽ നിന്നുള്ള മുസ്ലിം ലീഗ് പ്രവർത്തകരാണ് വീഡിയോയിലെന്നും പാകിസ്താനുമായി ബന്ധപ്പെട്ട് ഒന്നും തന്നെ മുദ്രാവാക്യങ്ങളിലോ വസ്ത്രത്തിലോ പതാകയിലോ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Claim :  പാകിസ്താൻ പതാക വഹിച്ച് കേരളത്തിൽ റാലി
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News