ഫാക്ട് ചെക്ക്: ആയത്തുല്ല ഖൊമൈനി ദുഷ്ടനെന്ന് പാഠപുസ്തകത്തിൽ. വാസ്തവമെന്ത്?

ഇറാൻ മുൻ മത - രാഷ്ട്രീയ നേതാവിനെ 'ലോകത്തെ ഏറ്റവും ദുഷ്ടർ' എന്ന പാഠഭാഗത്താണ് പട്ടികപ്പെടുത്തിയത്

Update: 2025-07-21 03:45 GMT

ആയത്തുല്ല ഖൊമൈനി ദുഷ്ടനെന്ന് ഇന്ത്യയിലെ പാഠപുസ്തകത്തിലെന്ന് പ്രചാരണം



1979 ജനുവരിയിൽ മുഹമ്മദ് റെസ പഹലവി ( ഷാ ) സർക്കാരിന്റെ പതനത്തോടെ വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുല്ല റൂഹുല്ല ഖൊമൈനി രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രീയ, മത നേതാവായി ഖൊമൈനി  നിയമിക്കപ്പെടുകയും ചെയ്തു. രാജ്യത്തുടനീളം ഇസ്ലാമിക നിയമം നിലവിൽ വന്നു. അമേരിക്കൻ ആധിപത്യത്തിനെതിരെ ഖൊമൈനിയുടെ നിലപാടാണ്  വിദ്യാർഥികളുടെ ഇറാൻ വിപ്ലവത്തിലേക്ക് നയിച്ചത്. 1989 ജൂൺ 4 ന് ഖൊമൈനി അന്തരിച്ചു. ആയത്തുല്ല അലി ഖാംനഈയാണ് ഇപ്പോൾ ഇറാൻ പരമോന്നത നേതാവ്. ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണവും ഇറാൻ പ്രത്യാക്രമണവും വെടിനിർത്തലിനും പിന്നാലെ ഇറാൻ പരമോന്നത നേതൃത്വം ചർച്ചയാവുകയാണ്.

അതിനിടെ ഇന്ത്യയിലെ പാഠപുസ്തകത്തിൽ ലോകത്തിലെ ഏറ്റവും ദുഷ്ടൻമാർ എന്ന പാഠഭാഗത്ത് ആദ്യത്തെ വ്യക്തിയായി ഇറാൻ മുൻ മത - രാഷട്രീയ നേതാവായ ആയത്തുല്ല ഖൊമൈനിയെ നൽകിയത് സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുകയാണ്.

ഇന്ത്യൻ സ്കൂൾ പാഠപുസ്തകങ്ങളിൽ, എക്കാലത്തെയും ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായി ഖൊമേനിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.



 



 


വസ്തുത പരിശോധന: 

ലോകത്തിലെ ഏറ്റവും ദുഷ്ടൻമാർ എന്ന പാഠഭാഗത്ത് ആദ്യത്തെ വ്യക്തിയായി ഇറാൻ മുൻ മത - രാഷട്രീയ നേതാവായ ആയത്തുല്ല ഖൊമൈനിയെ ഇന്ത്യയിലെ പാഠപുസ്തകത്തിലെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. 2024 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലേതാണ് ഭാഗം. വിവാദമായതോടെ പ്രസാധകർ ക്ഷമാപണം നടത്തിതായി കണ്ടെത്തി

പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ  2024 ഏപ്രിലിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ ദ വയർ പ്രസിദ്ധീകരിച്ച  വാർത്താ റിപ്പോർട്ട് ലഭിച്ചു.  ആറാം ക്ലാസ് പാഠപുസ്തകത്തിൽ "ലോകത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ" ഒരാളായി ഖൊമൈനിയുടെ പേര് ഉൾപ്പെടുത്തിയത് ജമ്മു കശ്മീരിൽ ഒരു വിവാദത്തിന് തിരികൊളുത്തിയെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രസാധകരായ അക്യുബർ ബുക്സ് ഇന്റർനാഷണലിന്റേതാണ് പാഠപുസ്തകമെന്നും റിപ്പോർട്ടിലുണ്ട്. ഇറാനിയൻ നേതാവിന്റെ നിന്ദ്യമായ ചിത്രീകരണത്തിന് ക്ഷമാപണം നടത്തിയ പ്രസാധകർ തെറ്റ് തിരുത്തുമെന്ന് ഉറപ്പ് നൽകിയതായും ദ വയർ റിപ്പോർട്ടിലുണ്ട്. 'ദാറ്റ്സ് റൈറ്റ് - 6' എന്ന സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന  പൊതുവിജ്ഞാന പുസ്തകത്തിലാണ് ഉത്തരകൊറിയയുടെ മുൻ ഏകാധിപതി കിം ഇൽ-സുങ്ങിനും, രാജ്യത്തെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ച ജപ്പാന്റെ മുൻ ചക്രവർത്തി ഹിരോഹിതോയ്ക്കുമൊപ്പം "ലോകത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ" ഒരാളായി ഖൊമൈനിയെ പ്രസാധകർ പട്ടികപ്പെടുത്തിയത്. യുപിയിലെയും ഡൽഹിയിലെയും സ്വകാര്യ സ്കൂളുകളിലാണ് പ്രസ്തുത പുസ്തകം പഠിപ്പിക്കുന്നത്.




 പുസ്തകത്തിന്റെ ഉള്ളടക്കം നേരത്തെ നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT), ജമ്മു കശ്മീർ ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ (BOSE) എന്നിവയുടെതായി നേരത്തെ പ്രചരിച്ചിരുന്നുവെന്ന്   ഗ്രേറ്റർ കശ്മീർ റിപ്പോർട്ട് ചെയ്തു. പ്രസാധകർ തങ്ങളുടെ തെറ്റിന്റെ ഗൗരവം അംഗീകരിച്ചതായും ഇത്തരം തെറ്റായ വ്യാഖ്യാനങ്ങൾ സത്യത്തെയും നീതിയെയും ദുർബലപ്പെടുത്തുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഇതോടെ പ്രചരിക്കുന്ന പാഠപുസ്തകത്തിലെ ഭാഗം ഔദ്യോഗിക പാഠപുസ്തകത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.

ലോകത്തിലെ ഏറ്റവും ദുഷ്ടൻമാർ എന്ന പാഠഭാഗത്ത്  ഇറാൻ മുൻ മത - രാഷട്രീയ നേതാവായ ആയത്തുല്ല ഖൊമൈനിയെ ഇന്ത്യയിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2024 ഏപ്രിലിൽ സ്വാകര്യ പാഠപുസ്തക പ്രസാധകരായ അക്യുബർ ബുക്സ് ഇന്റർനാഷണൽ  പ്രസിദ്ധീകരിച്ച പുസ്തകത്തിലേതാണ് പ്രചരിക്കുന്ന ഭാഗം. ഉത്തരകൊറിയയുടെ മുൻ ഏകാധിപതി കിം ഇൽ-സുങ്ങിനും, ജപ്പാൻ മുൻ ചക്രവർത്തി ഹിരോഹിതോയ്ക്കുമൊപ്പം "ലോകത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ" ഖൊമൈനിയെ ഉൾപ്പെടുത്തിയത് വിവാദമായതോടെ പ്രസാധകർ ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു. നേരത്തെ എൻസിആർടി, ബിഒഎസ്ഇ എന്നിവയുടെ പുസതകമെന്ന തരത്തിലും പാഠഭാഗം പ്രചരിച്ചിരുന്നു. എന്നാൽ ഡൽഹിയിലെയും യുപിയിലെയും സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്ന പുസ്തകത്തിലാണ് പ്രസ്തുത ഭാഗം വന്നത്.


Claim :  ആയത്തുല്ല ഖൊമൈനി ദുഷ്ടനെന്ന് ഇന്ത്യയിലെ പാഠപുസ്തകത്തിൽ
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News