ഫാക്ട് ചെക്ക്: അടിയന്തരാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ സതംഭിച്ചിരിക്കുന്ന ഇന്ദിരാഗാന്ധി? പ്രചാരണം വ്യാജം
അടിയന്തരാവസ്ഥ ഏർപ്പെടുത്തി നിങ്ങൾ ആരുടെ ജനാധിപത്യത്തെയാണ് രക്ഷിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നാണ് പ്രചാരണം
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ യഥാർത്ഥ അഭിമുഖമെന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്. അടിയന്താരവസ്ഥയെക്കുറിച്ച് ചോദിക്കുമ്പോൾ ഉത്തരം മുട്ടുന്ന ഇന്ദിരാഗാന്ധിയെന്നാണ് പ്രചാരണം. അടിയന്തരാവസ്ഥ ഏർപ്പെടുത്തി നിങ്ങൾ ആരുടെ ജനാധിപത്യത്തെയാണ് രക്ഷിച്ചത് - രാജ്യത്തിൻ്റെയോ അതോ നിങ്ങളുടെ കസേരയോ? എന്ന് അഭിമുഖം ചെയ്യുന്നയാൾ ചോദിക്കുമ്പോൾ പ്രതികരിക്കാതെ ഇരിക്കുന്ന ഇന്ദിരാഗാന്ധിയാണ് വീഡിയോയിലുള്ളത്.
1975 ജൂൺ 25 അർദ്ധരാത്രിയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം പ്രസിഡൻ്റ് ഫക്രുദ്ദീൻ അലി അഹമ്മദാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആർട്ടിക്കിൾ 352 പ്രകാരമായിരുന്നു പ്രഖ്യാപനം. ആഭ്യന്തര പ്രശ്നങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്താരാവസ്ഥയ്ക്ക് അനുമതി തേടിയത്. മാധ്യമങ്ങൾക്ക് കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തി. പല പ്രതിപക്ഷ നേതാക്കളെയും തുറങ്കിലടിച്ചു. പല സംഘടനകളും നിരോധിക്കപ്പെട്ടു, ആയിരക്കണക്കിന് പേർ കസ്റ്റഡിയിലായി. ഇത് 1977 മാർച്ച് 21 വരെ, അതായത് 21 മാസക്കാലം നീണ്ടുനിന്നു. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിടുകയായിരുന്നു.
വൈറൽ പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
അടിയന്തരാവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം മുട്ടുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണ്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ പോസ്റ്റിലെ അവകാശവാദത്തെ കുറിച്ച് കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. “അടിയന്തരാവസ്ഥ ഏർപ്പെടുത്തി, നിങ്ങൾ ആരുടെ ജനാധിപത്യത്തെയാണ് രക്ഷിച്ചത്, രാജ്യത്തിന്റെയോ നിങ്ങളുടെ കസേരയുടെയോ?” എന്ന ചോദ്യം ഇന്ദിരാഗാന്ധിയോട് ചോദിക്കപ്പെട്ടതായി റിപ്പോർട്ടുകളോ ആർക്കൈവുകളോ കണ്ടെത്താനായില്ല. എന്നാൽ ബിബിസി അപ്ലോഡ് ചെയ്ത ഇന്ദിരാഗാന്ധിയുടെ 1975 ലെ ഒരു അഭിമുഖം ലഭിച്ചു. 2025 ജൂൺ 28 നാണ് ബിബിസി ന്യൂസ് ഹിന്ദിയുടെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിയന്താരാവസ്ഥ ഏർപ്പെടുത്താനുള്ള തൻ്റെ തീരുമാനത്തെ ഇന്ദിരാഗാന്ധി ന്യായീകരിക്കുന്നതാണ് അഭിമുഖത്തിൽ. താൻ ആരുടെയും അവകാശങ്ങൾ കവർന്നിട്ടില്ലെന്നും ഭരണഘടന ഉറപ്പാക്കുന്ന അധികാര പരിധിയിൽ നിന്നാണ് പ്രവർത്തിച്ചതെന്നും ഇന്ദിര പറയുന്നുണ്ട്. അമ്പത് വർഷങ്ങൾക്ക് മുമ്പ്, 1975 ജൂണിലാണ്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ നിരവധി പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു. 1975 സെപ്റ്റംബറിൽ മാധ്യമ പ്രവർത്തകനായ പോൾ സാൾട്ട്സ്മാനുമായുള്ള അഭിമുഖത്തിൽ, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തൻ്റെ തീരുമാനത്തെ ഇന്ദിരാഗാന്ധി ന്യായീകരിക്കുകയായിരുന്നു. ആ അഭിമുഖത്തിൽ നിന്നുള്ള ചില പ്രധാന ഭാഗങ്ങളാണെന്ന് ബിബിസി പോസ്റ്റിൻ്റെ വിവരണത്തിൽ നൽകിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രിയെ അഭിമുഖം ചെയ്യുന്ന വ്യക്തിയും വൈറൽ വീഡിയോയിലെ വ്യക്തിയും വ്യത്യസ്തമാണ്. വൈറൽ ക്ലിപ്പിൽ കാണുന്ന അതേ സാരി ധരിച്ച ഇന്ദിരാഗാന്ധിയുടെ ഫോട്ടോയോ വീഡിയോയോ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അഭിമുഖം നടത്തിയയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇന്ദിരാഗാന്ധിയുടെ മറ്റ് അഭിമുഖങ്ങൾ പരിശോധിച്ചെങ്കിലും വൈറൽ വീഡിയോയുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അഭിമുഖം ചെയ്യുന്നയാളുടെ ശരീര ഭാഷയും ലിപ്സിങ്കിലെ വ്യത്യാസവും വീഡിയോ വ്യാജമാണോയെന്ന സൂചന നൽകുന്നുണ്ട്. വീഡിയോയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യത പരിശോധിക്കാൻ ഹൈവ് മോഡറേഷൻ, ഹിയ എന്നീ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് വീഡിയോ പരിശോധിച്ചു. 100 ശതമാനം വീഡിയോ ഡീപ്ഫേക്കാണെന്ന് ഹിയ കണ്ടെത്തി.
ശതമാനം എഐ സാന്നിധ്യം ഹൈവ് മോഡറേഷനും തിരിച്ചറിഞ്ഞു.
ഇതോടെ, അടിയന്തരാവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാതെയിരിക്കുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി.